ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Tuesday, 30 June 2020

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2005


                   എൻസിഇആർടി (NCERT) പുറത്തിറക്കിയ വിദ്യാഭ്യാസ മാനദണ്ഡങ്ങളടങ്ങിയ രേഖയാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ട് അഥവാ എൻസിഎഫ്. 1988,2000,2005 എന്നീ വർഷങ്ങളിലാണ് ഇത് പ്രസിദ്ധീകരിച്ചത്.വിദ്യാർഥികളുടെ അറിവും കഴിവും വികസിപ്പിക്കാൻ വേണ്ടി അധ്യാപകർ ചെയ്യേണ്ട കാര്യങ്ങളാണ് പാഠ്യപദ്ധതിയിൽ പരാമർശിക്കുന്നത് .  ഇന്ത്യയിലെ വിദ്യാഭ്യാസ സബ്രദായത്തിൽ പഠന പദ്ധതി, പാഠപുസ്തകം, അധ്യാപന രീതികൾ തുടങ്ങിയവ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച വ്യക്തമായ മാർഗനിർദ്ദേശം ഇതിലൂടെ നൽകുന്നു. ഭാരമില്ലാത്ത പഠനം എന്ന നയത്തെയാണ് 2005 ലെ എൻസിഎഫിലെ നിർദ്ദേശങ്ങൾ ഊന്നൽ നൽകുന്നത്.അതെസമയം 1986-1992 ലെ ദേശീയ വിദ്യാഭ്യാസ നയം ഗ്രൂപ്പ് ചർച്ചകളുടെ പ്രാധാന്യത്തെ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന്‌ 2004 ജൂലൈ 19 നാണ്‌ എൻ.സി.ഇ.ആർ.ടി നിലവിലുണ്ടായിരുന്ന ദേശീയ പാഠ്യപദ്ധതി രൂപരേഖ പരിഷ്‌കരിക്കാൻ തീരുമാന മെടുത്തത്‌. പ്രൊഫ.യശ്‌പാൽ ചെയർമാനും പ്രൊഫ.എം.എ.ഖാദർ മെമ്പർ സെക്രട്ടറിയുമായ പ്രസ്‌തുത സ്റ്റിയറിങ്ങ്‌ കമ്മിറ്റിയും വിദഗ്‌ധർ അംഗങ്ങളായ ഫോക്കസ്‌ ഗ്രൂപ്പുകളും ചേർന്നാണ്‌ 2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. സിബിഎസ്ഇ സ്കൂളുകളിലേക്കും സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ള സ്കൂളുകളിലേക്കും പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും തയ്യാറാക്കുന്നത് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചാണ്

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (NCF - 2005) അഞ്ച്‌ അടിസ്ഥാന തത്വങ്ങളെയാണ്‌ പാഠ്യപദ്ധതി രൂപീകരണത്തിൽ അടിസ്ഥാനമാക്കിയത്‌

 

·       അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം

·       പഠനത്തെ മനപ്പാഠരീതിയിൽ നിന്നും മോചിപ്പിക്കണം

·       പാഠ്യപദ്ധതിയെ പാഠപുസ്‌തകകേന്ദ്രീകൃതമല്ലാത്തതും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന്‌ ഊന്നൽ നൽകുന്നതു മാക്കണം

·       പരീക്ഷകളെ കൂടുതൽ വഴക്കമുള്ളതും ക്ലാസ്‌റൂം അനുഭവങ്ങ ളുമായി ബന്ധപ്പട്ടതുമാക്കി മാറ്റണം

·       ജനാധിപത്യസംവിധാനത്തിന്‌ അനുസൃതമായ ദൃഢമായ വ്യക്തിത്വം കുട്ടികളിൽ വളർത്തണം

·       അറിവിനെ കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ വിമർശനാത്മകബോധനത്തെ ദേശീയ പാഠ്യ പദ്ധതിയുടെ ജീവശ്വാസമാക്കാനുള്ള തീരുമാനത്തിൽ പാഠ്യപദ്ധതി നിർമാതാക്കൾ എത്തിയത്‌. വർഗം, വർണം, ലിംഗം എന്നിങ്ങനെ കുട്ടികളുടെ ലോകത്തെ വ്യത്യസ്‌തമാക്കുന്ന നിരവധി ഘടകങ്ങൾ ചരിത്രത്തിൽ ആദ്യമായി പല പാഠങ്ങളുടെയും ഉള്ളടക്കത്തെ നിർണയിച്ചു.

·       അവസരതുല്യത, നീതി, സ്വാതന്ത്ര്യം, മറ്റുള്ളവരുടെ നൻമ പരി ഗണിക്കൽ, മതനിരപേക്ഷത, മനുഷ്യമഹത്വത്തെയും അവകാശങ്ങളെയും മാനിക്കൽ തുടങ്ങിയവയോട്‌ പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കണം

·       മൂല്യാധിഷ്‌ഠിതമായ തീരുമാനങ്ങൾ വ്യക്തിഗതമായും കൂട്ടായും എടുക്കുന്നതിനുള്ള കഴിവ്‌ വികസിക്കാനുതകുന്ന സ്വതന്ത്രചിന്തയും പ്രവർത്തനസന്ദർങ്ങളും ഒരുക്കണം

·       പഠിക്കാൻ പഠിക്കാനും, പഠിച്ചത്‌ തെറ്റെങ്കിൽ മാറ്റിപ്പഠിക്കാനുമുള്ള കഴിവുകൾ കുട്ടികളിൽ വളർത്തണം

·       തൊഴിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലെടുക്കാനും സാമ്പത്തികപ്രക്രിയകളിൽഏർപ്പെടാനും സാമൂഹ്യമാറ്റങ്ങളിൽ പങ്കെടുക്കാനും കുട്ടികളെ പ്രാപ്‌തരാക്കണം

·       കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കാനും സൗന്ദര്യാസ്വാദനശേഷി വളർത്താനും ശ്രമിക്കണം

·       ഇത്തരം ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഉൽപന്നം മാത്രം ലക്ഷ്യ മാക്കുന്ന പഴയ വിദ്യാഭ്യാസരീതി ഉപേക്ഷിക്കണമെന്നും അതിന്റെ സ്ഥാനത്ത്‌ ജ്ഞാനനിർമിതിയിൽ ഊന്നിയ പുതിയ സമീപനം സ്വീകരിക്കണമെന്നും രേഖ അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കുന്നു.

·       തുടർച്ചയായതും സമഗ്രവുമായ മൂല്യനിർണയത്തെ ഒരു സമീപന മായി മുന്നോട്ടുവെക്കാനും ഗ്രേഡിങ്ങ്‌ നടപ്പിലാക്കാനും ഈ രേഖ നിർദേശിക്കുകയുണ്ടായി

·       ഭാഷ - മൂന്ന് ഭാഷ സമവാക്യം.( Three Language Formula)

ആദ്യ ഭാഷ മാതൃഭാഷ അല്ലെങ്കിൽ പ്രാദേശിക ഭാഷ ആയിരിക്കണം.

രണ്ടാം ഭാഷ - ഹിന്ദി

മൂന്നാം ഭാഷ - ഇംഗ്ലീഷ് അല്ലെങ്കിൽ ഒരു ആധുനിക ഇന്ത്യൻ ഭാഷ



അവലംബം https://wiki.kssp.inകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007


                   2005 ലെ ദേശീയ കരിക്കുലം ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള ശ്രമം നടന്നത്‌ 2007 ലാണ്‌. എൻ.സി.ഇ.ആർ.ടിയുടെ ധന സഹായവും പിന്തുണയും ഉപയോഗിച്ച്‌ വിവിധ ഡയറ്റുകളുടെ നേതൃത്വത്തിലാണ്‌്‌ പാഠ്യപദ്ധതി അവലോകനം നടന്നത്‌. ഈ അവലോകനറിപ്പോർട്ടുകൾ ക്രോഡീകരിച്ച്‌ അവതരിപ്പിച്ച വർക്ക്‌ഷോപ്പുകളിൽ നിന്നാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007 യഥാർഥത്തിൽ രൂപംകൊണ്ടത്‌. 2005 ൽ രൂപീകരിക്കപ്പെട്ട ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ( NCF - 2005) ചുവടുപിടിച്ച് 2007 -ൽ തയ്യാറാക്കിയ കേരള പാഠ്യപദ്ധതിയാണ് ( KCF - 2007) കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007 എന്നറിയപ്പെടുന്നത്. 1996 - 97 കാലഘടത്തിൽ തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ സ്വാഭാവികമായ ഒരു തുടർച്ചയായി ഇതിനെ കാണാം. അന്നുമുതൽ നടപ്പിലായ പല കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശയാവതരണരീതി , ഉദ്ഗ്രഥിത സമീപനം , ബഹുമുഖമായ ബുദ്ധിയുടെ വികാസം , അറിവിന്റെ നിർമ്മാണം തുടങ്ങിയ സമീപനങ്ങൾ ഇതിന്റെ ഭാഗമായി വന്നതാണ്

              എൻ.സി.ഇ.ആർ.ടിയുടെ ദേശീയ കരിക്കുലത്തിൽ നിർദേശിക്കപ്പെട്ട വിദ്യാർഥികേന്ദ്രിതവും പ്രക്രിയാബന്ധിതവുമായ ചട്ടക്കൂടാണ്‌ കേരള പാഠ്യപദ്ധതിയും ആധാരമാക്കിയത്‌. പാഠ്യപദ്ധതിയെ സമൂഹബന്ധിതമാക്കാനും സമൂഹത്തിലെ അധഃസ്ഥിതരായ സ്‌ത്രീകൾ, ആദിവാസികൾ, ദളിതർ തുടങ്ങിയവരുടെ പ്രശ്‌നങ്ങളും വീക്ഷണങ്ങളും കൂടി ഉൾപ്പെടുന്ന പാഠ്യപദ്ധതി നിർമിക്കാനുമുള്ള നിർദേശങ്ങൾ ദേശീയ പാഠ്യപദ്ധതിയിൽ തന്നെ അടങ്ങിയിരുന്നു. പ്രാദേശിക വൈവിധ്യങ്ങൾ എങ്ങനെ ഉൾപ്പെടുത്തണമെന്നും ദേശീയകരിക്കുലം നിർദേശിച്ചിരുന്നു. ദേശീയ പാഠ്യപദ്ധതി രൂപരേഖയിലുള്ള വിമർശനാത്മക ബോധനശാസ്‌ത്രവും ജ്ഞാനനിർ മിതിവാദവും തന്നെയാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും ഉപയോഗിച്ചതെന്നു കാണാം.

                   ദേശീയ കരിക്കുലം പ്രമേയാധിഷ്‌ഠിതമായ (thematic) സങ്കേതങ്ങളാണ്‌ പാഠ്യപദ്ധതി നിർമാണത്തിന്‌ നിർദേശിച്ചത്‌. വിദ്യാർഥി, സാമൂഹ്യമായ വളർച്ചയുടെ ഭാഗമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നാണ്‌ പ്രമേയങ്ങൾ രൂപപ്പെടുത്തേണ്ടതെന്ന സാമൂഹ്യ നിർമിതിവാദപരമായ നിലപാടാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്‌ ഉപയോഗിച്ചത്‌. ദേശീയകരിക്കുലം നിർദേശിച്ച വിമർശനാത്മക ബോധനശാസ്‌ത്രത്തെ കൂടുതൽ ക്രിയാത്മകമായി രൂപപ്പെടുത്താൻ ഇതു സഹായിച്ചു. ഓരോ പ്രമേയത്തിന്റെയും ഉള്ളടക്കത്തോടൊപ്പം അതിനെ സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക പാഠങ്ങൾ (Local text) ഉൾപ്പെടുത്താനും ഇത്‌ ഉപകരിച്ചു.

                       പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായി സുപ്രധാനമായ പല നിർദേശങ്ങളുമുണ്ടായി. എട്ടാം സ്റ്റാൻഡേർഡിനെ പ്രൈമറിതല പാഠ്യ പദ്ധതിയിൽ നിന്നുള്ള പരിവർത്തനഘട്ടമായി ഉപയോഗപ്പെടുത്തണമെന്ന്‌ നിർദേശിക്കപ്പെട്ടു. വിദ്യാർഥികൾ പ്രദർശിപ്പിക്കുന്ന അഭിരുചികളുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ അവർക്ക്‌ ചില വിഷയങ്ങളിൽ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക്‌ പോകാൻ അവസരം നൽകണമെന്നും നിർദേശിക്കപ്പെട്ടു. സെക്കണ്ടറിയും ഹയർസെക്കണ്ടറിയും ഒറ്റ ഘടനയുടെ ഭാഗമാക്കണമെന്നുള്ള നിർദേശവും ഉണ്ടായി.

                             പ്രോജക്ടുകൾ, അസൈൻമെന്റുകൾ തുടങ്ങിയവയിലൂടെയുള്ള പഠനരീതി പഠനത്തെ നിരന്തരമായ പ്രക്രിയയാക്കി. അത്‌ വിദ്യാർഥികളുടെ മൊത്തം പ്രകടനത്തെ വൻതോതിലുയർത്തി.

കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് – 2007-സമീപനങ്ങൾ

            കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക- രാഷ്ട്രീയ പ്രശ്‌നങ്ങളെ വിലയിരുത്തി, (കെ.സി.എഫ് - 2007). ഈ പ്രശ്‌നങ്ങളെ വിശകലനം ചെയ്ത് എട്ട് പ്രശ്‌നമേഖലകളിലായി ക്രോഡീകരിക്കുന്നു

1. വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.

2. അധ്വാനശേഷി വികാസത്തിന്റെ അഭാവം.

3. സാംസ്‌കാരികത്തനിമയെ കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെ കുറിച്ചുമുള്ള 

    ധാരണക്കുറവ്.

4. കൃഷി ഒരു സംസ്‌കാരമായി കാണാത്ത അവസ്ഥ.

5. ശാസ്ത്രീയമായ ആരോഗ്യ- പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം.

6. പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ലായ്മ.

7. ശാസ്ത്രീയമായ സ്ഥല- ജലമാനേജ്‌മെന്റിന്റെ അഭാവം.

8. പരിസ്ഥിതി സൗഹൃദപരമായ വ്യവസായവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും അഭാവം.

 

അവലംബം https://wiki.kssp.inകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാഷാധ്യാപനം:സാമാന്യ തത്ത്വങ്ങള്‍


 മറ്റു വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് ഭാഷാധ്യാപനത്തിൽ സ്വീകരിക്കേണ്ടത്. സമർത്ഥമായ രീതിയിൽ ഭാഷ പ്രയോഗിക്കാനുള്ള കഴിവ് സമ്പാദിക്കുകയാണ് ആത്യന്തികലക്ഷ്യം. നമ്മുടെ അന്തർഗതം മറ്റുള്ളവരെ പറഞ്ഞു ധരിപ്പിച്ചാൽ മാത്രം പോര ,ഭാഷയുടെ ശക്തി കൊണ്ട് അവരെ സ്വാധീനിക്കാനും കൂടി കഴിയണം. അങ്ങനെയുള്ളവരാണ് ജനാധിപത്യസംവിധാനത്തിൽ സമൂഹത്തെ നയിക്കാൻ ശേഷിയുള്ളവർ ആയി മാറുന്നത് .അതുകൊണ്ട് ഭാഷാബോധന ലക്ഷ്യത്തിലെത്തിച്ചേരാൻ ചതുര്‍വിധ നൈപുണികള്‍ വികസിക്കേണ്ടതുണ്ട്. ശ്രവണം ,ഭാഷണം ,വായന, ലേഖനം എന്നിവയാണ് അവ. വെറുതെയുള്ള കേള്‍വി അല്ല ശ്രവണം,അര്‍ത്ഥഗ്രഹണത്തോടെ കാര്യങ്ങൾ മനസ്സിലാക്കുകയാണ്. വായനയിലേക്കും എഴുത്തിലേക്കും നയിക്കണം.

 

 ഭാഷ ഒരു കലയാണ്

ഭാഷ ഒരു കലയാണ്, ശാസ്ത്രമല്ല .ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും സംസ്കരിക്കലും ആണ് കലയുടെ ധർമ്മം. ശാസ്ത്രത്തിൻറെ ലക്ഷ്യം ബുദ്ധി വികസനമാണ്. കല ഹൃദയത്തോടും ശാസ്ത്രം തലച്ചോറിനോടും ആണ്സംവദിക്കുന്നത്. ശാസ്ത്രത്തില്‍ ചില നിയമങ്ങളും സംഹിതകളും ഉണ്ട് . കലകൾക്ക് എല്ലാം ആധാരമായി ചില നിയമങ്ങളുണ്ട്. ഭാഷാപ്രയോഗങ്ങള്‍ക്കും ഉണ്ട് ശാസ്ത്രം. ഈ നിയമങ്ങൾ ഉരുവിട്ടു പഠിച്ചതു  കൊണ്ട് മാത്രം ഭാഷാപ്രയോഗ സാമർത്ഥ്യം ഉണ്ടാവില്ല.ഇത് നിരന്തരമായ ആവർത്തനത്തിലൂടെയും അഭ്യാസനത്തിലൂടെയുമാണ്സാധിക്കുക. നല്ല ശീലങ്ങള്‍ മനുഷ്യന് ഗുണകരമാണ് .അതുപോലെതന്നെ ഭാഷയും ഒരു ശീലമായി വളർത്തി എടുക്കാന്‍ സാധിക്കണം.

 

വസ്തു ബോധം: കുട്ടികൾക്ക് ആദ്യമായി ഉണ്ടാകുന്നത് വസ്തു ബോധമാണ് .നേരിട്ട് കണ്ട കാര്യങ്ങൾ മനസ്സിൽ വേഗത്തിൽ പതിയുന്നു. കേൾക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മറക്കുന്നു .പദപരിചയം ഉണ്ടാകുന്നതിനു മുമ്പ് പദത്താൽ സൂചിതമാകുന്ന വസ്തുവിനെ കുറിച്ചുള്ള ബോധം കുട്ടികൾക്ക് ഉണ്ടാകണം. നാമപദങ്ങളാണ് കുട്ടികളെ ആദ്യമായി പരിചയപ്പെടുത്തേണ്ടത്. ക്രമേണ ക്രിയ, കർമ്മം, വിശേഷണം എന്നിവയാകാം.

 

അനുകരണം: ഭാഷാബോധനത്തിൽ അനുകരണം വളരെ പ്രാധാന്യമർഹിക്കുന്നു. മുതിർന്നവർ പറയുന്നത് കേട്ട് അത് അനുകരിച്ച് ആവർത്തിക്കുക കുട്ടികളുടെ ശീലമാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ അവർ അനുകരിക്കാറുണ്ട് .അനുകരണസ്വഭാവമുള്ളവരാണ് കുട്ടികൾ എന്നതുകൊണ്ട് മുതിർന്നവർ സംസാരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഭാഷാപ്രയോഗങ്ങൾ തെറ്റോ ശരിയോ എന്ന വിവേചനമില്ലാതെ ആണ്കുട്ടികൾ അനുകരിക്കുന്നത്. മുതിർന്നവരുടെ സംഭാഷണ വേളയിൽ ശരിയായ പദപ്രയോഗങ്ങളെ കടന്നുവരാവുള്ളൂ. കുട്ടികളുടെ മുമ്പാകെ അശ്ലീല ചുവയുള്ള പദങ്ങളും ആശയങ്ങളും സംസാരിക്കാൻ ഇടവരരുത്.

 

ആവര്‍ത്തനം:കുട്ടികൾക്ക് ശരിയായ മാതൃക നൽകുകയും അത് ആവർത്തിക്കുകയും വേണം. ആവർത്തനത്തിലൂടെ ഭാഷ ഉറപ്പിക്കാൻ കഴിയണം.

 

പാഠ്യപദ്ധതി രൂപീകരണചരിത്രം


         മതം, ജാതി, സാമൂഹ്യപദവി തുടങ്ങിയവയാൽ നിർണയിക്കപ്പെട്ട വിദ്യാഭ്യാസമാണ്‌ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്‌. മിഷനറിമാരും വൈദേശിക ഭരണാധികാരികളും കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസം ഈ അടിത്തറക്ക്‌ മാറ്റം വരുത്തി. ഭാഷ, പ്രകൃതിശാസ്‌ത്രം, ഗണിതം തുടങ്ങിയവ മുഖ്യവിഷയങ്ങളായി. പാഠപുസ്‌തകത്തിൽ അധിഷ്‌ഠിതവും അധ്യാപകനെ കേന്ദ്രീകരിച്ചുള്ളതും പരീക്ഷയ്‌ക്ക്‌ പ്രാധാന്യമുള്ളതുമായ ആധുനിക സ്‌കൂൾ വിദ്യാഭ്യാസരീതി പശ്ചാത്യരുടെ സംഭാവനയായിരുന്നു.

              സമാന്തരമായി, പൂർവകാലത്തു തന്നെ എല്ലാവരെയും സ്‌കൂളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും കേരളത്തിൽ ശക്തമായിരുന്നു. സ്‌കൂളുകൾ നാട്ടിലെങ്ങും സ്ഥാപിക്കാൻ ഭരണാധികാരികളും സാമുദായിക സംഘടനകളും വ്യക്തികളും ശ്രമിച്ചതും ഗ്രാന്റ്‌ ഇൻ എയിഡ്‌ സമ്പ്രദായം നേരത്തെ നിലവിൽ വന്നതും ഇതിനു സഹായകമായി. ജാതിവിവേചനത്തിന്റെയും ആഢ്യത്തത്തിന്റെയും മതിലുകൾ തകർത്ത്‌ ജാതിമതലിംഗഭേദമന്യേ എല്ലാവർക്കും സ്‌കൂളിന്റെ വാതിലുകൾ തുറന്നുകിട്ടാൻ നിരവധി സമരങ്ങൾ ഇവിടെ നടന്നു. നവോത്ഥാന ചിന്തകളിലൂടെയും ദേശീയ പ്രസ്ഥാനത്തിലൂടെയും രൂപപ്പെട്ട പുതിയ കേരളം ജനകീയ സർക്കാരുകളുടെയും അതത്‌ പ്രദേശത്തെ ജന ങ്ങളുടെയും കൂട്ടായ്‌മയിൽ വിദ്യാഭ്യാസത്തെ സാർവത്രികമാക്കുന്നതിൽ വിജയം നേടി.

              വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും രീതിശാസ്‌ത്രവും നവീകരിക്കാനായിരുന്നു സ്റ്റേറ്റ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എജ്യുക്കേഷനും എൻ.സി.ഇ.ആർ.ടിയും സ്ഥാപിതമായത്‌. 1958, 1964, 1971, 1984 വർഷങ്ങളിൽ പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ബാഹ്യമായ ചില മിനുക്കലുകൾ മാത്രമായി ചുരുങ്ങി.

            1994-95ൽ ആരംഭിച്ച MLL (മിനിമം ലെവൽ ഓഫ്‌ ലേർണിങ്ങ്‌) പദ്ധതി വലിയ തോതിലുള്ള പ്രതീക്ഷകൾ തുടക്കത്തിൽ നൽകിയിരുന്നു. എന്നാൽ യാന്ത്രികമായ പഠനം, രേഖീയരീതിയിലുള്ള ശേഷീ വികസനം, വലിപ്പം കൂടിയ പാഠപുസ്‌തകങ്ങൾ, ശ്രമകരമായ പരീക്ഷ എന്നിവ അതിന്റെ പോരായ്‌മകളായിരുന്നു.

                   ഗുണകരമായ ഒരു മാറ്റത്തിനുള്ള ആഗ്രഹം വിദ്യാഭ്യാസപ്രവർത്തകർക്കിടയിൽ ശക്തിപ്പെട്ടുവന്ന ഈയൊരു പശ്ചാത്തലത്തിലാണ്‌ ഡി.പി.ഇ.പിയിലെ ഗുണമേന്മ ഉയർത്തുന്നതിനുള്ള ധനവിഹിതം ഉപയോഗിച്ചുകൊണ്ട്‌ കേരളത്തിന്‌ ഇണങ്ങുന്ന ഒരു പാഠ്യപദ്ധതി യുണ്ടാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌.

1976-ൽ ഒരു ഭരണഘടനാ ഭേദഗതി വഴിയാണ്‌ സംസ്ഥാന ലിസ്റ്റിൽ പെട്ട വിദ്യാഭ്യാസം സംയുക്ത ലിസ്റ്റിൽ (Concurrent list) ഉൾപ്പെടുത്തുന്നത്‌

 1986-ൽ ഇന്ത്യൻ പാർലിമെന്റ്‌ പാസാക്കിയതും 1992-ൽ ഭേദഗതി വരുത്തിയതുമായ ദേശീയ വിദ്യാഭ്യാസ നയമാണ്‌ രാജ്യത്ത്‌ ഇപ്പോൾ നിലനിൽക്കുന്നത്‌.

എലിമെന്ററി (1-8 വരെ ക്ലാസുകൾ) വിദ്യാഭ്യാസത്തെ ശിശുകേന്ദ്രിതവും പ്രവർത്തനാധിഷ്‌ഠിതവുമാക്കണo `ജയ-പരാജയങ്ങൾ' പ്രൈമറി ഘട്ടത്തിൽ പാടില്ലെന്നും മൂല്യനിർണയം നിരന്തരമായി നടക്കണമെന്നും ആ രേഖ പറഞ്ഞുവച്ചിരുന്നു..

1993-ൽ പുറത്തുവന്ന `ഭാരരഹിത പഠനം' (Learning without Burden) എന്ന പ്രൊഫ.യശ്‌പാലിന്റെ റിപ്പോർട്ടാകട്ടെ, അധ്യാപകർക്ക്‌ കൂടുതൽ പ്രചോദനവും ആത്മവിശ്വാസവും നൽകി.

1997-ൽ കേരളം ഏറ്റെടുത്ത പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ. കുട്ടികൾ ഒഴിഞ്ഞ പാത്രങ്ങളല്ലെന്നും, ഒട്ടേറെ അനുഭവങ്ങളുമായാണ്‌ അവർ സ്‌കൂളിലെത്തുന്നതെന്നും, പുതിയ അനുഭവങ്ങൾ കുട്ടികൾക്ക്‌ ലഭ്യമാക്കി അറിവ്‌ സൃഷ്‌ടിക്കാൻ കുട്ടിയെ സഹായിക്കുകയാണ്‌ അധ്യാപകർ ചെയ്യേണ്ടതെന്നും അന്ന്‌ തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്‌തകം, അധ്യാപകസഹായി, അധ്യാപകപരിശീലനം, അധ്യാപകർക്കുള്ള തൽസ്ഥല സഹായം, ക്ലാസ്‌മുറിയിലെ സൗകര്യങ്ങൾ, വിദ്യാഭ്യാസ മാനേജ്‌മെന്റ്‌, മൂല്യ നിർണയം എന്നിവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടു. ഇതിനനുസൃതമായി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും ചെയ്‌തു.

 

1997-98ലെ പാഠ്യപദ്ധതിമാറ്റം

          1 മുതൽ 4 വരെയുള്ള ക്ലാസ്സിൽ 1997-98ൽ വരുത്തിയ ഈ പാഠ്യ പദ്ധതിമാറ്റം അതുവരെയുള്ള പരിഷ്‌കരണരീതികളിൽ നിന്നും പലതു കൊണ്ടും ഭിന്നമായിരുന്നു.നിലവിലുള്ള പാഠ്യപദ്ധതിയുടെ പോരായ്‌മ കണ്ടെത്തൽ, ലക്ഷ്യവും സമീപനവും പുതുക്കി നിശ്ചയിക്കൽ, TB (ടെക്‌സ്റ്റ്‌ബുക്ക്‌), HB (ഹാന്റ്‌ബുക്ക്‌) എന്നിവയുടെ നിർമാണം, ട്രൈഔട്ട്‌, കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം, അധ്യാപക പരിശീലനം, ആസൂത്രിതമായ നിർവഹണം എന്നിങ്ങനെയുള്ള ശാസ്‌ത്രീയഘട്ടങ്ങളിലൂടെ അതു കടന്നുപോയി.വിശദമായ അധ്യാപകസഹായി നൽകിയും അധ്യാപകരെ സമഗ്രമായി പരിശീലിപ്പിച്ചും തൽസ്ഥല പിന്തുണ ലഭ്യമാക്കിയും പാഠ്യപദ്ധതി നിർവഹണം ഫലപ്രദമാക്കാൻ അന്ന്‌ നടപടികളെടുത്തു.

·       ജ്ഞാനനിർമിതി രീതിയിലേക്കുള്ള പരിവർത്തനമാണ്‌ വിഭാവനം ചെയ്യപ്പെട്ടത്‌. ബഹുമുഖബുദ്ധി സിദ്ധാന്തം, ഉദ്‌ഗ്രഥിതസമീപനം എന്നിങ്ങനെയുള്ള നവീനമായ സമീപനങ്ങൾ ഇതോടെ പാഠ്യ പദ്ധതി സമീപനത്തിന്റെ ഭാഗമായി.

·       ടീച്ചിങ്ങ്‌ മാനുവൽ പരിഷ്‌കരണം, പരീക്ഷയെ തുടർച്ചയായതും സമഗ്രവുമാക്കി മാറ്റൽ തുടങ്ങിയവയും മുന്നോട്ടുവച്ചു.

·       പാഠ്യപദ്ധതി പ്രവർത്തനം ശക്തിപ്പെടുത്താനായി സ്‌കൂൾ ഗ്രാന്റും ടീച്ചർ ഗ്രാന്റും ലഭ്യമാക്കി.

·       കോർ എസ്‌.ആർ.ജി, എസ്‌.ആർ.ജി, ഡി.ആർ.ജി എന്നിങ്ങനെ അധ്യാപകപരിശീലനത്തിനുള്ള പുതിയ ഒരു ശൃംഖല തന്നെ വികസിപ്പിച്ചു.

 

                      സൈദ്ധാന്തികമായി നോക്കിയാൽ, വ്യവഹാരവാദത്തിൽ നിന്നും ജ്ഞാതൃവാദത്തിലേക്കുള്ള ഈ മാറ്റം ആഴത്തിലുള്ള ഒരു പരിവർത്തനമാണ്‌ സാധ്യമാക്കിയത്‌. എന്നാൽ പിയാഷിയൻ ജ്ഞാതൃവാദത്തിന്റെ അമിതസ്വാധീനം നിമിത്തം കുട്ടിയുടെ പഠനത്തെ ഉദാത്തവൽക്കരിക്കാനും അധ്യാപകരുടെ ഇടപെടലിനെ ലഘൂകരിക്കാനുമുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ പാഠ്യപദ്ധതി മാറ്റത്തിന്‌ നേതൃത്വം കൊടുത്തവരുടെ ഭാഗത്തുനിന്നും ഉണ്ടായി.അതേസമയം, പാഠ്യപദ്ധതി പരിഷ്‌കരണത്തെ വിലപ്പെട്ട ഒരു അവസരമായിക്കണ്ട്‌ പഠിക്കാനും പ്രയോഗിക്കാനും തയ്യാറായി മുന്നോട്ടുവന്ന ഒരുസംഘം അധ്യാപകരുടെ ക്ലാസ്‌മുറികളിൽ ഇത്‌ വമ്പിച്ച മുന്നേറ്റമുണ്ടാക്കി. സർഗാത്മകമായ അധ്യാപനത്തിന്റെ അനവധി മാതൃകകൾ അത്തരം ക്ലാസ്‌മുറികളിൽ ഉയർന്നുവന്നു.

 

·       വർധിച്ച അളവിലുള്ള രചനാപ്രവർത്തനങ്ങൾ നടന്നു.

·       പതിപ്പുകൾ, ആൽബങ്ങൾ, മാതൃകകൾ, ഗ്രാഫുകൾ, കൈയെഴുത്തു മാസികകൾ, പ്രോജക്‌ട്‌ റിപ്പോർട്ടുകൾ എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങൾ ഉണ്ടായി.

·       വായനമൂല, ദിനാചരണങ്ങൾ, സഹവാസക്യാമ്പുകൾ, പ്രകൃതി പഠനയാത്രകൾ എന്നിവ സജീവമായി.

·       നിരീക്ഷണം, പരീക്ഷണം, പ്രോജക്‌ട്‌, അഭിമുഖം എന്നിങ്ങനെ വിവിധ പഠനതന്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടു.

·       ഇതേത്തുടർന്ന്‌ പല സ്‌കൂളുകളിലും ഒട്ടേറെ മികവുകൾ എടുത്തു കാട്ടാനുണ്ടായി. രക്ഷാകർത്തൃയോഗങ്ങളുടെയും അതിൽ പങ്കെടുക്കുന്നവരുടെയും എണ്ണം കൂടി. പല പഞ്ചായത്തുകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുവന്നു.

 

അവലംബം https://wiki.kssp.inകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാഷാപഠനത്തിന് ഉപയോഗിക്കാവുന്ന സാമൂഹ്യവിഭവങ്ങൾ (കമ്മ്യൂണിറ്റി റിസോഴ്സ്)


 സമൂഹവും സ്കൂളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. സമൂഹത്തിലെ ഒരു ചെറിയ പ്രതിരൂപമാണ് സ്കൂൾ .അതുകൊണ്ടുതന്നെ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് സ്കൂളിന് നിലനിൽപ്പില്ല. മാതൃഭാഷാബോധനം കാര്യക്ഷമമാക്കുന്നതിനും കുട്ടികളില്‍ താൽപര്യമുണർത്തുന്നതിനും സാമൂക വിഭവങ്ങളുടെ  ഉപയോഗം വളരെ ആവശ്യമാണ്. പഠനത്തിൽ സഹായിക്കുന്ന ഒരു പരീക്ഷണ ശാലയാണ് സമൂഹം. അതുകൊണ്ടുതന്നെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാംസ്കാരികമായ വിവിധ ശ്രോതസ്സുകളിൽ സമൂഹത്തിലുണ്ട് .അവയെല്ലാം ഭാഷാപഠനത്തിന് കാര്യക്ഷമമായി നാം ഉപയോഗിക്കേണ്ടതാണ്സാ മൂഹിക വിഭവങ്ങൾ.

·       ഒന്ന് പഠനയാത്രകൾ സ്മാരകങ്ങൾ , മ്യൂസിയങ്ങൾ, ലൈബ്രറികൾ എന്നിവയുടെ സന്ദർശനം നടത്തുക

·       സാഹിത്യകാരന്മാർ, സാംസ്കാരിക നായകർ എന്നിവരുമായി അഭിമുഖങ്ങൾ

·   പ്രത്യേക മേഖലയിൽ വിഷയങ്ങളിൽ പഠനവും ഗവേഷണവും നടത്തിയിട്ടുള്ളവരുമായിട്ടുള്ള ചര്‍ച്ചകൾ

·       സമകാലീന സംഭവങ്ങൾ സാഹിത്യചർച്ചകൾ

·       ദൃശ്യമാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും

·       സാമൂഹിക പരിപാടികൾ, വാർത്തകൾ

·       പ്രദർശനങ്ങൾ

·       പി. റ്റി.എ

·       സഹവാസ ക്യാമ്പുകള്‍

·       DIET, SCERT