ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Friday, 10 July 2020

പാഠപുസ്തകങ്ങൾ


              ഭാഷാപഠനത്തിൽ വളരെയധികം പാഠപുസ്തകങ്ങൾക്ക് പ്രാധാന്യമുണ്ട്. ഭാഷാബോധനം വിജയം ആകണമെങ്കിൽ പാഠപുസ്തകങ്ങൾ കൂടിയേതീരൂ. വിഷയം, സ്വഭാവം, വ്യാപ്തി ഇവയെ കുറിച്ചുള്ള ധാരണ പാഠപുസ്തകത്തിൽ നിന്ന് ലഭിക്കുന്നു. മാർഗദീപവുമാണ്.അധ്യാപകർക്കും കുട്ടികൾക്കും വഴികാട്ടിയായി പാഠപുസ്തകം പ്രവർത്തിക്കുന്നു. ഒരു പാഠപുസ്തകം പൂർണ്ണമായ അറിവ് നല്കുന്നില്ല അതുകൊണ്ടുതന്നെ പാഠപുസ്തകത്തിൽ ഒതുങ്ങി നിന്നു കൊണ്ടുള്ള അധ്യാപനം നല്ല അധ്യാപനം അല്ല. പാഠപുസ്തകത്തിലെ ഗുണങ്ങൾ പാഠപുസ്തകത്തിന് ആന്തരീകമായും ബാഹ്യമായും ചില ഗുണങ്ങളുണ്ട്. ഭാഷാപഠനത്തിന്‍റെ ശരിയായ ഉദ്ദേശ്യലക്ഷ്യങ്ങളില്‍എത്തിച്ചേരാൻ ഈ ഗുണങ്ങളുള്ള പാഠപുസ്തകം ഉണ്ടെങ്കിൽ കഴിയും.

പാഠപുസ്തകം

ബാഹ്യഗുണം :ആവശ്യമുള്ള ചിത്രങ്ങൾ ഉണ്ടായിരിക്കണം. ഭംഗിയും വ്യക്തതയും ഉണ്ടായിരിക്കണം. ചിത്രങ്ങളും പാഠഭാഗങ്ങളുംകൂടിക്കലരാതെ അനുയോജ്യമായ വിധത്തിൽ സംവിധാനം ചെയ്യണം. കടലാസിൽ ഭംഗിയും വ്യക്തതയുള്ള അച്ചടിയും ആയിരിക്കണം .പുസ്തകത്തിൻറെ ആകൃതി വലുപ്പം എന്നിവ . താങ്ങാവുന്ന വിലയും ഭാരവും ആയിരിക്കണം.

ആന്തരിക ഗുണങ്ങൾ: കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കണം എന്നതാണ് മുഖ്യമായ ലക്ഷ്യം. ജീവിതം, മൂല്യങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതാണ്. പാഠഭാഗം, ശബ്ദാവലി പാഠത്തിൻറെ സ്വരൂപം എന്നിവയാണ് പ്രധാനമായിട്ടുള്ള ആന്തരിക ഗുണങ്ങളായി പറയുന്നത്. കുട്ടികളുടെ കുട്ടികളുടെ മാനസിക വളർച്ചയ്ക്കും വിജ്ഞാന താല്പര്യത്തിനും അടിസ്ഥാനപ്പെടുത്തി, കുട്ടികൾക്ക് ആവശ്യമുള്ള രീതിയിൽ, ഗ്രഹണശേഷി ഭാഷാപരമായ അറിവ് എന്നിവ വർദ്ധിപ്പിക്കാൻ കഴിയുന്ന രീതി കൃത്യമായി പാലിച്ചിരിക്കണം. കുട്ടികളുടെ ശബ്ദാവലി പോഷണത്തിന് സഹായിക്കണം. പാഠപുസ്തകത്തിൽ സാഹിത്യ വിഭാഗങ്ങൾ പരിചയപ്പെടുത്തുന്ന തരത്തിലുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്.

 

 ഉപപാഠപുസ്തകം

·       പ്രധാന ലക്ഷ്യങ്ങൾ: അധിക വായനക്കു സഹായകമാകുന്നു. സ്വതന്ത്രവും വ്യാപകവുമായ ഗ്രന്ഥപാരായണത്തിനു കുട്ടികളെ സഹായിക്കുക എന്നതാണു് പ്രധാന ലക്ഷ്യം. സ്വഭാവസംസ്കരണം, സ്വയംപഠനം. മൗനവായന,വായനാപരിശീലനം എന്നിവ ഉപപാഠപുസ്തകത്തിലെ ലക്ഷ്യങ്ങളായി കണക്കാക്കാവുന്നതാണ്.

·       പ്രധാന ലക്ഷ്യങ്ങൾ 1 ഭാഷാപരം, 2 ബുദ്ധിപരം, 3 സാഹിത്യപരം

·       1.ഭാഷാപരമായ ലക്ഷ്യം: ഭാഷാപരമായ അറിവുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷികള്‍ നേടുക , പദാവലി പോഷണത്തിന് സഹായകമാകണം.

·       2.ബുദ്ധിപരം : ബുദ്ധിവികസിപ്പിക്കുന്നതിനും മൗനപഠനത്തിനും സ്വയം ചിന്തിച്ച് യുക്തിപരമായി ഭാഷ ഉപയോഗിക്കുന്നതിനും സഹായിക്കണം. 3.സാഹിത്യപരം : വിശാലമായസാഹിത്യലോകത്തെക്കുള്ള വഴികട്ടിയാകണം. സാഹിത്യാഭിരുചി വര്ധ്ധിപ്പിക്കണം

·       രചനകള്‍ തിരഞ്ഞെടുക്കുമ്പോൾശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വസ്തുതകൾ

·       സുന്ദരമായ ഭാഷ ഉണ്ടായിരിക്കണം. മാതൃകാപരമാകണം. കുട്ടികളുടെ താല്പര്യം നിലനിർത്താൻ പുസ്തകത്തിൽ ചിത്രങ്ങൾ വർണ്ണനകൾ അച്ചടി എന്നിവ ആകർഷകമാകണം. കഥകൾ, നോവലുകൾ, സഞ്ചാരസാഹിത്യം, ജീവചരിത്രങ്ങൾ, ആത്മകഥകൾ ഇവയെല്ലാം ഉപപാഠപുസ്തകത്തിനു അനുയോജ്യമായതാണ്

ഉപപാഠപുസ്തകം ബോധനരീതി പ്രധാനമായും മൂന്നു വിധത്തിലാണ് ഉള്ളത്

·       1. ക്ലാസ് അധ്യാപനം : അധ്യാപകന്‍ വായിച്ച് പാഠഭാഗം പഠിപ്പിച്ചുകൊടുക്കുന്ന രീതിയാണ്.

·       2.സുശിക്ഷിതഅഭ്യാസം :കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ മൗനമായി വായന നടത്തുകയും കുട്ടികൾ തന്നെ ആശയം കണ്ടെത്തുകയും അധ്യാപകരുടെ സഹായത്തോടെ പൂർണമായ ആശയഗ്രഹണം സാധ്യമാവുകയും ചെയ്യുന്നു

·        3.നിയുക്താഭ്യാസ രീതി :കുട്ടികൾ സ്വയംവായിച്ചു പഠിക്കുന്ന രീതിയാണിത് കുട്ടികൾ വായിച്ച പാഠഭാഗത്തെ ആസ്പദമാക്കി അധ്യാപകർ ചോദ്യം ചോദിക്കുന്നു അധ്യാപകന് അവരുടെ ഉത്തരങ്ങള്‍ ചിട്ടപ്പെടുത്തി ആശയസംഗ്രഹം നടത്തുന്നു .

 

Friday, 3 July 2020

പൗലോ ഫ്രെയർ :വിമർശനാത്മക ബോധനശാസ്ത്രവും പ്രശ്നാധിഷ്ഠിത പഠനവും


       പ്രസിദ്ധ ബ്രസീലിയൻ ചിന്തകനും വിദ്യാഭ്യാസപ്രവർത്തകനും ആണ് പൗലോ ഫ്രെയർ(സെപ്റ്റംബർ 19, 1921 – മെയ്‌ 2, 1997) . നിയമബിരുദം നേടിയശേഷം, റെസിഫെ സർവകലാശാലയിലെ കൾച്ചറൽ എക്സ്റ്റൻഷൻ സർവീസിന്റെ ആദ്യ ഡയറക്ടറായി. ഹാർവാർഡ് സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് ജനീവയിലെ വേൾഡ് കൗൺസിൽ ഒഫ് ചർച്ചസിൽ ചേർന്നു. 1973-ൽ മർദിതരുടെ  ബോധനശാസ്ത്രം  (Pedagogy of the Oppressed) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 15 വർഷത്തിനുശേഷം ബ്രസീലിൽ തിരിച്ചെത്തി 1989- 91-ൽ സാവോപൗളോയിലെ വിദ്യാഭ്യാസമന്ത്രിയായി. അക്കാലത്തെ അനുഭവങ്ങളാണ് 1993-ൽ എഴുതിയ നഗരത്തിന്റെ ബോധനശാസ്ത്രം (Pedagogy of the city)എന്ന കൃതിയിലെ പ്രതിപാദ്യം.   

                        “മനുഷ്യൻറെ വിമോചനം ഏതു വിധത്തിലാണ് സാധ്യമാക്കുന്നത് എന്നതാണ് ഇന്ന് നമ്മുടെ മുമ്പിലുള്ള മുഖ്യപ്രശ്നം. ശരിയായ വിദ്യാഭ്യാസമാണ് അതിനുള്ള നേരായ മാർഗ്ഗം. സംവാദമാണ് അതിനുതകുന്ന ബോധനരീതി. സ്ഥിരമായ ഒരു സംവാദാത്മകബന്ധം സ്ഥാപിക്കാൻ കഴിയുമെങ്കിൽ വിമോചനം എത്രയും വേഗം സാക്ഷാത്കരിക്കപ്പെടും.അധ്യാപകരും വിദ്യാർത്ഥികളും യാഥാർത്ഥ്യത്തെ അനാവരണം ചെയ്യുന്നന്നതിലും  വിമർശനബുദ്ധ്യാ നേടിയെടുത്ത അറിവിനെ പുനഃസൃഷ്ടിക്കുന്നതിലും വിജയിക്കും. കൂടാതെ നിലവിലുള്ള ബോധനരീതികളുടെ അപര്യാപ്തതകൾ  എന്തൊക്കെയാണ് എന്ന ഒരു അന്വേഷണത്തിലേക്കും  അത് വഴിതെളിക്കും”.

    വിമോചനപരം അല്ലാത്ത ഏതു വിദ്യാഭ്യാസവും കേവലം ഒരു നിക്ഷേപ പ്രക്രിയ മാത്രമാണ്. വിദ്യാർത്ഥികൾ കലവറകളും അധ്യാപകർ നിക്ഷേപകനും എന്ന വൈരുദ്ധ്യം അത് കാത്തുസൂക്ഷിക്കുന്നു . ആശയവിനിമയത്തിന് പകരം ചില പ്രസ്താവനകൾ പുറപ്പെടുവിക്കുക ,ചില നിക്ഷേപങ്ങൾ നടത്തുക മുതലായ കടമകൾ മാത്രമേ അധ്യാപകൻ നിർവഹിക്കാനുള്ളൂ . വിദ്യാർഥികൾക്ക് ആവട്ടെ അവയെല്ലാം ക്ഷമയോടെ സ്വീകരിച്ചു  ഓർമവെച്ചു  ആവർത്തിക്കുക എന്ന കർത്തവ്യവും . ഇതിനാണ് വിദ്യാഭ്യാസത്തിൻറെ ബാങ്കിംഗ് സങ്കല്പം (banking model) എന്ന് വിളിക്കുന്നത് .ബാങ്കിംഗ് വിദ്യാഭ്യാസത്തിന് നേർവിപരീതമാണ് വിമോചനവിദ്യാഭ്യാസം. വിമോചനവിദ്യാഭ്യാസം കുടികൊള്ളുന്നത് ജ്ഞാനസമ്പാദന മാർഗ്ഗങ്ങളിൽ ആണ്.  അറിവ്  കൈമാറുന്നതിൽ അല്ല .

 

         എല്ലാത്തരം അധീശത്വങ്ങളെയും   ചോദ്യംചെയ്യാൻ പഠിതാക്കളേ സഹായിക്കുന്ന ഒരു അധ്യാപന സമ്പ്രദായമാണ് വിമർശനാത്മകബോധനം. അതായത് കുട്ടികളിൽ വിമർശനബുദ്ധി  വികസിപ്പിക്കാനുള്ള സിദ്ധാന്തവും പ്രയോഗവുമാണ്. പാവങ്ങളുടെ വിമോചനത്തെ തടഞ്ഞുനിർത്തുന്നത് അവർക്കുമേൽ പതിച്ചിട്ടുള്ള പലതരം അധീശത്വങ്ങൾ ആണ് .സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവും ആദർശപരവുമായ അധിനിവേശങ്ങൾ. ഇവയെല്ലാം വിമർശനാത്മകമായി പരിശോധിക്കുന്ന ബോധനശാസ്ത്രം കുട്ടികൾക്ക് പരിചയപ്പെടുത്തണം. എങ്കിൽ മാത്രമേ അവർക്ക് ജീവിതത്തിലെ നാനാമേഖലകൾ പരിശോധിച്ച് ശരിയായ കാഴ്ചപ്പാടുകൾ രൂപീകരിക്കാൻ ആവുക ഉള്ളൂ  എന്ന് അദ്ദേഹം സ്ഥാപിച്ചു

 

·       എല്ലാ വിദ്യാഭ്യാസവും സ്വയം ശാക്തീകരിക്കാൻ ഉള്ളതാണ് . അതിനാൽ എല്ലാ ബോധനശാസ്ത്രവും ഈ ലക്ഷ്യത്തെ കുറിച്ച് ബോധം ഉള്ളതാകണം

·       എല്ലാ വിദ്യാഭ്യാസരീതികൾക്കും   അടിസ്ഥാനമായി നീതിയുടെയും    സമത്വത്തിന്റേതുമായ ഒരു സാമൂഹിക കാഴ്ചപ്പാട് ഉണ്ടായിരിക്കണം .

·       വർഗം, വംശം, സ്ത്രീപുരുഷഭേദം ,ലൈംഗികത ,മതം ,ശാരീരികശേഷി എന്നിവയൊക്കെ അടിച്ചമർത്തലിനും അധിനിവേശത്തിനും  സാധ്യതയുള്ള മേഖലകൾ ആണ് .അതുകൊണ്ടുതന്നെ അത്തരം സങ്കല്പങ്ങൾ തന്നെ വിമർശന വിധേയമാക്കണം

·        ഒരു വിദ്യാലയവും കുട്ടികളെ ഒരുതരത്തിലും മുറിവേൽപ്പിക്കു രുത്. നല്ല വിദ്യാലയങ്ങൾ തോൽവികളുടെ പേരിൽ, കുട്ടികളുടെ മേൽ പഴിചാരരുത്.

·        ക്ലാസ് മുറിയിലേക്ക് കുട്ടികൾ  കൊണ്ടുവന്ന ഭാഷയേയും അറിവിനെയും പ്രശ്നമായി ചിത്രീകരിക്കരുത് .

·       എല്ലാ അറിവുകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

·       വിമോചനപരമായ മാറ്റത്തെയും ബുദ്ധിപരമായ വളർച്ചയെയും വിദ്യാഭ്യാസം പോഷിപ്പിക്കണം

·       പാഠപുസ്തകത്തിലെ കവിതകളും ഉൾക്കൊള്ളുന്ന സങ്കൽപ്പങ്ങൾ എന്തൊക്കെയാണ്? എന്ത് തരം  ചിന്താഗതിയാണ്  ഇവ കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കുന്നത്, എന്നിങ്ങനെ വിമർശനാത്മകമായി ചിന്തിക്കാൻ അധ്യാപനും സാധിക്കണം.

ഉത്തരാധുനികത,വർഗ്ഗവിവേചനവിരുദ്ധത,കോളനിവാഴ്ചാനന്തരത,സ്ത്രീവാദം, തുടങ്ങിയ സിദ്ധാന്തങ്ങൾ പൗലോ ഫ്രയർന്റെ ആശയങ്ങൾ വിശദീകരിക്കാൻ സഹായിക്കുന്നു.

 

പ്രശ്നാധിഷ്ഠിത പഠനം

             യാഥാർഥ്യത്തെ  വിമർശനാത്മകമായി അനാവരണം ചെയ്യാനും അംഗീകരിക്കാനും പഠിതാവിനെ ക്ഷണിക്കുന്ന വിദ്യാഭ്യാസമാണ് വിമോചനാത്മക വിദ്യാഭ്യാസം.അത് സംവാദാത്മകമാണ്.പ്രശ്നാധിഷ്ഠിത വിദ്യാഭ്യാസമാണ് ഫ്രയർ അതിനായി നിർദ്ദേശിക്കുന്നത് .വിഷയത്തിനെ ഉള്ളടക്കം ഒരു പ്രശ്നമായി കുട്ടികൾക്ക് മുന്നിൽ അദ്ധ്യാപകൻ അവതരിപ്പിക്കുന്നു .പ്രശ്നമേഖലകളുടെ വിവിധതലങ്ങള്‍  സമൂഹം ,ജീവിതം   എന്നിവയെ  അഭിസംബോധന ചെയ്യുന്നതായിരിക്കും സാമൂഹിക പ്രശ്നങ്ങളുമായി ഉദ് ഗ്രഥിച്ച് വിഷയപഠനം നടത്തുക എന്നത് വിദ്യാഭ്യാസവും സാമൂഹികജീവിതവും പ്രശ്നപരിഹരണവും തമ്മിലുളള ബന്ധം തിരിച്ചറിയുന്നതിന്  കുട്ടികളെ പ്രാപ്തരാക്കുന്നു

 

കേരളത്തിലെ പാഠ്യപദ്ധതി വികസിപ്പിച്ചത് മൂന്നു പ്രധാന ആശയങ്ങളിലാണ്

·       സാമൂഹികജഞാന നിര്‍മിതി വാദം

·       വിമര്‍ശനാത്മക ബോധനശാസ്ത്രം

·       പ്രശ്നാധിഷ്ഠിത പഠനം

       സാമൂഹിക പ്രശ്നങ്ങളുമായി ഉദ്ഗ്രഥിച്ച് വിഷയപഠനം നടത്തുക എന്നത് വിദ്യാഭ്യാസവും സാമൂഹികജീവിതവും പ്രശ്നപരിഹരണവും തമ്മിലുളള ബന്ധം തിരിച്ചറിയുന്നതു കൊണ്ടാണ്.

 

കുട്ടികള്‍ പഠിക്കേണ്ട എല്ലാ വിഷയങ്ങളും എട്ട് പ്രശ്‌നമേഖലകളില്‍ ഒതുക്കിയിരിക്കുകയാണ് 2007-ലെ കരിക്കുലം.

1)    ശാസ്ത്രീയമായ സ്ഥലജലപരിപാലനത്തിന്റെ അഭാവം

2)   കൃഷിയെ ഒരു ജീവിതസംസ്‌കാരമായി കാണാത്ത അവസ്ഥ

3)    വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ

4)   അധ്വാനശേഷി വികാസത്തിന്റെ അഭാവം

5)    സാംസ്‌കാരികത്തനിമയെയും അതിന്റെ സ്വതന്ത്രവികാസത്തെയും കുറിച്ച് ധാരണയില്ലായ്മ

6)   പാര്‍ശ്വവത്കരിക്കപ്പെടുന്നരോടുള്ള പരിഗണനയില്ലായ്മ

7)    പരിസരസൗഹാര്‍ദപരമായ വ്യവസായവത്കരണം, നഗരവത്കരണം എന്നിവയെക്കുറിച്ചുള്ള ധാരണക്കുറവ്

8)   ശാസ്ത്രീയമായ ആരോഗ്യ-പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം

                                     എന്നിവയാണ് പ്രശ്‌നമേഖലകള്‍.

               

പ്രശ്നാധിഷ്ഠിതപഠനം , വിദ്യാർത്ഥികേന്ദ്രിതമായ ഒരു അധ്യാപനസങ്കേതമാണ്. കുട്ടികൾ സഹവർത്തിത്വത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും സ്വാഅനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ഒരു പഠനരീതി. വിഷയജ്ഞാനത്തിനു പുറമേ മികച്ച ആശയവിനിമയശേഷി, പ്രശ്നപരിഹാരശേഷി, സ്വയംപഠനശേഷി, എന്നിവയും കുട്ടികൾ ഇതിലൂടെ നേടുന്നു.

 

 പ്രശ്നാധിഷ്ഠിത സമ്പ്രദായത്തിന്റെ സവിശേഷരീതികൾ

·       പ്രശ്നത്തിന്റെ ആദ്യഅപഗ്രഥനം

·       ഗ്രൂപ്പ് ചർച്ചയിലൂടെ മുന്നറിവ് ഉണർത്തൽ

·       മുന്നറിവ് വികസിപ്പിച്ച് പുതിയ വിവരങ്ങൾ ശേഖരിക്കുക

·       അപഗ്രഥനം -അതിലൂടെ ലഭിച്ച അറിവ് അവതരിപ്പിക്കൽ

·       പഠനസന്ദർഭത്തിൽ പ്രയോഗിക്കുക

·       പ്രശ്നത്തിന്റെ  പരിഹാരം

·       അവതരണം

                  - ഇവയാണ് ഈ സമ്പ്രദായത്തിന്റെ പഠനക്രമം

 


Tuesday, 30 June 2020

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2005


                   എൻസിഇആർടി (NCERT) പുറത്തിറക്കിയ വിദ്യാഭ്യാസ മാനദണ്ഡങ്ങളടങ്ങിയ രേഖയാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ട് അഥവാ എൻസിഎഫ്. 1988,2000,2005 എന്നീ വർഷങ്ങളിലാണ് ഇത് പ്രസിദ്ധീകരിച്ചത്.വിദ്യാർഥികളുടെ അറിവും കഴിവും വികസിപ്പിക്കാൻ വേണ്ടി അധ്യാപകർ ചെയ്യേണ്ട കാര്യങ്ങളാണ് പാഠ്യപദ്ധതിയിൽ പരാമർശിക്കുന്നത് .  ഇന്ത്യയിലെ വിദ്യാഭ്യാസ സബ്രദായത്തിൽ പഠന പദ്ധതി, പാഠപുസ്തകം, അധ്യാപന രീതികൾ തുടങ്ങിയവ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച വ്യക്തമായ മാർഗനിർദ്ദേശം ഇതിലൂടെ നൽകുന്നു. ഭാരമില്ലാത്ത പഠനം എന്ന നയത്തെയാണ് 2005 ലെ എൻസിഎഫിലെ നിർദ്ദേശങ്ങൾ ഊന്നൽ നൽകുന്നത്.അതെസമയം 1986-1992 ലെ ദേശീയ വിദ്യാഭ്യാസ നയം ഗ്രൂപ്പ് ചർച്ചകളുടെ പ്രാധാന്യത്തെ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന്‌ 2004 ജൂലൈ 19 നാണ്‌ എൻ.സി.ഇ.ആർ.ടി നിലവിലുണ്ടായിരുന്ന ദേശീയ പാഠ്യപദ്ധതി രൂപരേഖ പരിഷ്‌കരിക്കാൻ തീരുമാന മെടുത്തത്‌. പ്രൊഫ.യശ്‌പാൽ ചെയർമാനും പ്രൊഫ.എം.എ.ഖാദർ മെമ്പർ സെക്രട്ടറിയുമായ പ്രസ്‌തുത സ്റ്റിയറിങ്ങ്‌ കമ്മിറ്റിയും വിദഗ്‌ധർ അംഗങ്ങളായ ഫോക്കസ്‌ ഗ്രൂപ്പുകളും ചേർന്നാണ്‌ 2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. സിബിഎസ്ഇ സ്കൂളുകളിലേക്കും സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ള സ്കൂളുകളിലേക്കും പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും തയ്യാറാക്കുന്നത് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചാണ്

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (NCF - 2005) അഞ്ച്‌ അടിസ്ഥാന തത്വങ്ങളെയാണ്‌ പാഠ്യപദ്ധതി രൂപീകരണത്തിൽ അടിസ്ഥാനമാക്കിയത്‌

 

·       അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം

·       പഠനത്തെ മനപ്പാഠരീതിയിൽ നിന്നും മോചിപ്പിക്കണം

·       പാഠ്യപദ്ധതിയെ പാഠപുസ്‌തകകേന്ദ്രീകൃതമല്ലാത്തതും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന്‌ ഊന്നൽ നൽകുന്നതു മാക്കണം

·       പരീക്ഷകളെ കൂടുതൽ വഴക്കമുള്ളതും ക്ലാസ്‌റൂം അനുഭവങ്ങ ളുമായി ബന്ധപ്പട്ടതുമാക്കി മാറ്റണം

·       ജനാധിപത്യസംവിധാനത്തിന്‌ അനുസൃതമായ ദൃഢമായ വ്യക്തിത്വം കുട്ടികളിൽ വളർത്തണം

·       അറിവിനെ കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ വിമർശനാത്മകബോധനത്തെ ദേശീയ പാഠ്യ പദ്ധതിയുടെ ജീവശ്വാസമാക്കാനുള്ള തീരുമാനത്തിൽ പാഠ്യപദ്ധതി നിർമാതാക്കൾ എത്തിയത്‌. വർഗം, വർണം, ലിംഗം എന്നിങ്ങനെ കുട്ടികളുടെ ലോകത്തെ വ്യത്യസ്‌തമാക്കുന്ന നിരവധി ഘടകങ്ങൾ ചരിത്രത്തിൽ ആദ്യമായി പല പാഠങ്ങളുടെയും ഉള്ളടക്കത്തെ നിർണയിച്ചു.

·       അവസരതുല്യത, നീതി, സ്വാതന്ത്ര്യം, മറ്റുള്ളവരുടെ നൻമ പരി ഗണിക്കൽ, മതനിരപേക്ഷത, മനുഷ്യമഹത്വത്തെയും അവകാശങ്ങളെയും മാനിക്കൽ തുടങ്ങിയവയോട്‌ പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കണം

·       മൂല്യാധിഷ്‌ഠിതമായ തീരുമാനങ്ങൾ വ്യക്തിഗതമായും കൂട്ടായും എടുക്കുന്നതിനുള്ള കഴിവ്‌ വികസിക്കാനുതകുന്ന സ്വതന്ത്രചിന്തയും പ്രവർത്തനസന്ദർങ്ങളും ഒരുക്കണം

·       പഠിക്കാൻ പഠിക്കാനും, പഠിച്ചത്‌ തെറ്റെങ്കിൽ മാറ്റിപ്പഠിക്കാനുമുള്ള കഴിവുകൾ കുട്ടികളിൽ വളർത്തണം

·       തൊഴിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലെടുക്കാനും സാമ്പത്തികപ്രക്രിയകളിൽഏർപ്പെടാനും സാമൂഹ്യമാറ്റങ്ങളിൽ പങ്കെടുക്കാനും കുട്ടികളെ പ്രാപ്‌തരാക്കണം

·       കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കാനും സൗന്ദര്യാസ്വാദനശേഷി വളർത്താനും ശ്രമിക്കണം

·       ഇത്തരം ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഉൽപന്നം മാത്രം ലക്ഷ്യ മാക്കുന്ന പഴയ വിദ്യാഭ്യാസരീതി ഉപേക്ഷിക്കണമെന്നും അതിന്റെ സ്ഥാനത്ത്‌ ജ്ഞാനനിർമിതിയിൽ ഊന്നിയ പുതിയ സമീപനം സ്വീകരിക്കണമെന്നും രേഖ അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കുന്നു.

·       തുടർച്ചയായതും സമഗ്രവുമായ മൂല്യനിർണയത്തെ ഒരു സമീപന മായി മുന്നോട്ടുവെക്കാനും ഗ്രേഡിങ്ങ്‌ നടപ്പിലാക്കാനും ഈ രേഖ നിർദേശിക്കുകയുണ്ടായി

·       ഭാഷ - മൂന്ന് ഭാഷ സമവാക്യം.( Three Language Formula)

ആദ്യ ഭാഷ മാതൃഭാഷ അല്ലെങ്കിൽ പ്രാദേശിക ഭാഷ ആയിരിക്കണം.

രണ്ടാം ഭാഷ - ഹിന്ദി

മൂന്നാം ഭാഷ - ഇംഗ്ലീഷ് അല്ലെങ്കിൽ ഒരു ആധുനിക ഇന്ത്യൻ ഭാഷ



അവലംബം https://wiki.kssp.inകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007


                   2005 ലെ ദേശീയ കരിക്കുലം ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള ശ്രമം നടന്നത്‌ 2007 ലാണ്‌. എൻ.സി.ഇ.ആർ.ടിയുടെ ധന സഹായവും പിന്തുണയും ഉപയോഗിച്ച്‌ വിവിധ ഡയറ്റുകളുടെ നേതൃത്വത്തിലാണ്‌്‌ പാഠ്യപദ്ധതി അവലോകനം നടന്നത്‌. ഈ അവലോകനറിപ്പോർട്ടുകൾ ക്രോഡീകരിച്ച്‌ അവതരിപ്പിച്ച വർക്ക്‌ഷോപ്പുകളിൽ നിന്നാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007 യഥാർഥത്തിൽ രൂപംകൊണ്ടത്‌. 2005 ൽ രൂപീകരിക്കപ്പെട്ട ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ( NCF - 2005) ചുവടുപിടിച്ച് 2007 -ൽ തയ്യാറാക്കിയ കേരള പാഠ്യപദ്ധതിയാണ് ( KCF - 2007) കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007 എന്നറിയപ്പെടുന്നത്. 1996 - 97 കാലഘടത്തിൽ തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ സ്വാഭാവികമായ ഒരു തുടർച്ചയായി ഇതിനെ കാണാം. അന്നുമുതൽ നടപ്പിലായ പല കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശയാവതരണരീതി , ഉദ്ഗ്രഥിത സമീപനം , ബഹുമുഖമായ ബുദ്ധിയുടെ വികാസം , അറിവിന്റെ നിർമ്മാണം തുടങ്ങിയ സമീപനങ്ങൾ ഇതിന്റെ ഭാഗമായി വന്നതാണ്

              എൻ.സി.ഇ.ആർ.ടിയുടെ ദേശീയ കരിക്കുലത്തിൽ നിർദേശിക്കപ്പെട്ട വിദ്യാർഥികേന്ദ്രിതവും പ്രക്രിയാബന്ധിതവുമായ ചട്ടക്കൂടാണ്‌ കേരള പാഠ്യപദ്ധതിയും ആധാരമാക്കിയത്‌. പാഠ്യപദ്ധതിയെ സമൂഹബന്ധിതമാക്കാനും സമൂഹത്തിലെ അധഃസ്ഥിതരായ സ്‌ത്രീകൾ, ആദിവാസികൾ, ദളിതർ തുടങ്ങിയവരുടെ പ്രശ്‌നങ്ങളും വീക്ഷണങ്ങളും കൂടി ഉൾപ്പെടുന്ന പാഠ്യപദ്ധതി നിർമിക്കാനുമുള്ള നിർദേശങ്ങൾ ദേശീയ പാഠ്യപദ്ധതിയിൽ തന്നെ അടങ്ങിയിരുന്നു. പ്രാദേശിക വൈവിധ്യങ്ങൾ എങ്ങനെ ഉൾപ്പെടുത്തണമെന്നും ദേശീയകരിക്കുലം നിർദേശിച്ചിരുന്നു. ദേശീയ പാഠ്യപദ്ധതി രൂപരേഖയിലുള്ള വിമർശനാത്മക ബോധനശാസ്‌ത്രവും ജ്ഞാനനിർ മിതിവാദവും തന്നെയാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും ഉപയോഗിച്ചതെന്നു കാണാം.

                   ദേശീയ കരിക്കുലം പ്രമേയാധിഷ്‌ഠിതമായ (thematic) സങ്കേതങ്ങളാണ്‌ പാഠ്യപദ്ധതി നിർമാണത്തിന്‌ നിർദേശിച്ചത്‌. വിദ്യാർഥി, സാമൂഹ്യമായ വളർച്ചയുടെ ഭാഗമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നാണ്‌ പ്രമേയങ്ങൾ രൂപപ്പെടുത്തേണ്ടതെന്ന സാമൂഹ്യ നിർമിതിവാദപരമായ നിലപാടാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്‌ ഉപയോഗിച്ചത്‌. ദേശീയകരിക്കുലം നിർദേശിച്ച വിമർശനാത്മക ബോധനശാസ്‌ത്രത്തെ കൂടുതൽ ക്രിയാത്മകമായി രൂപപ്പെടുത്താൻ ഇതു സഹായിച്ചു. ഓരോ പ്രമേയത്തിന്റെയും ഉള്ളടക്കത്തോടൊപ്പം അതിനെ സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക പാഠങ്ങൾ (Local text) ഉൾപ്പെടുത്താനും ഇത്‌ ഉപകരിച്ചു.

                       പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായി സുപ്രധാനമായ പല നിർദേശങ്ങളുമുണ്ടായി. എട്ടാം സ്റ്റാൻഡേർഡിനെ പ്രൈമറിതല പാഠ്യ പദ്ധതിയിൽ നിന്നുള്ള പരിവർത്തനഘട്ടമായി ഉപയോഗപ്പെടുത്തണമെന്ന്‌ നിർദേശിക്കപ്പെട്ടു. വിദ്യാർഥികൾ പ്രദർശിപ്പിക്കുന്ന അഭിരുചികളുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ അവർക്ക്‌ ചില വിഷയങ്ങളിൽ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക്‌ പോകാൻ അവസരം നൽകണമെന്നും നിർദേശിക്കപ്പെട്ടു. സെക്കണ്ടറിയും ഹയർസെക്കണ്ടറിയും ഒറ്റ ഘടനയുടെ ഭാഗമാക്കണമെന്നുള്ള നിർദേശവും ഉണ്ടായി.

                             പ്രോജക്ടുകൾ, അസൈൻമെന്റുകൾ തുടങ്ങിയവയിലൂടെയുള്ള പഠനരീതി പഠനത്തെ നിരന്തരമായ പ്രക്രിയയാക്കി. അത്‌ വിദ്യാർഥികളുടെ മൊത്തം പ്രകടനത്തെ വൻതോതിലുയർത്തി.

കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് – 2007-സമീപനങ്ങൾ

            കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക- രാഷ്ട്രീയ പ്രശ്‌നങ്ങളെ വിലയിരുത്തി, (കെ.സി.എഫ് - 2007). ഈ പ്രശ്‌നങ്ങളെ വിശകലനം ചെയ്ത് എട്ട് പ്രശ്‌നമേഖലകളിലായി ക്രോഡീകരിക്കുന്നു

1. വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.

2. അധ്വാനശേഷി വികാസത്തിന്റെ അഭാവം.

3. സാംസ്‌കാരികത്തനിമയെ കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെ കുറിച്ചുമുള്ള 

    ധാരണക്കുറവ്.

4. കൃഷി ഒരു സംസ്‌കാരമായി കാണാത്ത അവസ്ഥ.

5. ശാസ്ത്രീയമായ ആരോഗ്യ- പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം.

6. പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ലായ്മ.

7. ശാസ്ത്രീയമായ സ്ഥല- ജലമാനേജ്‌മെന്റിന്റെ അഭാവം.

8. പരിസ്ഥിതി സൗഹൃദപരമായ വ്യവസായവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും അഭാവം.

 

അവലംബം https://wiki.kssp.inകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാഷാധ്യാപനം:സാമാന്യ തത്ത്വങ്ങള്‍


 മറ്റു വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് ഭാഷാധ്യാപനത്തിൽ സ്വീകരിക്കേണ്ടത്. സമർത്ഥമായ രീതിയിൽ ഭാഷ പ്രയോഗിക്കാനുള്ള കഴിവ് സമ്പാദിക്കുകയാണ് ആത്യന്തികലക്ഷ്യം. നമ്മുടെ അന്തർഗതം മറ്റുള്ളവരെ പറഞ്ഞു ധരിപ്പിച്ചാൽ മാത്രം പോര ,ഭാഷയുടെ ശക്തി കൊണ്ട് അവരെ സ്വാധീനിക്കാനും കൂടി കഴിയണം. അങ്ങനെയുള്ളവരാണ് ജനാധിപത്യസംവിധാനത്തിൽ സമൂഹത്തെ നയിക്കാൻ ശേഷിയുള്ളവർ ആയി മാറുന്നത് .അതുകൊണ്ട് ഭാഷാബോധന ലക്ഷ്യത്തിലെത്തിച്ചേരാൻ ചതുര്‍വിധ നൈപുണികള്‍ വികസിക്കേണ്ടതുണ്ട്. ശ്രവണം ,ഭാഷണം ,വായന, ലേഖനം എന്നിവയാണ് അവ. വെറുതെയുള്ള കേള്‍വി അല്ല ശ്രവണം,അര്‍ത്ഥഗ്രഹണത്തോടെ കാര്യങ്ങൾ മനസ്സിലാക്കുകയാണ്. വായനയിലേക്കും എഴുത്തിലേക്കും നയിക്കണം.

 

 ഭാഷ ഒരു കലയാണ്

ഭാഷ ഒരു കലയാണ്, ശാസ്ത്രമല്ല .ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും സംസ്കരിക്കലും ആണ് കലയുടെ ധർമ്മം. ശാസ്ത്രത്തിൻറെ ലക്ഷ്യം ബുദ്ധി വികസനമാണ്. കല ഹൃദയത്തോടും ശാസ്ത്രം തലച്ചോറിനോടും ആണ്സംവദിക്കുന്നത്. ശാസ്ത്രത്തില്‍ ചില നിയമങ്ങളും സംഹിതകളും ഉണ്ട് . കലകൾക്ക് എല്ലാം ആധാരമായി ചില നിയമങ്ങളുണ്ട്. ഭാഷാപ്രയോഗങ്ങള്‍ക്കും ഉണ്ട് ശാസ്ത്രം. ഈ നിയമങ്ങൾ ഉരുവിട്ടു പഠിച്ചതു  കൊണ്ട് മാത്രം ഭാഷാപ്രയോഗ സാമർത്ഥ്യം ഉണ്ടാവില്ല.ഇത് നിരന്തരമായ ആവർത്തനത്തിലൂടെയും അഭ്യാസനത്തിലൂടെയുമാണ്സാധിക്കുക. നല്ല ശീലങ്ങള്‍ മനുഷ്യന് ഗുണകരമാണ് .അതുപോലെതന്നെ ഭാഷയും ഒരു ശീലമായി വളർത്തി എടുക്കാന്‍ സാധിക്കണം.

 

വസ്തു ബോധം: കുട്ടികൾക്ക് ആദ്യമായി ഉണ്ടാകുന്നത് വസ്തു ബോധമാണ് .നേരിട്ട് കണ്ട കാര്യങ്ങൾ മനസ്സിൽ വേഗത്തിൽ പതിയുന്നു. കേൾക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മറക്കുന്നു .പദപരിചയം ഉണ്ടാകുന്നതിനു മുമ്പ് പദത്താൽ സൂചിതമാകുന്ന വസ്തുവിനെ കുറിച്ചുള്ള ബോധം കുട്ടികൾക്ക് ഉണ്ടാകണം. നാമപദങ്ങളാണ് കുട്ടികളെ ആദ്യമായി പരിചയപ്പെടുത്തേണ്ടത്. ക്രമേണ ക്രിയ, കർമ്മം, വിശേഷണം എന്നിവയാകാം.

 

അനുകരണം: ഭാഷാബോധനത്തിൽ അനുകരണം വളരെ പ്രാധാന്യമർഹിക്കുന്നു. മുതിർന്നവർ പറയുന്നത് കേട്ട് അത് അനുകരിച്ച് ആവർത്തിക്കുക കുട്ടികളുടെ ശീലമാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ അവർ അനുകരിക്കാറുണ്ട് .അനുകരണസ്വഭാവമുള്ളവരാണ് കുട്ടികൾ എന്നതുകൊണ്ട് മുതിർന്നവർ സംസാരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഭാഷാപ്രയോഗങ്ങൾ തെറ്റോ ശരിയോ എന്ന വിവേചനമില്ലാതെ ആണ്കുട്ടികൾ അനുകരിക്കുന്നത്. മുതിർന്നവരുടെ സംഭാഷണ വേളയിൽ ശരിയായ പദപ്രയോഗങ്ങളെ കടന്നുവരാവുള്ളൂ. കുട്ടികളുടെ മുമ്പാകെ അശ്ലീല ചുവയുള്ള പദങ്ങളും ആശയങ്ങളും സംസാരിക്കാൻ ഇടവരരുത്.

 

ആവര്‍ത്തനം:കുട്ടികൾക്ക് ശരിയായ മാതൃക നൽകുകയും അത് ആവർത്തിക്കുകയും വേണം. ആവർത്തനത്തിലൂടെ ഭാഷ ഉറപ്പിക്കാൻ കഴിയണം.