ഭാഷ ആർജിക്കാനും ആശയവിനിമയം
നടത്താനുമുള്ള ജന്മസിദ്ധമായ കഴിവ് മനുഷ്യനുണ്ട്. ആശയവിനിമയോപാധി എന്നതിനപ്പുറം ഭാഷ ഒരു ജനതയുടെ സ്വത്വബോധത്തിൻെറ യും സംസ്കാരത്തിൻെറയും
പ്രതിഫലനംകൂടിയാണ്.സാമൂഹിക ജീവിതത്തിന്റെ വിഭിന്ന തലങ്ങൾ തിരിച്ചറിയാനും ലോകത്തിന്റെ ഗതിവിഗതികൾ അറിയാനും മനുഷ്യനെ (പഠിതാവിനെ)
പ്രാപ്തനാക്കുന്നത് ഭാഷയാണ്.പഠിതാവ്
ശൈശവത്തിൽ സ്വായത്തമാക്കുന്ന ഭാഷ -മാതൃഭാഷ-ബോധനപ്രക്രിയയിൽ പ്രാധാന്യം
അർഹിക്കുന്നു. മാതൃഭാഷ പഠിതാവിന്റെ ചിന്താശേഷിയെയും പഠനത്തെയും സ്വാധീനിക്കുന്നു.
ഭാഷാർജ്ജനത്തിന്റെ ആദ്യഘട്ടത്തിൽ കുട്ടിയിൽ പ്രബലമായി രൂപപ്പെടുന്ന
ഭാഷയാണ് മാതൃഭാഷ. കുട്ടിയുടെ വികാരവിചാരങ്ങളും പ്രതികരണങ്ങളും പ്രതിഫലിപ്പിക്കാൻ
കഴിയുന്ന ഉചിതമായ മാധ്യമമാണിത്. വിദ്യാഭാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്തമായ ധർമങ്ങൾ
അനുഷ്ഠിക്കാൻ മാതൃഭാഷയ്‌ക്ക് കഴിയും. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സാർത്ഥകമാക്കാൻ
മാതൃഭാഷയ്ക്ക് കഴിയുന്നു എന്നത് എടുത്തു പറയേണ്ട ഒരു നേട്ടമാണ്. ഇതിലൊന്ന്
മാതൃഭാഷാബോധനവും സാന്മാർഗിക വികസനവുമാണ്.
സാന്മാർഗിക
വികസനം (Moral Development )
ഒരു വ്യക്തിയുടെ
വൈകാരികവും വൈജ്ഞാനികവും ഭാഷാപരവും സാമൂഹികവും ശാരീരികവുമായ വളർച്ചയ്ക്കും
വികാസത്തിനും ഒപ്പംതന്നെ സാന്മാർഗികവികാസത്തിനും വിദ്യാഭ്യാസപ്രക്രിയ പ്രാധാന്യം
നൽകുന്നു. സാന്മാർഗികവികാസത്തിൽ വിദ്യാലയം,കുടുംബം,സമസംഘം,സമൂഹം
എന്നിവ സ്വാധീനം ചെലുത്തുന്നു. ലോറൻസ് കോൾബർഗ്, ജീൻ
പിയാഷേ എന്നിവരുടെ ആശയങ്ങളുടെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസവിചക്ഷണർ സാന്മാർഗിക വികസനത്തെ പ്രായോഗിക തലത്തിലേക്ക്
കൊണ്ടുവന്നത്. സാന്മാർഗിക വികസനത്തെ കോൾബർഗ് മൂന്ന് ഘട്ടങ്ങളായി (level) വിഭജിച്ചിരിക്കുന്നു. ഓരോ ഘട്ടത്തിനും രണ്ട് തലങ്ങളുമുണ്ട് (stages).
സാന്മാർഗിക
വികസനവും മാതൃഭാഷാബോധനവും
മാതൃഭാഷയിലുള്ള
മൂല്യപരമായ കഥകൾ,കവിതകൾ,നോവലുകൾ,ലേഖനങ്ങൾ എന്നിവ ബോധനപ്രക്രിയയിൽ ഉൾപ്പെടുത്തുന്നതിലൂടെ അവയെക്കുറിച്ചു
കൂടുതൽ ചിന്തിക്കാനും വിലയിരുത്താനും ചർച്ച ചെയ്യാനും അവസരം ഉണ്ടാകുന്നു.
കഥാപാത്രങ്ങളെക്കുകരിച്ചും അവരുടെ സ്വഭാവത്തെക്കുറിച്ചും വ്യത്യസ്ത
ജീവിതസാഹചര്യങ്ങളെക്കുറിച്ചും കുട്ടികൾ ചിന്തിക്കാൻ ഇടവരുന്നു.
മൂല്യങ്ങളേക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും സ്വാഭാവികമായി കുട്ടികൾ
മനസിലാക്കുന്നു. മൂല്യങ്ങൾ,ധാർമികത,സദാചാരബോധം,നീതിബോധം, സാമൂഹികപ്രതിബദ്ധത,സഹജീവിസ്നേഹം
എന്നിവ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നതിനു പകരം മാതൃഭാഷയുമായുള്ള കുട്ടികളുടെ
വൈകാരികമായ ഇഴയടുപ്പത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠിതാക്കളിൽ സാന്മാർഗിക വികസനം
സാധ്യമാക്കാം. നൂതന സാങ്കേതികവിദ്യയെ (ICT) സാന്മാർഗിക
വികസനത്തിനായി പ്രയോജനപ്പെടുത്താം. ചലച്ചിത്രങ്ങളും ഷോർട്ഫിലിമുകളും സോഷ്യൽ
മീഡിയയിലെ പോസ്റ്റുകളും പരിചയപ്പെടുത്തി അവയെ വിശകലനം ചെയ്യാനും വ്യക്തി
സ്വാതന്ത്ര്യം, ആവിഷ്കാരസ്വാതന്ത്ര്യം, മാനുഷികത, സഹജീവിസ്നേഹം, സഹാനുഭൂതി
എന്നിങ്ങനെയുള്ള മൂല്യങ്ങൾ വളർത്താനും മാതൃഭാഷാബോധനത്തിലൂടെ കഴിയും. മതഗ്രന്ഥങ്ങൾ,
ജീവചരിത്രങ്ങൾ, ആത്മകഥകൾ, യാത്രക്കുറിപ്പുകൾ എന്നിവ മാതൃഭാഷാബോധനത്തിലൂടെയുള്ള സാന്മാർഗിക
വികസനത്തിന് ഉപകരിക്കുന്നവയാണ്.