ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Friday, 11 June 2021

അഭിപ്രേരണ അഥവാ പ്രചോദനം (Motivation)

 

പ്രചോദനം 

 

              ഒരു പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനും മുമ്പോട്ടുനയിക്കപ്പെടുന്നതിനും പ്രേരണാശക്തിയായി നില്‍ക്കുന്ന ചിന്താഘടകമാണ്  (അന്ത:ചോദനയാണ്) പ്രചോദനം.

പിയാഷെയുടെ കാഴ്ചപ്പാടില്‍ അനുരൂപീകരണത്തിനു പ്രേരകമാകുന്ന വൈജ്ഞാനിക അസന്തുലിതാവസ്ഥ തന്നെയാണ് പ്രചോദനം.അനുരൂപീകരണത്തിലൂടെ ലഭിയ്ക്കുന്ന സംതൃപ്തി തന്നെ വീണ്ടും പ്രചോദനമായി മാറുന്നു.പ്രചോദനം ആന്തരികമോ ബാഹ്യമോ ആയിരിയ്ക്കാം.വ്യവഹാരവാദികള്‍ ബാഹ്യപ്രചോദനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നു.

എന്നാല്‍ ജ്ഞാനനിര്‍മ്മിതിവാദികള്‍ ആന്തരിക പ്രചോദനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.പഠനത്തില്‍ ആന്തരികപ്രചോദനം കുറവുള്ളവരെ ലഘുവായ ബാഹ്യപ്രചോദനങ്ങളിലൂടെ പ്രവര്‍ത്തനങ്ങളിലേയ്ക്ക് നയിയ്ക്കുവാനും പിന്നീട് പ്രവര്‍ത്തനത്തിനനുസൃതമായ ആന്തരികപ്രചോദനങ്ങളിലേയ്ക്ക് എത്തപ്പെടുവാനും കഴിയും.

            പഠനത്തില്‍ ജീവശാസ്ത്രപരമായ ആവശ്യങ്ങള്‍ പലപ്പോഴും പ്രാഥമികമായ പ്രചോദനങ്ങളായി മാറുകയും, സാമൂഹ്യപരവും മനശാസ്ത്രപരവുമായ ആവശ്യങ്ങള്‍ തുടര്‍ച്ചയായ ആന്തരിക പ്രചോദനങ്ങളായിമാറുകയും ചെയ്യും.മാനവികതാവാദിയായ ഏബ്രഹാം മാസ്ളോവ് , മനുഷ്യന്റെ ആവശ്യങ്ങളെ മനശാസ്ത്രപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സ്ഥാനശ്രേണി :-

·                  ആത്മസാക്ഷാത്കരപരമായ ആവശ്യങ്ങള്‍

·                  സൌന്ദര്യാസ്വാദനപരമായ ആവശ്യങ്ങള്‍

·                  വൈജ്ഞാനികപരമായ ആവശ്യങ്ങള്‍

·                  ഗണ്യതാപരമായ ആവശ്യങ്ങള്‍

·                  സ്നേഹബന്ധപരമായ ആവശ്യങ്ങള്‍

·                  സുരക്ഷാപരമായ ആവശ്യങ്ങള്‍

·                  ജൈവശാസ്ത്രപരമായ ആവശ്യങ്ങള്‍

 

ആവശ്യങ്ങളില്‍നിന്ന് പ്രചോദനം ജനിയ്ക്കുന്നു.പ്രചോദനത്തില്‍നിന്ന് പിരിമുറുക്കം അനുഭവപ്പെടുന്നു.പിരിമുറുക്കം ഒഴിവാക്കുവാനുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു.

പ്രവര്‍ത്തനപൂര്‍ത്തീകരണത്തിലൂടെ സംതൃപ്തി കൈവരിക്കുന്നു.സംതൃപ്തി നിലനിര്‍ത്തുവാനും കൂടുതല്‍ മികവു നിലനിര്‍ത്തുവാനുമുള്ള സാഹചര്യങ്ങള്‍ പുതിയ ആവശ്യങ്ങളിലേയ്ക്കും അഭിപ്രേരണകളിലേയ്ക്കും നയിയ്ക്കും. പ്രചോദനത്തിന്റെ ഈ ചാക്രീക ചലനത്തെയാണ് അഭിപ്രേരണാചക്രം എന്നുപറയുന്നത്

 

അഭിപ്രേരണയെ രൂപീകരിയ്ക്കുന്ന/ നിര്‍ണ്ണയിയ്ക്കുന്ന ഘടകങ്ങള്‍

1.അഭിരുചി ( Aptitude / inner Taste)

2. ഉത്പ്രേരണകള്‍  (Incentives)

3. മത്സരവും സഹകരണവും (Competition & Co operation)

4. പുരോഗതിയെക്കുറിച്ചുള്ള അറിവ്  (Knowledge about Progression)

5. വിജയബോധം/പരാജയഭീതി (Sense of Victory/Fear of failure)

6. അഹംബുദ്ധി (Ego Involvement)

7. അഭിലാഷനില (strength of will)

 

അഭിപ്രേരണ കുട്ടികളില്‍ സൃഷ്ടിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍:

 

ലക്ഷ്യം നിര്‍ണ്ണയിയ്ക്കല്‍

·        പഠനത്തെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധിപ്പിക്കുക

·        പഠനസന്ദര്‍ഭത്തെ പ്രശ്നങ്ങളായി അവതരിപ്പിക്കുക

·        മാനസികവും ബുദ്ധിപരവുമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുക

·        പഠനപ്രശ്നവുമായി ബന്ധപ്പെട്ട് സ്വന്തം അഭിരുചിയ്ക്കും താത്പര്യത്തിനുമനുസരിച്ച് മേഖലകളും ശേഷികളും അവരവരുടെ നിലവാരത്തിനനുസരിച്ച് സ്വയം തിരഞ്ഞെടുക്കുവാന്‍ വേണ്ട കൈത്താങ്ങലുകള്‍ നല്‍കുക

 

ഹൃദ്യമായ അന്തരീക്ഷം സൃഷ്ടിക്കുക

·        ശിശുകേന്ദ്രീകൃത പഠനരീതിയുടെ പ്രയോഗം

·        ആകര്‍ഷകമായ ഭൌതീക ചുറ്റുപാട്

·        രസകരമായ പഠനാനുഭവങ്ങളുടെ ലഭ്യത

പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുക

·        ജനാധിപത്യരീതിയിലുള്ള ഇടപെടലുകള്‍

·        തുല്യാവസരങ്ങളുടെ ലഭ്യത

·        പഠനം പങ്കിടുവാനുള്ള അവസരം

അഹംബദ്ധത വര്‍ദ്ധിപ്പിക്കുക

·        ആത്മവിശ്വാസം നല്‍കുക/വര്‍ദ്ധിപ്പിക്കുക

·        സ്വയം വിലയിരുത്താനുള്ള അവസരം

·        കൂടുതല്‍ ആത്മാവിഷ്കാരത്തിനുള്ള അവസരം നല്‍കുക

·        പ്രശംസയും അഭിനന്ദനവും

നേട്ടങ്ങളെക്കുറിച്ചുള്ള അറിവു നല്‍കുന്നു

·        പഠനപുരോഗതി അറിയിക്കുന്നു

·        തത്സമയവിലയിരുത്തല്‍

·        നേട്ടങ്ങളെക്കുറിച്ചു സ്വയം ബോധ്യപ്പെടുന്നു

·        ഉല്‍പ്പന്നങ്ങളും വിലയിരുത്തലും സൂക്ഷിച്ചുവെയ്ക്കുന്നു

 

വൈവിധ്യതയുള്ള പഠനപ്രവര്‍ത്തനങ്ങള്‍

·        നൂതനവും ആകര്‍ഷകവുമായ പ്രവര്‍ത്തനം

·        മനശാസ്ത്രപരവും ബോധനശാസ്ത്രപരവുമായ തത്വങ്ങളില്‍ അധിഷ്ഠിതവുമായ പ്രവര്‍ത്തനം

·        ദൃശ്യ- ശ്രവ്യ ഉപകരണങ്ങളുടെ ഉപയോഗം