സ്വതന്ത്ര ഇന്ത്യ മതനിരപേക്ഷതയില്‍ അടിയുറച്ച് നില്‍ക്കുന്നു. മറ്റു പല രാജ്യങ്ങളിലും ഉള്ളതു പോലെ ഇന്ത്യയ്ക്ക് ദേശീയമതമില്ല. ഏതൊരു മതത്തിനും അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ട്. എല്ലാ മതങ്ങളേയും തുല്യമായി പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.നിശ്ചിത അതിര്‍ത്തി, അംഗത്വം, നിയമാവലി, പൗരത്വം തുടങ്ങിയവ അതിലടങ്ങിയിരിക്കുന്നു. ജനങ്ങളും, ഭരണഭൂമേഖലയും, ഭരണകൂടവും ഉള്‍ക്കൊള്ളുന്നതാണ് രാഷ്ട്രം. ഏതൊരു ദേശത്തിനും അതിന്റേതായ അതിര്‍ത്തിയും നിയമങ്ങളുമുണ്ട്. ആയതിനാല്‍ ദേശത്തെ ഒരു സമുദായം എന്ന് കണക്കാക്കാം. ദേശം എന്നത് മനുഷ്യന്റെ കൂട്ടായ്മകളിലെ ഏറ്റവും വലുപ്പമേറിയ സമുദായമാണ്.
ദേശീയോദ്ഗ്രഥനം
വൈവിധ്യങ്ങളെ അംഗീകരിച്ച് അവയെ ബഹുമാനിച്ച് ഇന്ത്യ ഒരു ദേശമാണെന്ന വികാരമുള്‍ക്കൊണ്ട് ഒന്നായി മാറുന്നതാണ് ദേശീയോദ്ഗ്രഥനം. സാമ്പത്തികസമത്വം നേടിയാല്‍ മാത്രം ഉദ്ഗ്രഥനം സാധ്യമാകുന്നില്ല.. മതപരമായ സഹവര്‍ത്തിത്വത്തിന്റെയും, സൗഹാര്‍ദ്ദത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിച്ചതുകൊണ്ട് മാത്രമോ, ശരിയായ ആസൂത്രണത്തിലൂടെ സാമൂഹിക-സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമോ ഉദ്ഗ്രഥനം സാധിക്കുകയില്ല. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ദേശീയോദ്ഗ്രഥനം ഒരു സങ്കീര്‍ണ്ണപ്രശ്നമായി തീരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ രൂപപ്പെടുത്തിയത് നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്.മതനിരപേക്ഷസങ്കല്‍പ്പമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആശയപരമായ അടിത്തറ. നിയമത്തിന്റെ മുമ്പില്‍ എല്ലാ പൗരന്മാരും തുല്യരാണ്. മതം, ഭാഷ, ജാതി, വംശം, പ്രദേശം എന്നിവ പരിഗണിക്കില്ല. ഇന്ത്യയിലെ വൈവിധ്യം നിലനിര്‍ത്തേണ്ടതാണെന്നും അതിലേക്കായി വികേന്ദ്രീകരണം ആവശ്യമാണെന്നും ഭരണഘടന തിരിച്ചറിയുന്നു.ജാതിയുടെയും, മതത്തിന്റെയും, ഭാഷയുടെയും, പ്രദേശത്തിന്റെയും അപ്പുറത്ത് നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിലടിയുറച്ചതാണ് ഇന്ത്യന്‍ ദേശീയത.
ത്രിഭാഷാ പദ്ധതി
ദേശീയോദ്ഗ്രഥനത്തെയും, അന്തര്‍സംസ്ഥാനവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ത്രിഭാഷാ പദ്ധതി കൊണ്ടുവന്നത്. ഭാഷാവാദം എന്ന സങ്കുചിതമനോഭാവം കുറയ്ക്കാനും ഈ പദ്ധതിക്കു കഴിയുമെന്ന് കരുതപ്പെട്ടു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷും, ഹിന്ദിയും, എതെങ്കിലുമൊരു മാതൃഭാഷയും, ഇതര സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷും, ഹിന്ദിയും, മാതൃഭാഷയും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയായിരുന്നു ത്രിഭാഷാ പദ്ധതി. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഹിന്ദി ദേശീയഭാഷയാക്കുന്നതിനെ മറ്റ് പല ഭാഷക്കാരും എതിര്‍ത്തു. തമിഴ് നാട്ടില്‍ ഹിന്ദിവിരുദ്ധപ്രക്ഷോഭം തന്നെ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ത്രിഭാഷാ പദ്ധതി കൊണ്ടുവന്നത്. ഈ പദ്ധതിയിലൂടെ ഭാഷാവാദത്തിന് ഒരു പരിധി വരെ പരിഹാരമായിട്ടുണ്ട്. ദേശീയത വളര്‍ത്താനും ഇന്ത്യയെ ഒന്നായിക്കാണാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്,.
ദേശീയോദ്ഗ്രഥനത്തിന് തടസ്സമായി നില്‍ക്കുന്ന കാരണങ്ങള്‍:
ഇന്ത്യയുടെ എല്ലാ തരത്തിലുമുള്ള ഉദ്ഗ്രഥനത്തിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട്.
പ്രാദേശികവാദം: ' പ്രാദേശികവാദം' സ്വന്തം രാജ്യത്തെക്കാള്‍ സ്വന്തം പ്രദേശത്തിന് പ്രാധാന്യം നല്‍കുന്നു. പ്രാദേശികവാദത്തിനൊപ്പം ഭാഷയും, മതവും ചേരുമ്പോള്‍ അത് ഒറ്റ ദേശം എന്നതിന് പകരം പ്രാദേശികതാല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. ഇത് സമൂഹത്തില്‍ വിഭാഗീയതയ്ക്ക് ഇടയാക്കുന്നു.
ജാതീയത: ഒരു വിഭാഗം മറ്റു ജാതിക്കാരെ താഴ്ന്നവരായി പരിഗണിക്കുന്നു .അവരെ ചൂഷണം ചെയ്യുന്നു. സ്ഥാനമാനങ്ങളും അവസരങ്ങളും ചില ജാതിക്കാര്‍ മാത്രം കൈയടക്കി വയ്ക്കുന്നു. ഇത് ഇതര ജാതിക്കാര്‍ക്കിടയില്‍ ശത്രുതാമനോഭാവം ഉണര്‍ത്തുന്നു. ജാതിസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നു. സമ്മര്‍ദ്ദസംഘങ്ങളായി പ്രവര്‍ത്തിച്ച് പലപ്പോഴും ആവശ്യങ്ങള്‍ അനര്‍ഹമായി നേടിയെടുക്കുന്നതിനായി ജാതിസംഘടനകള്‍ രൂപീകരിക്കുന്നു. ഇവയൊക്കെ ഉദ്ഗ്രഥനത്തിന് തടസ്സമായി തീരുന്നു.
വര്‍ഗ്ഗീയത: ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നതോ മതപരമായ ചടങ്ങുകള്‍ അനുഷ്ഠിക്കുന്നതോ അല്ല വര്‍ഗ്ഗീയത. സ്വന്തം മതത്തോടുള്ള അതിരുകവിഞ്ഞ അഭിനിവേശം മറ്റു മതങ്ങളോടുള്ള വിരോധമായി മാറുമ്പോള്‍ മതത്രീവ്രവാദം ഉടലെടുക്കുന്നു. മതം , ജാതി , വംശം എന്നിവ രാഷ്ട്രീയ-സാമൂഹികനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അത് വര്‍ഗ്ഗീയതയാകുന്നു.
ഭീകരവാദം: ഒരു രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹ്യക്രമത്തിനു യോജിക്കാത്ത മാര്‍ഗ്ഗങ്ങളുപയോഗിച്ച് സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കാനായി ജനങ്ങള്‍ക്കുള്ളില്‍ ഭീതി പടര്‍ത്തി പ്രവര്‍ത്തിക്കുന്നതാണ് ഭീകരവാദം. ഭീകരവാദം മാനുഷികമൂല്യങ്ങളെ അവഗണിക്കുന്നു. തങ്ങള്‍ക്കര്‍ഹമായത് ലഭിക്കുന്നില്ല എന്ന തോന്നല്‍, തൊഴിലില്ലായ്മ, ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവം, ജീവിതസാഹചര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവ ഭീകരവാദത്തിനു വഴിയൊരുക്കുന്നു. ദേശീയോദ്ഗ്രഥനം ദേശീയതയെ വളര്‍ത്തുന്നു. അത് വര്‍ഗ്ഗീയതയ്ക്കും, ഭാഷാഭ്രാന്തിനും, പ്രാദേശികവാദത്തിനും മറ്റു ശിഥിലീകരണശക്തികള്‍ക്കും എതിരാണ്.
ദേശീയോദ്ഗ്രഥനത്തിന് സഹായകരമായ പ്രവർത്തനങ്ങൾ
· മതപരമായ സഹവര്‍ത്തിത്വത്തിന്റെയും, സൗഹാര്‍ദ്ദത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുക.
· എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമൂഹികമായും സാമ്പത്തികമായും തുല്യത ഉറപ്പാക്കണം.
· ജാതീയവിവേചനങ്ങള്‍ ഒഴിവാക്കുക.
· മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക.
· ദേശീയദിനങ്ങള്‍ സമുചിതമായി ആഘോഷിക്കുക.
· ദേശീയ ഗെയിംസ് പോലെയുള്ള കായികമത്സരങ്ങള്‍ സംഘടിപ്പിക്കുക.
· നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശം പ്രചരിപ്പിക്കുക
No comments:
Post a Comment