ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Tuesday, 9 June 2020

മാതൃഭാഷാ പഠനം നേരിടുന്ന വെല്ലുവിളികൾ



  സംസ്ഥാനത്തെ എല്ലാ സ്കൂ‌ളിലും ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ മലയാളം പഠിപ്പിക്കണമെന്ന നിയമം 2018  ജൂൺ ആധ്യയനവർഷം മുതൽ മലയാള പഠനം നിർബന്ധിതമാക്കാൻ വേണ്ട ക്രമീകരണങ്ങളും പദ്ധതികളും വ്യവസ്ഥ ചെയ്തു എന്നത് മാതൃഭാഷയുടെ നിലനിൽപ്പിനെയും അതിജീവനത്തെയും ചൊല്ലിയുള്ള അനവധി ആശങ്കകൾക്ക് പരിഹാരം തേടിക്കൊണ്ടുള്ള പ്രാഥമികമായ ചുവടുവയ‌്പായി കാണാം. വിദ്യാഭ്യാസം വ്യക്തിയുടെ ജ്ഞാനവികസനത്തിനുവേണ്ടിയാണെന്ന കാര്യത്തിൽ ആർക്കും സംശയുമുണ്ടാകാനിടയില്ല. പക്ഷേ, വ്യക്തിയിൽ തുടങ്ങി വ്യക്തിയിൽ ഒടുങ്ങുന്ന വിദ്യാഭ്യാസം സാമൂഹികവികസനമെന്ന ലക്ഷ്യത്തെ ഒരു പ്രകാരത്തിലും മുന്നോട്ടുവയ്ക്കുന്നില്ല. ഇത് ഒരർഥത്തിൽ സാമൂഹിക പുരോഗതിക്ക് വിഘാതമാകുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽനിന്നാണ് നമ്മുടെ മാതൃഭാഷ പഠനചിന്തകൾക്ക് തുടക്കംകുറിക്കേണ്ടത്. ഭാഷയും സാമൂഹവും തമ്മിൽ സ്ഥൂല‐സൂക്ഷ‌്മതലങ്ങളിൽ നിരന്തരമായ ബന്ധം നിലനിൽക്കുന്നുണ്ട്. സ്ഥൂലരീതിയിൽ, ഭാഷയെ വൈയക്തികമായ ആശയവിനിമയോപാധിയായി വിവരിക്കുമ്പോൾ തന്നെ, സൂക്ഷ്മരീതിയിൽ അത് സാമൂഹിക വികസനത്തിന്റെ നിർണായക ഘടകങ്ങളിലൊന്നാണെന്ന സത്യം മറക്കാനാവില്ല. കേരളീയരെ ഒന്നാകെ ഇണക്കിച്ചേർക്കുന്ന ഒരു കണ്ണിയാണ് മലയാളം. സാമ്പത്തികവും മതപരവും ജാതീയവും ലിംഗപരവുമായ ഒട്ടനവധി വ്യത്യാസങ്ങൾക്കിടയിലും മലയാളജനതയെ ഒന്നിച്ചുനിർത്തുന്ന ഒരു സാംസ്കാരികമണ്ഡലമാണ് മലയാളഭാഷ. മലയാളിയെ സംബന്ധിച്ച് മതനിരപേക്ഷമായ, അടിമുടി ജനാധിപത്യപരമയ ഒരു സംസ്കാരം, അല്ല ഒരേയൊരു സംസ്കാരം‐അതാണ് മലയാളം. ഒരാൾക്ക് സ്വന്തം ഭാഷ നഷ്ടമാകുക എന്നാൽ അയാൾ കടുത്ത സാംസ്കാരികദുരന്തത്തിൽ എത്തുക എന്നാണർഥം. മാതൃഭാഷയുടെ ശോച്യസ്ഥിതിയും അതു നേരിടുന്ന പ്രതിസന്ധികളും ഈ പ്രതിസന്ധിയുടെ കാരണങ്ങളും മറ്റും നാം ചർച്ചയ‌്ക്കെടുത്തുകഴിഞ്ഞിരിക്കുന്നു. നാട്ടുഭാഷാ വിദ്യാഭ്യാസത്തിനുവേണ്ടി പണ്ടേക്കുപണ്ടേ ശക്തമായി വാദിച്ചിട്ടുള്ളവരാണ് നമ്മുടെ ഭാഷാധ്യാപകരും പണ്ഡിതരും. മാതൃഭാഷയുടെ സംരക്ഷണത്തിനായി ഇപ്പോൾ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന പദ്ധതികൾ, മാതൃഭാഷയുടെ വീണ്ടെടുപ്പും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ടുള്ളവയാണെന്ന് വ്യക്തം. കേന്ദ്ര സിലബസ് പിന്തുടരുന്ന സ്കൂളുകൾക്കും ഈ നിയമം ബാധകമാകുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.

ഇതനുസരിച്ച് സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകാർക്കും മലയാളത്തെ ഒഴിവാക്കാൻ കഴിയില്ല. നിയമത്തിനു വിധേയമായി പ്രവർത്തിക്കാത്തപക്ഷം സ്കൂളിന്റെ നിരാക്ഷേപ പത്രം റദ്ദാക്കൽ, മാതൃഭാഷ പഠിപ്പിക്കാത്തപക്ഷം പ്രധാനാധ്യാപകരിൽനിന്ന് പിഴ ഈടാക്കൽ തുടങ്ങിയ കർക്കശ നടപടികൾ വ്യവസ്ഥ ചെയ്തതിലൂടെ മാതൃഭാഷാ സംരക്ഷണത്തിൽ ഗവൺമെന്റ് എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. പത്താം ക്ലാസിൽ ഉയർന്ന വിജയം കൈവരിക്കുന്നവർക്ക് തുടർന്ന് രണ്ടുവർഷം മലയാളം പഠിക്കാൻ സ്കോളർഷിപ‌് ഏർപ്പെടുത്തുമെന്നുള്ള തീരുമാനം മാതൃഭാഷാ പഠന നിയമത്തിന്റെ ഗൗരവത്തെ ഉയർത്തിപ്പിടിക്കുന്നു. ഭാഷാന്യൂനപക്ഷ സ്കൂളുകളിലും ഓറിയന്റൽ സ്കൂളുകളിലും നിലവിലുള്ള പാഠ്യപദ്ധതിയിൽ മലയാള ഭാഷാപഠനംകൂടി ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയും സമാനമായ രീതിയിൽ പ്രാധാന്യമർഹിക്കുന്നു. പല തലങ്ങളിലായി വിദ്യാർഥികളുടെ അഭിരുചികൾ പരീക്ഷിച്ചറിയാനുള്ള അവസരങ്ങളും ഭാഷ‐സാഹിത്യരംഗത്തെ സർഗാത്മകത മുൻനിർത്തി മികവുകൾ തെളിയിക്കാനുള്ള അവസരങ്ങളും ഉണ്ടാകണം. ഭാഷ‐സാഹിത്യ പാരമ്പര്യങ്ങൾ സൂക്ഷ്മമായി ഗ്രഹിക്കാനും പിന്തുടരാനും കഴിവുനൽകുന്ന തരത്തിലുള്ള പരിചയപ്പെടുത്തലുകളും അന്വേഷണങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാകണം. മത്സരപരീക്ഷകൾ ഉദ്യോഗാർഥികൾക്ക് മാതൃഭാഷയിൽ എഴുതാൻ കഴിയണം.

മാതൃഭാഷാപരിചയം, മാതൃഭാഷാ പരിജ്ഞാനം ‐ ഇവയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയവ സംവിധാനം ചെയ്യാനും കഴിയണം. 2017  ജൂൺ ഒന്നിന് ഗവർണർ അംഗീകരിച്ച മലയാള ഭാഷാനിയമത്തിന്, ഒരുവർഷക്കാലത്തിനുള്ളിൽ വ്യക്തമായ ചട്ടങ്ങൾ രൂപപ്പെടുത്തി നിയമസഭാ ബജറ്റ് കമ്മിറ്റിയെക്കൊണ്ട് അംഗീകരിപ്പിക്കാനും ഈ  അധ്യയനവർഷത്തിൽത്തന്നെ പ്രാബല്യത്തിൽ വരുത്താനും മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തിന് കഴിഞ്ഞിരിക്കുന്നു എന്നത് അത്യന്തം പ്രശംസനീയമാണ്. മാതൃഭാഷാസംരക്ഷണത്തെ സംബന്ധിച്ചുള്ള വിശാലവും ജനാധിപത്യപരവുമായ ഈ നിയമം സുഗമമായി നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തം ഓരോ മലയാളിക്കുമുണ്ട്.

മലയാളത്തിന്റെ ഭാവി
    
മലയാളം ഉൾപ്പെടെ ലോകത്തിലെ ആയിരക്കണക്കായ ഭാഷകളുടെ മരണത്തെ കുറിച്ചുള്ള ആശങ്ക അന്തരീക്ഷത്തിൽ ഘനീഭവിച്ചുനില്‍ക്കുന്ന കാലമാണിത്.
.
        വൈജ്ഞാനിക സാഹിത്യത്തിന്റെ ഭാഷ
                                 സർഗാത്മകസാഹിത്യത്തിന്റെ കാര്യം എന്തായാലും വൈജ്ഞാനികസാഹിത്യത്തിന്റെ കാര്യത്തിൽ മലയാളത്തിന്റെ നില യഥാര്‍ത്ഥമായിത്തന്നെ വളരെ പരുങ്ങലിലാണ് എന്ന് പൊതുവേ ഒരു ധാരണയുണ്ട്.ശാസ്ത്രസാങ്കേതികവിഷയങ്ങൾ കൈകാര്യം ചെയ്യാനാവാശ്യമായ പദസഞ്ചയം ഭാഷക്കില്ല,ഈ വിഷയങ്ങൾ മലയാളം മാധ്യമത്തിൽ പഠിക്കുന്നവർ‍ക്ക് അതാത് വിഷയങ്ങളിലെ വളർച്ചകളെ കുറിച്ച് അപ്പപ്പോൾ കൃത്യമായ ധാരണകൾ സ്വരൂപിക്കാനാവില്ല,അന്യദേശക്കാരുമായി ആശയ വിനിമയം സാധ്യമാവില്ല,വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോവാനാവില്ല, വിദേശങ്ങളിലെ തൊഴിൽമേഖലകളിൻ എത്തിപ്പെടാനാവില്ല എന്നിങ്ങനെ ഒട്ടുവളരെ ആശങ്കകൾ ഇത് സംബന്ധിച്ച് നിലവിലുണ്ട്.വിശദമായ പരിശോധനയും കൃത്യമായ പരിഹാരനിർ‍ദ്ദേശങ്ങളും ആവശ്യപ്പെടുന്ന പ്രശ്നങ്ങൾ തന്നെയാണ് അവ.ആ വഴിക്കുള്ള ധാരാളം ശ്രമങ്ങൾ ഇതിനകം ഉണ്ടായിക്കഴിഞ്ഞിട്ടുമുണ്ട്.

   മലയാളത്തിന്റെ പദസമ്പത്തിന് വലിയ വളർ‍ച്ചയും വാക്യസംരചനയുടെ തലത്തിൽ ആവശ്യമായ വൈവിധ്യപൂർ‍ണതയും സാധ്യമാവണമെങ്കിൽ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൾ മൌലികരചനകൾ ധാരാളമായി ഉണ്ടാവുകയും അവയ്ക്ക് വിപുലമായ പൊതുജനസമ്മതി കൈവരികയും വേണം.പദങ്ങളുടെ കാര്യത്തിൽ ഈ രംഗത്ത് പറയത്തക്ക ദാരിദ്യമൊന്നും നമ്മുടെ ഭാഷയ്ക്കില്ല.ചെറിയ അളവിൽ ഉണ്ടെങ്കിൽ അത് എളുപ്പത്തിൽ പരിഹരിക്കാൻ നമ്മെ സഹായിക്കുന്ന തരത്തിലുള്ള ധാരാളം മാതൃകകൾ നേരത്തേ നിര്‍മിക്കപ്പെട്ടുകഴിഞ്ഞിട്ടുമുണ്ട്.യഥാർത്ഥ പ്രശ്നം ഈ വിഷയങ്ങളെക്കുറിച്ച് ജനകീയാവബോധം വളർ‍ത്തുന്നതിന് സഹായകമാവുന്ന ലേഖനങ്ങളും പുസ്തകങ്ങളും ആകർഷകമായ രൂപഭാവങ്ങളോടെ നിർ‍മിക്കപ്പെടുന്നില്ല എന്നതാണ്. ശാസ്ത്രസാങ്കേതിക വിഷയങ്ങളെ യാന്ത്രികമായും വൈദേശിക ആഖ്യാനശൈലി പിന്‍പറ്റിക്കൊണ്ടും മലയാളത്തിലേക്ക് കൊണ്ടുവരുന്നതിനു പകരം നമുക്ക് നമ്മുടേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാൻ കഴിയണം.ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികൾ',ഇ.ഉണ്ണികൃഷ്ണന്റെ 'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ',ബി.സി.ബാലകൃഷ്ണന്റെ 'കേരളത്തിലെ ഔഷധസസ്യങ്ങൾ എന്നിങ്ങനെയുള്ള കൃതികളിൽ കാണുന്നതു പോലുള്ള ലാളിത്യം ഭൌതികശാസ്ത്രവിഷയങ്ങളുടെ കാര്യത്തിൽ സാധ്യമാവില്ല.സാധാരണജനങ്ങൾക്ക് അത്തരം വിഷയങ്ങളിൽ ഒരു പരിധിക്കപ്പുറം തല്പര്യമുണ്ടാവാനും വഴിയില്ല.എങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെ ഏതറ്റം വരെയും പോകാൻ പാകത്തിൽ ഈ വിഷയങ്ങളിൽ പുസ്തകങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കേണ്ടത് ഭാഷയുടെ പൊതുവായ ആവശ്യമാണ്.
           ഈ രംഗത്ത് ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് എന്‍.വി.കൃഷ്ണവാരിയരുടെ കാലത്ത് മിക്കവാറും ചട്ടപ്പടിയായിട്ടാണെങ്കിലും കുറേയേറെ കാര്യങ്ങൾ ചെയ്തു പോന്നിട്ടുണ്ട്.അതിന്റെ സദ്ഫലങ്ങൾ മലയാളം അനുഭവിച്ചുപോരുകയും ചെയ്യുന്നുണ്ട്.എങ്കിലും ഇന്‍സ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള സര്‍ക്കാർസ്ഥാപനങ്ങള്‍ വഴി നടക്കുന്ന പുസ്തകപ്രസാധനത്തിന് കാര്യമായ പല പരിമിതികളും ഇപ്പോഴുമുണ്ട്.ഒന്നാമത്തെ കാര്യം അവ ബഹുജനങ്ങളുടെ വായനാനുഭവത്തിന്റെ ഭാഗമായിത്തീരുന്നില്ല എന്നതാണ്.വിദ്യാർത്ഥികളെയും ഗവേഷകരെയും ഓരോ വിഷയത്തിലെയും വിദഗ്ധരെയുമാണ് ഈ സ്ഥാപനങ്ങളുടെ പുസ്തകങ്ങൾ പ്രാഥമികമായും അഭിസംബോധന ചെയ്യുന്നത്.അത് അങ്ങനെയാവുക തന്നെയാണ് ശരി.സാധാരണവായനക്കാരെ ഉദ്ദേശിച്ച് ജനപ്രിയശൈലിയിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളല്ല അവ.എങ്കിലും ശാസ്ത്രത്തിലും ശാസ്ത്രേതരവിഷയങ്ങളിലും ഉണ്ടാവുന്ന പുത്തൻ വളർച്ചകൾ‍ ജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള പദ്ധതികൾ കൂടി ഇന്നത്തെ സാഹചര്യത്തിൽ ഈ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതാണ്.പുതിയ അറിവുകളെ നമ്മുടെ പൊതുബോധത്തിന്റെ ഭാഗമാക്കിത്തീർക്കുന്നതിനും ഭാഷയുടെ നിത്യവ്യവഹാരത്തിലേക്ക് ധാരാളം പുതിയ പദങ്ങള്‍ കൊണ്ടുവരുന്നതിനും അത് അത്യാവശ്യമാണ്.പോപ്പുലര്‍ സയൻസ് വിഭാഗത്തിൽപെട്ട പുസ്തകങ്ങൾ ചില സർക്കാര്‍ ഇതര ഏജന്‍സികള്‍ ഇപ്പോൾ തന്നെ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാവശ്യങ്ങൾക്കു വേണ്ടി ഉണ്ടാക്കിയെടുക്കുന്നതും ബൌദ്ധികമായും ഭാവനയുടെ തലത്തിലും വളരെ താഴ്ന്ന നിലവാരം പുലർ‍ത്തുന്നതുമായ അത്തരം പുസ്തകങ്ങൾ നമ്മുടെ ഭാഷയുടെ ആന്തരികശേഷിയെ അല്പം പോലും വളർ‍ത്തുകയില്ല.മലയാളത്തെ പറ്റി മതിപ്പ് വളർത്താനല്ല വില കുറഞ്ഞ ഇംഗ്ളീഷ് പുസ്തകങ്ങളിൽ നിന്ന് കോപ്പിയടിച്ച് വെക്കാൻ മാത്രം പറ്റുന്ന ഒരു ഭാഷയാണ് നമ്മുടേത് എന്ന പ്രതീതിയുണ്ടാക്കാനേ ആ പുസ്തകങ്ങൾസഹായിക്കുകയുള്ളൂ.ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് സഹായകമാവുന്ന നടപടികൾ സാംസ്കാരിക വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രസിദ്ധീകരണവിഭാഗങ്ങളിൾ നിന്ന് ഉണ്ടാവേണ്ടതുണ്ട്.ചരിത്രം മുതല്‍ വൈദ്യശാസ്ത്രത്തിന്റെ വിവിധശാഖകൾ വരെയുള്ളവയിൽ പഠനതാല്പര്യമുള്ള എല്ലാ വായനക്കാർക്കും സാമാന്യത്തിൽ‍ കവിഞ്ഞുള്ളതും ആധികാരികവുമായ അറിവ് നല്‍കാന്‍ പര്യാപ്തമാവുന്ന പുസ്തകങ്ങൾ മലയാളത്തിൽ ധാരാളമായി ഉണ്ടാവണം.

മലയാളം സർവകലാശാല

    മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി കൈവരുന്നതും മലയാളത്തിന് സ്വന്തമായി ഒരു സർവകലാശാല ഉണ്ടാവുന്നതുമെല്ലാം ഭാഷയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ആവശ്യമായ ധനം സർക്കാറിൽ നിന്ന് ലഭ്യമാക്കുന്നതിന് സഹായകമാവും.കുറേ പേർക്ക് ചെറുതും വലുതുമായ തൊഴിലുകൾ ലഭിക്കുകയും ചെയ്യും.അത്രത്തോളം അത് നല്ലതുതന്നെ.പക്ഷേ, ഭാഷ നേരിടുന്ന വെല്ലുവിളികളുടെ സമസ്തതലങ്ങളെയും കുറിച്ചുള്ള അഗാധമായ അന്വേഷണങ്ങളിലൂടെയും അത്തരം അന്വേഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള പരിശ്രമങ്ങളിലൂടെയും തന്നെയേ ഭാഷയെ രക്ഷിക്കാനാവൂ.

ഉന്നതവിദ്യാഭ്യാസരംഗത്തെ നയരൂപീകരണഠ മലയാളം സർവകലാശാലയെയും ബാധിക്കാം. ഒരു ജനതയെന്ന നിലയിൽ മലയാളിസമൂഹം രൂപപ്പെട്ടു വന്നതിന്റെ നാനാതലങ്ങളും വർത്തമാനകാലമലയാളി സമൂഹം ആവിഷ്ക്കാരത്തിന്റെ വിവിധമേഖലകളിലും മറ്റ് വ്യവഹാരങ്ങളിലും അനുഭവിക്കുന്ന പ്രശ്നങ്ങളും അവരുടെ ഭാവിസാധ്യതകളും തികച്ചും സർഗാത്മകമായി പഠിക്കാന്‍ സഹായകമാവുന്ന പാഠ്യപദ്ധതിയും പഠനരീതിയും മലയാളം സർ‍വകലാശാലയിലെ മലയാളം ഐച്ഛികത്തിനെങ്കിലും അടിസ്ഥാനവിഷയമായി ഉണ്ടാവണം.മലയാളികൾ സഹസ്രാബ്ദങ്ങളിലൂടെ വളർത്തിക്കൊണ്ടു വന്ന കലാരൂപങ്ങൾ,അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയ ദർ‍ശനങ്ങൾ,അവരുടെ ഭൌതികവും ആത്മീയവുമായ പുരോഗതിയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ ഇടപെടലുകൾ ഇവയെക്കുറിച്ചെല്ലാമുള്ള അറിവിന്റെ ഉല്പാദകരും വിതരണക്കാരമായി മാറാൻ അവിടത്തെ അധ്യാപകർക്കും വിദ്യാർത്ഥികൾ‍ക്കും കഴിയണം. ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെ നേടി പുറത്തിറങ്ങുന്നവര്‍ക്ക് കേരളത്തിനകത്തു തന്നെ തൊഴില്‍ ഉറപ്പാക്കാൻ പറ്റുന്ന വിധത്തിൽ‍ പ്രവേശനം പരമാവധി പരമിതപ്പെടുത്തി വൈദ്യശാസ്ത്രം ഉൾ‍പ്പെടെയുള്ള മറ്റു വിഷയങ്ങളും ഈ സർ‍വകലാശാലയിൽ‍ മലയാളം മാധ്യമത്തിൽ പഠിപ്പിക്കണം.വിദ്യാർ‍ത്ഥികള്ക്ക് സാമൂഹ്യബോധവും ചരിത്രബോധവും ഉറപ്പാക്കും വിധത്തിൽ സാഹിത്യത്തിന്റെയും മാനവിക വിഷയങ്ങളുടെയും പഠനവും അത്തരം കോഴ്സിന്റെ ഭാഗമാക്കിത്തീര്‍ക്കാൻ മലയാളം സർവകലാശാലക്ക് കഴിയണം.രാജ്യത്തെ വിദ്യാഭ്യാസമേഖയിലും രാഷ്ട്രീയത്തിലും പൊതുജീവിതത്തിൽ ആകെത്തന്നെയും കേവലമായ വ്യാപാരയുക്തിയും ലാഭക്കൊതിയും ഭരണം നടത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്.ഇതില്‍ നിന്ന് സ്വന്തം വിദ്യാര്‍ത്ഥി സമൂഹത്തെയെങ്കിലും മോചിപ്പിക്കാന്‍ കഴിയുന്ന പാഠ്യപദ്ധതിയും ഭരണസംവിധാനവും വിഭാവനം ചെയ്തുകൊണ്ടു മാത്രമേ മലയാളം സർവകലാശാല എന്ന ആശയത്തെ പ്രവൃത്തിപഥത്തിലെത്തിക്കാവൂ.അല്ലെങ്കിൽ നിലവിൽ മറ്റ് സർവകലാശാലകൾ നേരിട്ടുകൊണ്ടിരിക്കുന്നതും അപരിഹാര്യം എന്ന് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരമെല്ലാം വിധിയെഴുതുന്നതുമായ കൊടിയ പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന മറ്റൊരു സ്ഥാപനം മാത്രമായിരിക്കും ഉണ്ടാവാൻ പോവുന്നത്.

ഭാവുകത്വം മാറണം;
                 ദർശനവും സ്കൂൾ തലത്തിലെയും കോളേജ്തലത്തിലെയും മലയാളം പാഠ്യപദ്ധതിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലും മലയാളത്തിനു വേണ്ടി സർ‍വകലാശാല തന്നെ ഉണ്ടാക്കിയാലും അവയിൽ നിന്നെല്ലാം ഉണ്ടാവുന്ന പുതിയ ഊർജം ഭാഷയ്ക്ക് ആരോഗ്യവും ഓജസ്സും പകരുംപടി ആയിത്തീരണമെങ്കില്‍ പ്രധാനമായും രണ്ടുമൂന്നു കാര്യങ്ങൾ സംഭവിക്കണം.

1.സർഗാത്മസാഹിത്യത്തിലും ഇതരകലകളിലും ഉള്ള താല്പര്യം സമൂഹത്തിൽസജീവമായി നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നതിനുള്ള ഭാവുകത്വപരിസരം സൃഷ്ടിക്കപ്പെടണം..അതിന് സഹാകമാവുന്ന രാഷ്ട്രീയാന്തരീക്ഷവും വിദ്യാഭ്യാസാന്തരീക്ഷവും വേണം.
2.സർ‍ഗാത്മകസാഹിത്യത്തിലും കലയുടെ മറ്റ് രൂപങ്ങളിലും ഉണ്ടാവുന്ന ശ്രദ്ധേയമായ എല്ലാ പുതുരചനകളെയും ചനലങ്ങളെയും അപ്പപ്പോൾ വിശദമായും ആധികാരികമായും പരിചയപ്പെടുത്താനും പുതിയ ദിശാബോധം നല്‍കാനും പാകത്തിലുള്ള സാഹിത്യനിരൂപണവും കലാനിരൂപണവും മലയാളത്തില്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം.നിരൂപണം എന്നതിന് എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ പേര് ആവർത്തിച്ച് പറയുക,പരസ്യമെഴുത്തിന്റെ ഭാഷയിൽ പുകഴ്ത്തുക,കഥ പറയുക,നിരുത്തരവാദപരമായി നിന്ദിക്കുക,വെറുതെ സിദ്ധാന്തം പറയുക എന്നിങ്ങനെയൊക്കെയുള്ള അർ‍ത്ഥങ്ങളാണ് ഇന്ന് നിലവിലുള്ളത്.ഈ സ്ഥിതി പാടേ മാറണം.മലയാളിയുടെ പ്രജ്ഞയും ഭാവനയും വിവിധ മേഖലകളിൽ നടത്തുന്ന ഗൌരവപൂർണമായ നിർമിതികളുടെയും പരീക്ഷണങ്ങളുടെയും ഫലങ്ങളെ നമ്മുടെ സാംസ്കാരികാവബോധത്തിന്റെ ഭാഗമാക്കിത്തീർക്കുന്ന ഗംഭീരമായ പ്രവൃത്തിയാണ് നിരൂപണത്തിന് നിർ‍വഹിക്കാനുള്ളത്.ഈയൊരു ധാരണയോടെ നിരൂപണമെന്ന മാധ്യമത്തെ സമീപിക്കുന്ന കുറേ പേരെ മലയാളഭാഷ ആവശ്യപ്പെടുന്നുണ്ട്.     
3.ചരിത്രം,സാമൂഹ്യശാസ്ത്രം,ദർശനം എന്നീ വിഷയങ്ങളിൽ  വിശകലനരീതിയുടെയും ആവിഷ്ക്കാരത്തിന്റെയും തലങ്ങളിൽ മലയാളിയുടേതായ തനതുശൈലികൾരൂപപ്പെടുത്താനാവുമോ എന്നതിനെ കുറിച്ചുള്ള ഗൌരവപൂർ‍ണമായ അന്വേഷണങ്ങളാണ് നമ്മുടെ മറ്റൊരടിയന്തിരാവശ്യം.

മലയാളഭാഷ വാസ്തവത്തിൽ അനുഭവങ്ങളുടെയും അറിവിന്റെയും ആഴങ്ങളും ഉയരങ്ങളും കണ്ട് പേടിച്ച് പതുങ്ങി നില്‍ക്കുന്ന അവസ്ഥയിൽ തന്നെയാണോ?അത്രമേൽ ആത്മവിശ്വാസക്കുറവ് തോന്നാൻ‍  മാത്രം പദദാരിദ്യ്രവും മറ്റ് പരാധീനതകളുമുള്ള ഒരു ഭാഷയാണോ മലയാളം? നമ്മുടെ പ്രശ്നം നമ്മുടെ ഭാഷയ്ക്കുള്ള ശേഷികളെ വകവെച്ചുകൊടുക്കാൻ നമുക്കുതന്നെയുള്ള വൈമനസ്യമാണ്.അത് ഒരു ജനതയെന്ന നിലയിൽ നമുക്കുള്ള ആത്മവിശ്വാസക്കുറവിൽ നിന്നും അടിമമനോഭാവത്തിൽ നിന്നും ഉണ്ടാവുന്നതാണ്.ചരിത്രപരവും സാമൂഹ്യവും രാഷ്ട്രീയവുമൊക്കെയായ പല കാരണങ്ങൾ അതിനു പിന്നിൽ പ്രവർ‍ത്തിക്കുന്നുണ്ടാവും.അവയെക്കുറിച്ചെല്ലാമുള്ള അന്വേഷണങ്ങൾ ഭാഷാസംരക്ഷണത്തിനുള്ള പ്രവർത്തനങ്ങളുടെ ഭാഗം തന്നെയാണ്.അതിലും പ്രധാനപ്പെട്ട കാര്യം മലയാളഭാഷയ്ക്ക് യഥാർ‍ത്ഥത്തിൽ ഇന്ന് നിലവിലുള്ള ശേഷികളെയും സാധ്യതകളെയും കുറിച്ച് നമ്മെ തന്നെ ബോധ്യപ്പെടുത്തുൽ ഭാഷയെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യലാണ്.സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും സംവാദങ്ങൾ‍,മറ്റ് വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇവയൊക്കെ വളരെ ജനകീയമായ തലത്തിൽ നടന്നുകൊണ്ടിരുന്ന കാലത്താണ് മലയാളഭാഷ ലോകത്തിലെ ഏത് വികസിതസംസ്കാരത്തിലെയും അനുഭവങ്ങളെ ഉള്‍ക്കൊള്ളാൻ പോന്ന സർവതലസ്പർ‍ശിയായ വളർ‍ച്ച നേടിയത്.അത്തരം സംവാദങ്ങളെയെല്ലാം സാധ്യമാക്കിയത് മലയാളികളുടെ ഭാവിയെ കുറിച്ച് മാത്രമല്ല ലോകജനതയുടെ ആകെത്തന്നെ ഭാവിയെ കുറിച്ച് വിശാലവും ഗംഭീരവുമായൊരു ദര്‍ശനം സ്വന്തമായി ഉണ്ടായിരുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനമാണ്.അതിന്റെ തകര്‍ച്ച സൃഷ്ടിച്ച പല ഉത്കണ്ഠകളില്‍ ഒന്നു തന്നെയാണ് ഭാഷയെ കുറിച്ചുള്ളതും.
                           ഭരണരംഗത്തു നിന്നുള്ള അനുകൂലനടപടികൾ,വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും നടത്തിപ്പും ആസൂത്രണം ചെയ്യുന്നവരുടെ പക്ഷത്തു നിന്നുള്ള ഉറച്ച പിന്തുണ, സര്‍ഗാത്മകസാഹിത്യകാരാരുടെയും കലാകാരാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ബോധപൂര്‍വമായ ഇടപെടലുകൾ,രാഷ്ട്രീയപ്പാര്‍ട്ടികളും സാംസ്കാരികസംഘടനകളും നടത്തുന്ന ബോധവല്‍ക്കരണം ഇവയെല്ലാം ചേര്‍ന്നാലെ തന്റെ മാതൃഭാഷ കിണറ്റില്‍ വീണ് പേടിച്ചരണ്ടു കിടക്കുന്ന പൂച്ചയുടെ അവസ്ഥയിലല്ലെന്ന് ഓരോ മലയാളിക്കും പൂര്‍ണമായും ബോധ്യം വരികയുള്ളൂ.
ക.
.                       മലയാളം നിർബന്ധിത ഒന്നാം ഭാഷയും നിലവാരമുള്ള ഇംഗ്ലീഷ് അധ്യാപകരെ മുഴുവൻ ക്ലാസിലും വച്ചുകൊണ്ട് പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാം.ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ ,എഴുതാൻ,വായിക്കാൻ അതിനു മലയാളം സംസാരിക്കുന്ന ഒരു ജനതയെയും സംസ്കാരത്തെയും എന്തിനാണ് ഇല്ലാതാക്കുന്നത്?.

കേരളത്തിൽ മലയാളം ഭാഷ നേരിടുന്ന വിവിധ വെല്ലുവിളികൾ:
1.ഇംഗ്ലീഷ് ഭാഷയിൽ ഉള്ള വിദ്യാഭ്യാസ സമ്പ്രദായം .
2.ഭരണ ഭാഷ മലയാളമല്ലാത്ത അവസ്ഥ .
3.ഭരണാധികാരികളുടെ ഭാഷയോടുള്ള നിഷേധാത്മക സമീപനം.
4.മലയാളികൾ സ്വന്തം ഭാഷയോട് കാണിക്കുന്ന അവഗണന.
5.ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിൽ മലയാളം വികലമായി സംസാരിക്കുന്നത്.
6.മലയാളം ഭാഷ ഓണ്‍ലൈൻ -വിവര വിജ്ഞാന മേഖലയിലെ കാലതാമസം / ഗവേഷണമില്ല.
7.മലയാളത്തിൽ വിവർത്തന സംവിധാനം ഇല്ലാത്തത് .
8.നാമഫലങ്ങൾ ഇംഗ്ലീഷിൽ മാത്രം എഴുതി വെയ്ക്കുന്ന പ്രവണത.
9.മലയാള സംസാര ഭാഷയിലെ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരം .
10.മലയാളത്തിൽ പുതിയ എഴുത്തുകാർ വരാത്തത്‌ .
11.ഇന്റർനെറ്റിൽ മലയാള വിവര -വിജ്ഞാന ശേഖരം ഇല്ലാത്തത്
12.മലയാളം പഠിക്കാതെ കേരളത്തിൽ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി
13.മലയാളത്തെ രണ്ടാം തരമായി ചിത്രികരിക്കുന്ന ചില ഇംഗ്ലീഷ് അധിനിവേശ പ്രമാണിമാരുടെ ധാർഷ്ട്യം 

No comments:

Post a Comment