സ്മൃതി, ശ്രുതി ഇതായിരുന്നു ആദിമകാലത്തെ വിദ്യാഭ്യാസരീതി. കാര്യങ്ങൾ കേട്ട് ഓർമ്മയിൽ
സൂക്ഷിക്കുക. പാഠങ്ങൾ ഓർത്തിരിക്കുക. അത് മാത്രമായിരുന്നു വഴി. പിന്നീട്
പുസ്തകങ്ങളിലേക്ക് കാലം വിദ്യാഭ്യാസത്തെ കൊണ്ടുപോയപ്പോൾ അത് സ്വീകരിക്കാൻ
പലർക്കും ബുദ്ധിമുട്ടുണ്ടായതിന് കാരണം മറ്റൊന്നുമല്ല. വിദ്യാർഥികൾ അറിവുകൾ
മനസ്സിൽ സൂക്ഷിക്കില്ല. പുസ്തകങ്ങൾ ഓർമ്മശക്തി കുറക്കുമോ? ഇതൊക്കെയായിരുന്നു അവരുടെ ആധി. എന്നാൽ, അതെല്ലാം
കാറ്റിൽപറത്തി പുസ്തകങ്ങൾ വിദ്യാഭ്യാസത്തിെൻറ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി മാറി.
കാലം
പിന്നെയും മുന്നോട്ടുപോയി. കമ്പ്യൂട്ടർ യുഗം പിറന്നു. ടെക്നോളജി
ലാൻഡ്ഫോണുകളിൽനിന്ന് വയർലെസ് ഫോണുകളിലേക്കും ഇപ്പോൾ സ്ക്രീൻ ടച്ച്
സമാർട്ഫോണുകളിലേക്കും ഓട്ടപ്പാച്ചിലായിരുന്നു. ഇന്ന് പുസ്തകങ്ങൾ മാത്രമാണോ
ഒരു വിദ്യാർഥിയുടെ പഠനത്തിന് ഉപയോഗിക്കുന്ന മാധ്യമം? അല്ല.
ഇന്ന് രക്ഷിതാക്കൾ അവരുടെ കുട്ടികൾക്കായി സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിെൻറ
മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക. കമ്പ്യൂട്ടർ ലാബിെൻറ വലുപ്പം, സ്മാർട്
ക്ലാസ് റൂമുകൾ, അങ്ങനെ അങ്ങനെ.
ഇതെല്ലാം കാലം കൊണ്ടുവന്ന നൂതന സംവിധാനങ്ങളെ ഉപയോഗപ്പെടുത്തലല്ലേ.
സിനിമ തുടങ്ങിവെച്ചത് : വർഷങ്ങൾക്ക് മുമ്പ്
സിനിമ കേരളത്തിൽ വലിയ പ്രചാരമില്ലാത്ത കാലത്ത് സ്കൂളുകളിൽ ആണ്ടിലൊരിക്കൽ 15 എം.എം മിനി പ്രോജക്ടറുകൾ സംഘടിപ്പിച്ച് സിനിമാപ്രദർശനങ്ങൾ
സംഘടിപ്പിക്കാറുണ്ടായിരുന്നു. ചലച്ചിത്രം ഉൾക്കൊള്ളാൻ സമൂഹംപോലും മടിച്ചിരുന്ന
കാലത്ത് സ്കൂളുകളിൽ സിനിമാപ്രദർശനം നടത്തുക, അത്
കുരുന്നുകൾ ആവേശത്തോടെ ആസ്വദിക്കുക. സിനിമ എന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തെ
കുട്ടികളെ പരിചയപ്പെടുത്തുക. അവരെ മനോഹരമായ പുതിയ അറിവുകളിലൂടെ
വളർത്തിയെടുക്കുക.ഇതായിരുന്നു ലക്ഷ്യം. ബ്ലാക്ക് ബോർഡിൽ ചോക്കുകൊണ്ടെഴുതുന്ന കാലം നിലനിൽക്കെത്തന്നെ ഡിജിറ്റൽ
പ്രോജക്ടറുകളിൽ ചിത്രങ്ങളും വിഡിയോകളുമടക്കം പ്രദർശിപ്പിച്ച് പാഠഭാഗങ്ങൾ
പഠിപ്പിക്കുന്ന രീതി വന്നത് കുട്ടികളിൽ ചിന്താശേഷി കുറക്കുമെന്നോ മറ്റോ
കരുതാനാകുമോ? ചിത്രങ്ങളിൽനിന്നും മാറി ചിത്രശലഭം മുട്ടയിടുന്നതും
കുഞ്ഞുങ്ങൾ പ്യൂപ്പയാവുന്നതുമെല്ലാം ദൃശ്യങ്ങളായി കൺമുന്നിലെത്തുേമ്പാൾ
കുട്ടികളിൽ ചിന്താശേഷി വർധിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആലോചിച്ചുനോക്കൂ.
1990 ആയപ്പോഴേക്കും
ഇൻറർനെറ്റ് ഒരുവിധം എല്ലായിടത്തും സജീവമായി. അതുവരെ തപാൽ അടിസ്ഥാനമാക്കി പഠനം
നടത്തിയിരുന്നവർ ഇ-മെയിൽ വിദ്യാഭ്യാസത്തിലേക്ക് കടന്നു. അവിടെ അവസാനിച്ചില്ല.
പഠനസാമഗ്രികൾ ഇലക്ട്രോണിക് രൂപത്തിലാക്കി അയച്ചുകൊടുക്കാൻ തുടങ്ങി. വൈകാതെ
അതിലും എളുപ്പമാർഗം തേടി എല്ലാം സെർവറുകളിലേക്ക് നിക്ഷേപിച്ച് ഇൻറർനെറ്റ്
മുഖേനെ പ്രവേശനം നൽകുന്ന സംവിധാനവും നിലവിൽവന്നു. അതോടെ തപാൽപഠനവും ഇ-മെയിൽ
പഠനവും മാറി ഒാൺലൈൻ പഠനം നിലവിൽവന്നു. കോണ്ടാക്ട് ക്ലാസുകൾ വീഡിയോ കോൺഫറൻസ്
ക്ലാസുകളിലേക്ക് മാറി. പരീക്ഷകളും ഓൺലൈനായി.
വിദ്യാർഥികളെഅകറ്റേണ്ടതുണ്ടോ?
കാലം വരുത്തുന്ന മാറ്റങ്ങളിൽനിന്നും ഓടിയൊളിക്കാൻ പാടില്ല. ഒറ്റപ്പെടും.
കുറച്ച് മുമ്പ് വരെ വടിയെടുത്ത് പാടത്തുനിന്നും വീട്ടിലേക്ക് നമ്മെ ഓടിയൊളിക്കാറുള്ള
അമ്മക്ക് കാര്യം ഇപ്പോൾ അത്ര പാടുള്ളതല്ല. കാരണം, പാടത്തുനിന്നും
കളിക്കാവുന്ന കളികളും അതിലപ്പുറവും ഇന്ന് കുട്ടികൾ കളിക്കുന്നുണ്ട്.
വീട്ടിനകത്ത്. കൂടുതൽ ആവേശത്തോടെയും ആകാംക്ഷയോടെയും. പക്ഷേ, വിർച്വൽ ലോകത്താണെന്ന് മാത്രം. ഗെയിമിങ്ങും അമിത സ്മാർട്ഫോൺ
ഉപയോഗവും കാർട്ടൂണുകളും വിദ്യാർഥികളിൽ കടുത്ത മാനസികപ്രശ്നങ്ങളും സർവോപരി
ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നുവെന്ന് പലപ്പോഴായി മാധ്യമങ്ങളിലും മറ്റും
നാം വായിക്കാറുണ്ട്. ഇവയിൽനിന്നും
വിദ്യാർഥികളെ എങ്ങനെ നമുക്ക് അകറ്റിനിർത്താം എന്നുള്ള പഠനങ്ങളും തകൃതിയായി
പുരോഗമിക്കുന്നു.
ഉപയോഗംപോസിറ്റിവ്ആക്കാം
വിദ്യാർഥികളെ ടെക്നോളജിയിൽനിന്ന് അകറ്റുന്നത് പ്രാക്ടിക്കലായ വഴിയാണോ? ഒരിക്കലുമല്ല.
എല്ലാവരും സ്മാർട്ഫോൺ ഉപയോഗിക്കുന്നവരാണ്. ഇന്ത്യയിൽ 65
കോടി സ്മാർട്ഫോൺ ഉപയോക്താക്കളുണ്ടത്രെ. ഇത് ഒരു ശരാശരി കണക്കാണ്. അതിന്റെ
വ്യാപ്തി നിങ്ങളിപ്പോൾ ഇരിക്കുന്ന
ചുറ്റുപാടിൽ കണ്ണോടിച്ച് നോക്കിയാൽ അറിയാം. കുട്ടികൾ അനുസരിക്കുന്നവരല്ല. അവർ
അനുകരിക്കുന്നവരാണ്. രക്ഷിതാക്കളെയും അധ്യാപകരെയും നിരീക്ഷിക്കാനും അത്
ജീവിതത്തിൽ പകർത്താനുമാണ് കുട്ടികൾക്കിഷ്ടം. നിങ്ങൾ എത്രത്തോളം ഫോണിലോ
ടെക്നോ ളജിയിലോ മുഴുകിയിരിക്കുന്നുവോ. അത്രത്തോളംതന്നെ കുട്ടികളും അതിലേക്ക്
അടുക്കും. നിയന്ത്രണവും പോസിറ്റിവായ ഉപയോഗവുമാണ് ആവശ്യം. അതിന്റെ ഗുണവശങ്ങളിലേക്ക് ശ്രദ്ധ തിരിച്ചാൽ ലോകം
നമ്മുടെ കൈക്കുമ്പിളിലാവും. അറിവിന്റെ മായിക ലോകം കാതങ്ങൾ കടന്ന് നമ്മിലേക്ക്
എത്തും.
മഹാ വിപ്ലവം സൃഷ്ടിച്ച കണ്ടുപിടിത്തങ്ങളാണ് ചക്രവും
കമ്പ്യൂട്ടറും. രണ്ടും ലോകത്തിന് നൽകിയ വേഗത എത്രത്തോളമാണെന്ന്
ആലോചിച്ചുനോക്കൂ. അതുപോലെയാണ് ഇപ്പോൾ സ്മാർട്ഫോണുകൾ. നിത്യജീവിതത്തിലെ
നമ്മുടെ അത്യാവശ്യകാര്യങ്ങളെല്ലാം ഫോണിലൂടെ മാനേജ് ചെയ്യാൻ സാധിക്കുന്ന
കാലമാണല്ലോ. സ്മാർട്ഫോൺരഹിത ജീവിതം ദുസ്സഹമായ കാലഘട്ടമാണിത്. 21-)o നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരാൾക്ക് ഒരു ഇ-മെയിൽ ഐ.ഡിയും ഒരു ഫോൺ
നമ്പറുമില്ല എന്നുണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ!
കുട്ടികളുംകാർട്ടൂണും
ഒരു ശരാശരി മലയാളി വിദ്യാർഥിയുടെ വേനലവധിക്കാലം എങ്ങനെയാവും
കടന്നുപോവുക. ഒന്നുകിൽ ഏതെങ്കിലും അവധിക്കാല കോഴ്സുകൾ. അല്ലെങ്കിൽ വിഡിയോ
ഗെയിമുകളോ കാർട്ടൂണുകളോ നമ്മുടെ അവധിക്കാലം വിഴുങ്ങിക്കളയും. കുട്ടികളെ
ടി.വിക്കുമുന്നിൽ പിടിച്ചിരുത്തുന്നതിൽ കാർട്ടൂണുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.
തീരെ കുഞ്ഞായിരിക്കുമ്പാൾ അമ്മയുടെ മടിയിലിരുന്ന് കണ്ട് തുടങ്ങുന്ന കാർട്ടൂൺ
ആനിമേഷൻ സിനിമകൾ വളരുന്നതോടെ ഒരു ഭ്രമമായി മാറുന്നു.
അറിവിന്റെലോകംകൂടിയാണ്കാർട്ടൂൺ
ഭാഷാപരമായും ഭാവനാപരമായും കാർട്ടൂണുകൾ കുട്ടികളിൽ സ്വാധീനം
ചെലുത്തുന്നുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
·
ഭാഷ: കാർട്ടൂണുകൾ കുട്ടികൾക്ക് ഹരമാണ്.
കാർട്ടൂൺ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും കുട്ടികൾക്ക് മനഃപാഠമായിരിക്കും.
കാർട്ടൂൺ കഥാപാത്രങ്ങൾ സംസാരിക്കുന്നത് പോലെ കുട്ടികൾ അനുകരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ.
അതെ കുട്ടികളിൽ ഭാഷാപരമായ വികാസത്തിനും കാർട്ടൂണുകൾ കാരണമാവുന്നുണ്ട്. മലയാള
ഭാഷയിലുള്ള കാർട്ടൂണുകൾ മാത്രമാണോ അവർ കാണുന്നത്? അല്ല
ഇംഗ്ലീഷും ഹിന്ദിയും തമിഴും എന്നുവേണ്ട പല ഭാഷകളിലുള്ളത്. പരസ്പര സംഭാഷണത്തിന്
ഉപയോഗിക്കേണ്ടുന്ന കൃത്യമായ വാക്കുകൾ, ഘടന, അത് പ്രയോഗിക്കേണ്ടുന്ന രീതി, ഇതെല്ലാം അവർ
ഇപ്പോൾ മനസ്സിലാക്കിയെടുക്കുന്നത് കാർട്ടൂണുകൾ കണ്ടാണ്. അപ്പോൾ ഇതിനെല്ലാം
പ്രത്യേകം കോച്ചിങ് നൽകേണ്ടതുണ്ടോ.
·
ശ്രദ്ധ: നമുക്ക് ഏറ്റവും താൽപര്യമുള്ള
കാര്യങ്ങളിലായിരിക്കും നാം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുക. ചെറുപ്രായത്തിൽ
കുട്ടികൾ ഏറ്റവും മുഴുകിയിരിക്കുക കാർട്ടൂണുകളിലും ഗെയിമുകളിലുമായിരിക്കും.
കാർട്ടൂൺ കണ്ടു തുടങ്ങിയാൽ കുട്ടികളെ വിളിച്ചാൽ കിട്ടില്ല അല്ലേ. അവരുടെ ഇഷ്ട
കഥാപാത്രങ്ങളിലായിരിക്കും ശ്രദ്ധ. ഇത് ശ്രദ്ധയോടെ ഒരു കാര്യം ചെയ്യാൻ കുട്ടികളിൽ
പ്രചോദനമുണ്ടാക്കാനും കാരണമാകും.
·
ഭാവന: ഭാവനയുടെ ലോകത്തേക്കാണ്
കാർട്ടൂണുകൾ കുട്ടികളെ കൊണ്ടുപോവുന്നത്. പക്ഷികളും മൃഗങ്ങളും പൂവുകളും
പൂമ്പാറ്റകളുമെല്ലാം അവിടെ അവരുടെ കൂട്ടുകാരാണ്. കാർട്ടൂൺ സ്ഥിരമായി കാണുന്ന
കുട്ടികൾ അവരുടെ വളർത്തുമൃഗങ്ങളോടും പൂവിനോടും പക്ഷികളോടും സംസാരിക്കും കഥകൾ
പറയും. അവരെ സങ്കൽപിച്ച് കഥകളുണ്ടാക്കും. അങ്ങനെ അങ്ങനെ അവർ ഭാവനയുടെ ലോകത്ത്
വിരാജിക്കും. മികച്ച കഥയുള്ള കാമ്പുള്ള കാർട്ടൂണുകൾ കണ്ടാൽ കുട്ടികളിൽ അത്
പ്രതിഫലിക്കും എന്നുള്ളതിൽ തർക്കമില്ലല്ലോ.
·
വാക്യഘടന: വീട്ടുകാരും സുഹൃത്തുക്കളും
സംസാരിക്കുന്നത് കേട്ടുപഠിച്ചാണ് കുട്ടികൾ വളരുന്നത്. എന്നാൽ, നാം
പരസ്പരം സംസാരിക്കുന്നതിന് ഒരു വാക്യഘടനയുണ്ടാവണം എന്നില്ല. കാർട്ടൂണുകളിലെ
സംഭാഷണരീതികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും അതിൽ കഥാപാത്രങ്ങൾ സംസാരിക്കുക നല്ല ഭാഷയായിരിക്കും.
മികച്ച വാക്യഘടനയുമുണ്ടാകും. ഇത് കുട്ടികളുടെ സംഭാഷണങ്ങളിലും വൈകാതെ ദൃശ്യമായി
തുടങ്ങിയേക്കാം.
കാർട്ടൂണുകൾ എങ്ങനെ പോസിറ്റിവാക്കാം?
·
സ്ഥിരമായി കാണുന്ന കാർട്ടൂണുകളെ കുറിച്ച്
കുട്ടികളോട് വിവരിക്കാൻ പറയാം. അതിലൂടെ അവരിൽ സംസാരരീതി വളർത്തിയെടുക്കാൻ സാധിച്ചേക്കും.
·
കാർട്ടൂൺ കഥാപാത്രങ്ങളെ െവച്ച്
ക്ലേമോഡലുകൾ ഉണ്ടാക്കാൻ ആവശ്യപ്പെടാം.
·
ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളെ
വരക്കാൻ പറയാം. അല്ലെങ്കിൽ കഥാപാത്രങ്ങൾക്ക് ശരിയായ നിറംനൽകാനും അവയെ കുറിച്ച്
വിവരിക്കാനും പറയാം.
·
വിവിധ കാർട്ടൂണുകളിലെ കഥാപാത്രങ്ങളെ
ചേർത്ത് പുതിയ കഥകൾ ഉണ്ടാക്കാൻ പറയാം.
·
ക്ലാസിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ
കാർട്ടൂൺ കഥാപാത്രങ്ങളെ പ്രതിനിധാനംചെയ്തു പഠിപ്പിക്കാം.
·
ഒരോ വിഷയങ്ങളിലുമുള്ള പാഠങ്ങൾക്ക്
അനുയോജ്യമായ കാർട്ടൂണുകളോ ആനിമേഷൻ ദൃശ്യങ്ങളോ കണ്ടെത്തി കുട്ടികൾക്ക്
വിവരിച്ച് നൽകിയാൽ കൂടുതൽ ഗുണംചെയ്യും.
·
കാർട്ടൂൺ ചാനലുകളിൽ കാണിക്കാറുള്ള പേപ്പർ
ആർട്ടുകൾ ചെയ്തുകാണിക്കാൻ നിർദേശിച്ചാലോ.
പ്രശ്നങ്ങൾശ്രദ്ധിക്കണം
ആരോഗ്യപ്രശ്നങ്ങൾ: ടെലിവിഷൻ സ്ക്രീനുകളിലേക്ക് മണിക്കൂറുകളോളം
നോക്കിയിരിക്കുന്നത് കുട്ടികളുടെ കണ്ണിന് കാര്യമായ പ്രശ്നങ്ങളുണ്ടാക്കും.
പ്രത്യേകിച്ച് സ്മാർട് ഫോണുകളിൽ മണിക്കൂറുകളോളം നോക്കിയിരിക്കുന്നതാണ്
കൂടുതൽ അപകടം. സ്മാർട്ഫോൺ സ്ക്രീനിലെ ബ്ലൂലൈറ്റ് കാഴ്ച നഷ്ടമാവുന്നതിന്
വരെ കാരണമായേക്കുമെന്ന് പഠനങ്ങൾ പറയുന്നു. ടെലിവിഷൻ സ്ക്രീനിലെ വേഗമേറിയ കാഴ്ചകൾ
കണ്ട് ശീലിച്ച് യഥാർഥ ലോകത്തെ നിശ്ചലമോ വേഗത കുറഞ്ഞതോ ആയ ദൃശ്യങ്ങൾ
ഉൾക്കൊള്ളാനാകാതെ വരുന്നത് കാലക്രമേണ വിദ്യാർഥികളിൽ വലിയ
പ്രത്യാഘാതങ്ങളുണ്ടാക്കും.
ഇതുപോലെയാണ് കേൾവിയുടെ കാര്യവും. ടി.വിയിൽ ഉയർന്ന ശബ്ദത്തിലും
സ്മാർട്ഫോണുകളിൽ ഇയർഫോൺ പ്ലഗ് ചെയ്തും തുടർച്ചയായി കാർട്ടൂൺ കാണുന്നത് അത്ര
നല്ലതല്ല. തുടർച്ചയായി ഉയർന്ന ശബ്ദം ശ്രവിക്കുന്നത് വൈകാതെ ചെറിയ ശബ്ദം
കേൾക്കുന്നതിന് വയ്യാതെ വരും. വ്യായാമവും പോഷകാഹാര കുറവും വിദ്യാർഥികളിൽ
ദൃശ്യമായി തുടങ്ങിയത് കാർട്ടൂൺ വിഡിയോ ഗെയിം യുഗത്തിലാണ്. ജങ്ക് ഫുഡുകൾ
കഴിച്ച് ഇത്തരം വിനോദോപാദികളിൽ മുഴുകിയിരിക്കുന്ന കുട്ടികളിൽ ബുദ്ധി വികാസവും
ശാരീരികവളർച്ചയും മുരടിക്കുന്ന സാഹചര്യം വരും.
മാനസികപ്രശ്നങ്ങൾ
കാർട്ടൂണുകളും പ്രധാനമായും വിഡിയോ ഗെയിമുകളും ആക്രമണവും സാഹസികതയും
പ്രോത്സാഹിപ്പിക്കുന്നവയാണ്. പ്രതിയോഗിയെയോ സുഹൃത്തിനെയോ മർദിക്കുന്നതും
കീഴ്പ്പെടുത്തുന്നതുമൊക്കെയായിരിക്കും ചില കാർട്ടൂണുകളുടെ തീം. ഗെയിമുകളിൽ
പിന്നെ എന്നും ആക്രമണമാണ്. കുട്ടികൾ ചെറുപ്രായത്തിൽ ഇത്തരം രംഗങ്ങൾ കാണുന്നത്
അവരിൽ ആക്രമണ വാസനയുണ്ടാക്കും. ക്ഷമ കുറഞ്ഞ് ആർത്തിയും മുൻകോപവും വർധിക്കും.
ഒറ്റക്കിരിക്കാനുള്ള പ്രതീതിയും സൗഹൃദം സ്ഥാപിക്കാനുള്ള മടിയും സ്വഭാവത്തിൽ
ദൃശ്യമായി തുടങ്ങും. പെരുമാറ്റത്തിലും വൈകല്യം ദൃശ്യമാവും.
ഇതൊക്കെ അതിജീവിക്കാൻ അവർ കാണുന്നതും കളിക്കുന്നതും എന്താണെന്ന്
രക്ഷിതാക്കൾ ആവർത്തിച്ച് ഉറപ്പുവരുത്തണം. ആക്രമണവും കീഴ്പ്പെടുത്തലും
പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഗെയിമുകളും കാർട്ടൂണുകളും കാണുന്നതിൽനിന്നും
കളിക്കുന്നതിൽനിന്നും അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കാം. പസിൽ ഗെയിമുകളിലും
സന്ദേശങ്ങൾ നൽകുന്ന കാർട്ടൂണുകളിലും അവരുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രദ്ധിക്കേണ്ടത്
രക്ഷിതാക്കളാണ്. മാധ്യമ പിന്തുണയോടെ
നീങ്ങുന്ന സമൂഹമാണ് ഇന്നത്തേത്. അപ്പോൾ ഇന്നിന്റെ മാധ്യമങ്ങളായ
ഇൻറർനെറ്റിനെയും ടി.വിയെയും മറ്റും അവഗണിച്ച് എങ്ങനെ മനുഷ്യകുലത്തിന്
മുന്നേറാനാകും. നന്മയുടെ ഉപകരണങ്ങൾ തിന്മക്കായി ഉപയോഗിക്കുന്നത്
മനുഷ്യകുലത്തിനുള്ള സ്വാഭാവികതയാണ്. വെള്ളവും വെളിച്ചവും വായുവും പോലെ
വിവരസാേങ്കതികവിദ്യയും നവമാധ്യമങ്ങളും ആവശ്യമായ കാലഘട്ടത്തിൽ അവ നന്മയുടെ
അറിവിെൻറ ഭാഗമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ശരിയായി കൈകാര്യം
ചെയ്യുകയാണെങ്കില്‍ വളര്‍ച്ചക്കുതകുന്ന സംവിധാനങ്ങളാണ് ഇവയെല്ലാം.
നവമാധ്യമം എന്ന പഠന സഹായി
പരമ്പരാഗത മാധ്യമങ്ങളായ അച്ചടിമാധ്യമങ്ങളെയും റേഡിയോയെയും
ടെലിവിഷനെയും കടത്തിവെട്ടി നവമാധ്യമങ്ങൾ രംഗം കീഴടക്കാൻ തുടങ്ങിയിട്ട്
അധികകാലമായിട്ടില്ല. ഇൻറർനെറ്റും ബ്ലോഗുകളും ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും യൂട്യൂബുമെല്ലാം
ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ദൂരത്തെയും സമയത്തെയും
കീഴടക്കുക എന്നുള്ളതായിരുന്നല്ലോ ആദ്യ കാലം മുതൽ മാധ്യമങ്ങളുടെ ദൗത്യം. എന്നാൽ,
തുടക്കത്തിൽ വാർത്തകളും വിവരങ്ങളും ആവശ്യക്കാരിലെത്താൻ ദിവസങ്ങളും
മാസങ്ങളും വേണ്ടിവന്നിരുന്നു. ലക്ഷക്കണക്കിന് മൈലുകൾക്കപ്പുറമുള്ള വാർത്തകൾ
തത്സമയ ദൃശ്യങ്ങളടക്കം നമ്മുടെ കൺമുന്നിലാണ്. അസാധ്യമെന്ന് നാം കരുതിയിരുന്നത്
പലതും ഇന്ന് എളുപ്പമാണ്. അത്രത്തോളം വിവരസാങ്കേതിക വിദ്യയും മനുഷ്യനും
വളർന്നിരിക്കുന്നു.
വിജ്ഞാനംവിരൽതുമ്പിൽ
ഗൂഗ്ൾ
അമേരിക്കൻ മൾട്ടിനാഷനൽ ടെക്നോളജി കമ്പനിയാണ് ഗൂഗ്ൾ. ഇൻറർനെറ്റ്
സംബന്ധമായ സേവനം പ്രധാനം ചെയ്യുന്ന ഗൂഗ്ൾ സ്ഥാപിതമായത് കാലിഫോർണിയയിലെ മെൻലോ
പാർക്കിൽ 1998 സെപ്റ്റംബർ നാലിനായിരുന്നു. ലാരി പേജ്,
സെർജി ബ്രിൻ എന്നിവർ ചേർന്നായിരുന്നു ഗൂഗ്ൾ നിർമിച്ചത്. ഇന്ന്
ലോകത്തെ ഏറ്റവും വലിയ സെർച്ച് എൻജിനാണ് ഗൂഗ്ൾ. മനുഷ്യരിൽ ഭൂരിഭാഗവും
ഉപയോഗിക്കുന്ന സെർച്ച് എൻജിൻ.
ഗൂഗ്ൾ എന്ന പഠനസഹായി
ഗൂഗ്ൾ ഒരു സർവ
വിജ്ഞാന കോശമാണ്. ഗൂഗ്ൾ ഒരു യഥാർഥ സുഹൃത്താണ്. നാം ചോദിക്കുന്നതെന്തിനും
അവന് ഉത്തരം നൽകാൻ സാധിക്കും. അടുത്ത് ബിരിയാണി കിട്ടുന്ന ഹോട്ടലേതാണ്
എന്നതിന് മുതൽ ന്യൂട്ടെൻറ ആപേക്ഷിക സിദ്ധാന്തം എന്താണെന്നതിന് വരെ ഗൂഗ്ളിന്
ഉത്തരമുണ്ട്. ഗൂഗ്ൾ നമുക്ക് കേവലം ഉത്തരങ്ങൾ മാത്രമാണോ നൽകുന്നത്? അതിന് സമമായ ചിത്രങ്ങൾ, വിഡിയോകൾ, ഗ്രാഫുകൾ, എന്നുവേണ്ട ആനിമേഷൻ ദൃശ്യങ്ങൾ വരെ ലഭ്യമാക്കും.
സംശയങ്ങൾക്കുള്ള ഉത്തരം തേടി പുസ്തകങ്ങളിൽ സമയം
കളയുന്നവർക്കുള്ളതാണ് ഗൂഗ്ൾ. എന്താണ് നിങ്ങളുടെ സംശയം.? ഗൂഗ്ളിനോട്
ചോദിക്കൂ. കടുകട്ടിയായ കണക്കുകൾ പരിഹരിക്കാനും ബയോളജിയും കെമിസ്ട്രിയും
ഫിസിക്സും കൂടുതൽ മിഴിവോടെ പഠിക്കാനും ഗൂഗ്ളിനോട് ചോദിക്കാം.
എന്നാൽ, ഗൂഗ്ൾ നിങ്ങളെ
ആശയക്കുഴപ്പത്തിലാക്കാനും മിടുക്കനാണ്. ആർക്കും എന്തും എഴുതിച്ചേർക്കാനും
എഡിറ്റ് ചെയ്യാനും നീക്കം ചെയ്യാനും സാധിക്കുന്ന ലോകമാണ് വിർച്വൽ ലോകം.
ഇൻറർനെറ്റ് അനന്ത സാധ്യതയുള്ള മേഖലയാണ്. സാധ്യത എന്നു പറഞ്ഞാൽ ഇതിൽ ചൂഷകർക്കും
നീന്തിത്തുടിക്കാം. അപ്പോൾ നാം തിരയുന്ന സംശയങ്ങൾക്കുളള ഉത്തരം ശരിയാണെന്നത് നാം
തന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്. അവിടെ നാം അധ്യാപകരുടെ സഹായം തേടാൻ മടിക്കരുത്.
ഗൂഗ്ൾമലയാളത്തിൽ
ഗൂഗ്ൾ ഓരോ സെക്കൻഡിലും വളർന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്.
നാം ഓരോരുത്തരുമാണ് ഗൂഗ്ളിന്റെ വളർച്ചയിൽ സഹായിക്കുന്നവർ. നാം
തുന്നിച്ചേർക്കുന്ന അറിവുകളും വിശേഷങ്ങളുമാണ് ഗൂഗ്ൾ ക്രോഡീകരിച്ച്
മറ്റുള്ളവർക്കും പകർന്നുനൽകുന്നത്. ഇപ്പോൾ ഗൂഗ്ൾ മലയാളത്തിലും ലഭ്യമാണ്.
പൂർണമായും മലയാളീകരിച്ചിട്ടില്ലെങ്കിലും പല കാര്യങ്ങളെ കുറിച്ചും മലയാളത്തിൽ
സെർച്ച് ചെയ്താൽ വിവിധ സൈറ്റുകളിൽവന്ന മലയാള വിശദീകരണവും നമുക്ക് കാണാം.
യൂട്യൂബ്
ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ള ഇൻറർനെറ്റ് വിഡിയോ ഷെയറിങ്
വെബ്സൈറ്റാണ് യൂട്യൂബ്. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെയുമുള്ള ആർക്കും
അവരുടെ കൈയിലുള്ള വിഡിയോ കണ്ടൻറുകൾ പങ്കുവെക്കാം.. ഇന്ന് ലോകത്തെ ഏറ്റവും വലിയ
രണ്ടാമത്തെ സെർച്ച് എൻജിനാണ് യൂട്യൂബ്. അതും ഗൂഗ്ൾന് ശേഷം.
യൂട്യൂബും ഒരു പഠനസഹായി
യൂട്യൂബ് സിനിമ
കാണാനും കാർട്ടൂണുകൾ കാണാനും ഹാസ്യ പരിപാടികൾ കാണാനും മാത്രമാണോ നിങ്ങൾ
ഉപയോഗിക്കുന്നത്. എന്നാൽ, യൂട്യൂബ് കേവലം ഒരു വിനോദോപാധി
മാത്രമല്ല. യൂട്യൂബിന് നാം കരുതുന്നതിലും
വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. വിദ്യാഭ്യാസ മേഖലയിൽ അനന്തസാധ്യതയുള്ള ഒരു
ഉപാധിയാണ് യൂട്യൂബ്. യൂട്യൂബിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടുന്ന കീ
വേർഡുകളിൽ പ്രധാനി ആരാണെന്ന് അറിയുമോ? ‘how to’ അതെ,
ഹൗ ടു എന്ന് തുടങ്ങുന്ന കീ വേർഡുകൾക്കാണ് യൂട്യൂബിൽ കൂടുതൽ
ഡിമാൻഡ്.
ഹൗ ടു മേക് ബിരിയാണി, ഹൗ ടു മേക്
വെബ്സൈറ്റ്, ഹൗ ടു സ്പീക് ഇംഗ്ലീഷ്, ഹൗ ടു സ്റ്റഡി മാത്സ് ഇങ്ങനെ പോകുന്നു വിവിധ സെർച്ചിങ് കീവേർഡുകൾ.
കേരളത്തിലിരുന്ന് ‘how to make american breakfast’ എന്ന്
തിരഞ്ഞാൽ യൂട്യൂബിലൂടെ അത് പഠിച്ചെടുക്കാവുന്നതേയുള്ളൂ. does, can, how, is, why ഇങ്ങനെ
തുടങ്ങി നിങ്ങൾക്ക് ചോദിക്കാനുള്ളതെല്ലാം യൂട്യൂബിനോട് ചോദിക്കാം. ഇത്തരം
കീവേർഡുകൾ ഉപയോഗിച്ച് യൂട്യൂബിനോട് സംശയം ചോദിച്ചു നോക്കൂ. ആളുകൾ ഉപ്പ്
തൊട്ട് ലംബോർഗിനി വരെയുള്ള കാര്യങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും എല്ലാം
ഉപയോഗിക്കുന്ന ഒരു മാധ്യമമാണ് യൂട്യൂബ്. പരിധികളില്ല. നിയന്ത്രണങ്ങളില്ല. പണം
നൽകേണ്ടതില്ല. എല്ലാർക്കും എല്ലാം സൗജന്യം.
ധാരാളം എജുക്കേഷനൽ
ചാനലുകളും യൂട്യൂബിൽ ലഭ്യമാണ്. കണ്ട് കാര്യങ്ങൾ പഠിക്കാൻ യൂട്യൂബിലും മികച്ച
മാധ്യമം വേറെയില്ല. സംശയമുള്ള കാര്യങ്ങൾ നിങ്ങൾ തിരഞ്ഞുനോക്കൂ. ഇന്ന് ഏത്
വിഷയവും നമുക്ക് സൗകര്യമുള്ള സമയത്ത് ഇഷ്ടമുള്ള ഇടത്തിരുന്ന്
പഠിക്കാനാവുേമ്പാൾ ക്ലാസ് മുറികൾ അപ്രസക്തമാവുന്നു. സ്കൂൾ വിദ്യാർഥികൾക്ക്
യൂട്യൂബ് മുഖേന ട്യൂഷൻ നൽകുന്ന നിരവധി വിഡിയോ ക്ലാസുകൾ ഇപ്പോൾ നിലവിലുണ്ട്.
ഗ്രാമങ്ങളിലും ഇപ്പോൾ ഇവ വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കാലം മാറിയതോടെ
കമ്പ്യൂട്ടർ സ്ക്രീനുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ശ്രദ്ധയോടെ അറിവ് നേടാൻ
തയാറാവുന്ന തലമുറ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇതിന് സമാന്തരമായി നമ്മുടെ
വിദ്യാഭ്യാസ വ്യവസ്ഥയും അധ്യാപകരുമാണ് മാറേണ്ടത്. സാേങ്കതികവിദ്യയെ
വിദ്യാർഥികളിൽനിന്നുമകറ്റാതെ വിർച്വൽ ലോകത്തെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തി
ഭാവിതലമുറയെ നമുക്ക് സൃഷ്ടിച്ചെടുക്കാം.
യൂട്യൂബ്കിഡ്സ്
യൂട്യൂബിന്റെ മറ്റൊരു
സംരംഭമാണ് യൂട്യൂബ് കിഡ്സ്. കുട്ടികൾക്ക് വേണ്ടി ഒരുക്കിയ പുതിയ ആപ്പിൽ, യൂട്യൂബ്
കണ്ടൻറുകൾ തരംതിരിച്ചാണ് കൊടുത്തിരിക്കുന്നത്. അശ്ലീലം നിറഞ്ഞതോ ആക്രമവും
ഭീതിയും പ്രോത്സാഹിപ്പിക്കുന്നതോ ആയ കണ്ടൻറുകൾ ഒഴിവാക്കി പൂർണമായും കുട്ടികളുടെ
ഉപയോഗത്തിനായി ഒരുക്കിയതാണ് യൂട്യൂബ് കിഡ്സ്. രക്ഷിതാക്കൾക്ക് ധൈര്യമായി
ഇത് കുട്ടികൾക്ക് തുറന്നുകൊടുക്കാം.
ക്വോറ(QUORA)
ഒരു ചോദ്യോത്തര വെബ്സൈറ്റാണ് ക്വോറ. ലോകമെമ്പാടുമുള്ള അതിന്റെ
ഉപയോക്താക്കൾ പരസ്പരം ചോദ്യങ്ങൾ
ചോദിക്കുന്നു, ഉത്തരങ്ങൾ നൽകുന്നു. ചോദ്യം
എന്തുമായിക്കൊള്ളട്ടെ അതിനുള്ള രസകരവും വിജ്ഞാനപ്രദവുമായ ഉത്തരങ്ങൾ ക്വോറയിലൂടെ
ആളുകൾ പറഞ്ഞുതരും. അതും സൗജന്യമായി.
കൂടുതൽ വ്യക്തതയോടെ അറിയാം
വിർച്വൽ ലേണിങ് എപ്പോഴും പൂർണമായും
വിശ്വാസം അർപ്പിക്കാൻ സാധിക്കാത്ത മേഖലയാണ്. കാരണം അത് സുതാര്യമാണ്. എഡിറ്റ്
ചെയ്യാൻ സാധിക്കുന്നതും ചൂഷണം ചെയ്യാനുതകുന്നതും കൂടിയാണ്. വസ്തുതാപരവും
വിശ്വസിക്കാവുന്നതുമായ പഠനത്തിന് വേണ്ടിയാണ് ക്വോറ എന്ന സംവിധാനം
തുടങ്ങിയതെന്ന് അതി ട്ടെ സ്ഥാപകർതന്നെ പറയുന്നുണ്ട്. നാം ചോദിക്കുന്ന എന്തിനും ആളുകളുടെ
കൈയിൽ ഉത്തരമുണ്ടാകും. നിങ്ങൾ വിദഗ്ധനായിട്ടുള്ള മേഖലയിൽനിന്നുള്ള
ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കും അല്ലേ. എന്നാൽ, ചോദ്യങ്ങൾക്കായി
എവിടെ പോകും. അതു പോലെത്തന്നെ നിങ്ങൾക്ക് അറിയാത്ത മേഖലകളിലെ സംശയങ്ങൾക്ക്
ഉത്തരം തേടി അതത് വിഷയങ്ങളിൽ പുലികളായിട്ടുള്ളവരെ കണ്ടെത്താനും കുറച്ച് പാടാണ്അല്ലേ.ക്വോറ
ഈ രണ്ട് വിഭാഗത്തിലുള്ളവരെയും ഒരുമിച്ച് കൂട്ടുന്ന ഇടമാണ്..
അറിവുകളെ കേവലം വിശദീകരണം മാത്രമായി ഒതുക്കാതെ ക്വോറ അത്
രസകരമാക്കി മാറ്റുന്നു എന്നുള്ളതും പ്രത്യേകതയാണ്. നൽകുന്ന വിശദീകരണം
തെറ്റുകുറ്റങ്ങളുള്ളതാണെങ്കിൽ അത് ഡൗൺ വോട്ട് ചെയ്ത് നീക്കംചെയ്യാനുള്ള
സംവിധാനവും ക്വോറയെ വ്യത്യസ്തമാക്കുന്നു. ഇനി നിങ്ങൾക്ക് ഒന്നും ചോദിക്കാനും
പറയാനുമില്ലെങ്കിൽകൂടി ക്വോറയിൽ കയറി ഒന്ന് നിരീക്ഷണം നടത്തിയാൽ പല അറിവുകളും
നേടാം.
വിക്കിപീഡിയ
ഒരു സ്വതന്ത്ര വിജ്ഞാന കോശമാണ് വിക്കിപീഡിയ. ഭാഷാ ഭേദമന്യേ
ആർക്കും ഉപയോഗപ്പെടുത്താവുന്നതും തിരുത്താവുന്നതുമായ ഒരു സ്വതന്ത്ര സംരംഭം.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കീപിഡിയ പദ്ധതിക്ക് 2001 ജനുവരി 15നാണ് തുടക്കം കുറിച്ചത്. ജിമ്മി
വെയിൽസ്, ലാറി സാങ്ങർ എന്നിവരായിരുന്നു ഇൗ മഹത്തായ
സംരംഭത്തിന് പിന്നിൽ. എന്തിനെ കുറിച്ചും ഏതിനെ കുറിച്ചുമുള്ള ലേഖനങ്ങളും പൊതു
അറിവുകളും വിക്കിപീഡിയയിലുണ്ടാവും. പുസ്തകങ്ങളിലാക്കി വരുന്ന എൻസൈക്ലോപീഡിയ എന്ന
സംരംഭത്തെ തകർത്തുകളഞ്ഞ സംവിധാനമാണ് വിക്കീപിഡിയ. പേരിലും അത് കാണാം. ഇന്ന്
ഇൻറർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ
കണക്കാക്കപ്പെടുന്നു. വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ് ഈ
സ്വതന്ത്രവിജ്ഞാനകോശത്തിെൻറ അടിസ്ഥാനം. വിക്കിപീഡിയയുടെ പതിപ്പുകൾ 292 ഭാഷകളിലായി വ്യാപിച്ചുകിടക്കുന്നു. 51,41,684ൽ
അധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് പതിപ്പാണ് ഇൗ സംരംഭത്തിെൻറ പതാകവാഹകകർ.
മലയാളമടക്കം 20 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ
പ്രവർത്തിക്കുന്നുണ്ട്.
പഠനാവശ്യങ്ങൾക്കായി സൂക്ഷിച്ച് ഉപയോഗിക്കേണ്ടുന്ന സംവിധാനമാണ്
വിക്കിപീഡിയ. കാരണം ആർക്കും തിരുത്താവുന്ന സംവിധാനമായതിനാൽ തെറ്റുകൾ വരാൻ വലിയ
സാധ്യതകളുണ്ട്. അതിനാൽ തേടുന്ന അറിവുകൾ പൂർണമായും ശരിയാണെന്നത് ഉറപ്പുവരുത്താൻ
ശ്രമിക്കണം.
സമൂഹമാധ്യമങ്ങൾ
ഫേസ്ബുക്കും ട്വിറ്ററും വാട്സ്ആപ്പും ഗൂഗ്ൾ പ്ലസും അടങ്ങുന്ന
സമൂഹമാധ്യമങ്ങളും ആധുനിക വിദ്യാഭ്യാസ രംഗത്ത് ഒഴിച്ചുകൂടാനാകാത്ത പങ്കാളികളാണ്.
നാം പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള സമകാലിക സംഭവവികാസങ്ങളെ
തിരയാനും അവയെ കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ അറിയാനും സമൂഹമാധ്യമങ്ങൾ
ഉപയോഗിക്കാം. ട്വിറ്ററിലുള്ള ഹാഷ്ടാഗുകൾ പരിശോധിച്ചാൽ മാത്രം മത്രി ലോകത്ത്
നിലവിൽ ഏറ്റവും കൂടുതൽ പേർ സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെന്താണെന്ന്
അറിയാം. ഫേസ്ബുക്കിലും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ സംഭവങ്ങളെ
കുറിച്ച് തിരയാനും അറിയാനും സാധിക്കും. സമൂഹമാധ്യമം ശരിയായി
ഉപയോഗിക്കുകയാണെങ്കിൽ നിത്യജീവിതത്തിൽ അത്രത്തോളം ഉപകാരപ്രദമായ മറ്റൊരു മാധ്യമം
ഇല്ലതന്നെ.
ബ്ലോഗുകൾ
കുറിപ്പുകളും ചെറു ലേഖനങ്ങളും പങ്കുവെക്കപ്പെടുന്ന വ്യക്തിഗതമായ വെബ്
പേജുകളാണ് ബ്ലോഗുകൾ. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും അപഗ്രഥനങ്ങളും
വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് ബ്ലോഗുകളിൽ പങ്കുവെക്കപ്പെടുക. ഒരു പ്രത്യേക
വിഷയത്തിൽ പൂർണവിവരങ്ങൾ നൽകുന്നതും അതേസമയം ചില വിഷയങ്ങളുടെ ചുരുക്കവിവരങ്ങൾ
നൽകുന്നതുമായ ബ്ലോഗുകൾ ലഭ്യമാണ്. നിലവിൽ ധാരാളം മലയാളം ബ്ലോഗെഴുത്തുകാരുണ്ട്.
ഫേസ്ബുക്ക് വന്നതിന് ശേഷം എല്ലാവരും അതിലേക്ക് തിരിഞ്ഞതോടെ ബ്ലോഗെഴുത്തിന്
പഴയതുപോലെ ആളുകൾ പ്രധാന്യം നൽകുന്നില്ല എന്നുള്ളത് വാസ്തവമാണ്. എങ്കിലും ചില
കാര്യങ്ങളെ കുറിച്ച് നാം ഗൂഗ്ളിൽ തിരയുമ്പാൾ നമുക്ക് സംശയ നിവാരണം
ലഭിക്കുന്നത് ചില ബ്ലോഗുകളിലൂടെയായിരിക്കും.
നവമാധ്യമങ്ങളിലെ മലയാളം
മുകളിൽ പറഞ്ഞ പല പഠനസഹായികളും
ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും ലഭ്യമാണ്. എന്നാൽ, മലയാളി
വിദ്യാർഥികൾക്ക് ഇവ എത്രത്തോളം ഉപകാരപ്രദമാണെന്നതുകൂടി കണക്കിലെടുക്കണം. എന്നാൽ,
ടെക്നോളജിയുടെ ലോകത്ത് ഇപ്പോൾ ഇംഗ്ലീഷ് ഒഴിച്ചുകൂടാനാകാത്ത
ഭാഷയായി മാറിയതിനാൽ നാം ഇംഗ്ലീഷിനോട് കൂടുതൽ അടുപ്പം കാണിക്കേണ്ടതായിഇരിക്കുന്നു. ഇ-ബുക്സ്, വെബ്
കാസ്റ്റ്, ഇൗ-ലേണിങ്, വിഡിയോ
കോൺഫറൻസിങ് തുടങ്ങി വിർച്വൽ ലോകത്തെ ഒരു പഠനസഹായിയാക്കി ലോകം
ഉപയോഗിച്ചുവരുന്നുണ്ട്. എന്നാൽ, നമ്മുടെ കേരളം അതിൽ
എത്രത്തോളം വികസിച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്നു
എന്ന് പറയാം. ഇന്ത്യയിലെ സമ്പൂർണ സാക്ഷരത െകെയ്യാളുന്ന സംസ്ഥാനം എന്ന നിലക്ക്
നമുക്ക് ഇത്തരം നവ വിദ്യാഭ്യാസരീതി കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയണം. വിദ്യാർഥികൾ
വ്യക്തിപരമായി ഉപയോഗിക്കുന്നതിൽ നിന്നും മാറി ക്ലാസ്മുറികളിൽകൂടി നവമാധ്യമങ്ങളെ
കൂടെക്കൂട്ടിയുള്ള പഠനസംവിധാനം വരണം. അതിലൂടെ ഇത്തരം മാധ്യമങ്ങളുടെ ഗുണകരമായ
ഉപയോഗത്തെക്കുറിച്ച് അവർ ബോധവാൻമാരാകും.
ആപ്പുകൾ
ഇന്ന് പല സ്കൂളുകളിലും അവരവർക്കായി ആപ്പുകൾ നിലവിലുണ്ട്.
വിദ്യാർഥികളുടെ ഹാജർനില അറിയാനും ഫീസുകളടക്കാനും സ്കൂൾ തല പ്രകടനം അളക്കാനും
ക്ലാസ് ടീച്ചർമാരുമായും പ്രിൻസിപ്പലുമായും സംസാരിക്കാനുമുള്ള സൗകര്യവും
ആപ്പുകളിൽ ഒരുക്കുന്നുമുണ്ട്. ഇത് അധ്യാപകരും രക്ഷിതാക്കളുമായുള്ള സമ്പർക്കം
കൂടുതൽ കാര്യക്ഷമമാക്കുകയും വിദ്യാർഥികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ
സാധിക്കുകയും ചെയ്യുന്നു.
പേരൻറ്ഐ
സെക്കൻഡറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായുള്ള ആപ്ലിക്കേഷനാണ് പേരൻറ് ഐ. സ്വന്തമായി ആപ്പുകൾ
ഇല്ലാത്ത സ്കൂളുകൾക്ക് ഉപയോഗപ്പെടുത്താവുന്ന ആപ്പാണ് ഇത്. വിദ്യാർഥികളുടെ
പഠന-പാേഠ്യതര വിഷയങ്ങളിലുള്ള പ്രകടനം അളന്ന് രേഖപ്പെടുത്താനും വിദ്യാർഥികളുടെ
ആകെ പ്രകടനവും അവരെ കുറിച്ചുള്ള സമ്പൂർണവിവരവും അധ്യാപകർക്ക് ലഭ്യമാക്കാനും ഈ ആപ്പിലൂടെ സാധിക്കും. സ്മാർട്ഫോണുകൾ സജീവമായ
കാലത്ത് ഇത്തരം സംവിധാനങ്ങൾ കുട്ടികളുടെ സുരക്ഷക്കായി മികച്ച ഭാവിക്കായി
ഉപയോഗപ്പെടുത്താ0.
പഠിക്കാനും ആപ്പുകൾ
സ്മാർട്ഫോൺ യുഗത്തിൽ പഠനം കൂടുതൽ
രസകരവും താൽപര്യമുള്ളതുമാക്കാനുള്ള മാർഗമായാണ് എജുക്കേഷനൽ ആപ്പുകളെ
അവതരിപ്പിച്ചത്. ഐപാഡുകളും ടാബ്ലെറ്റുകളും സജീവമായതോടെ ഗെയിമുകൾക്കും കാർട്ടൂണുകൾക്കും
അടിമയാകുന്ന വിദ്യാർഥികളെ പഠനത്തോട് തൽപരരാക്കാനും ഇത്തരം ആപ്പുകളിലൂടെ
സാധിക്കുമെന്ന് തെളിയിക്കുന്ന വിധത്തിലാണ് അവയുടെ വളർച്ച. മലയാളിയായ ബൈജുവിെൻറ
ബൈജൂസ് ആപ്പും ഖാൻ അക്കാദമിയുടെ ആപ്ലിക്കേഷനും അൺഅക്കാദമി ലേണിങ് ആപ്പും
ബ്രെയിൻലീ ഹോംവർക് ഹെൽപുമെല്ലാം ഇത്തരത്തിൽ ആൻഡ്രോയ്ഡ് െഎ.ഒ.എസ് സ്റ്റോറുകളിൽ
ഹിറ്റായ ആപ്പുകളാണ്.
എജുക്കേഷനൽ പോർട്ടലുകളുടെ കാലം
ഇൻറർനെറ്റ് യുഗത്തിൽ ധാരാളം എജുക്കേഷൽ
പോർട്ടലുകൾ സൗജന്യവും തീരെ കുറഞ്ഞ ഫീസ് നിരക്കിലും ലഭ്യമാണ്. വിഡിയോ
ക്ലാസുകളും പോഡ്കാസ്റ്റുകളും ഓൺലൈൻ ടെസ്റ്റുകളുമടങ്ങുന്ന മനോഹരമായ
ഇൻറർഫേസോടുകൂടിയ എജുക്കേഷനൽ പോർട്ടലുകൾ. ജോലി ചെയ്തു കൊണ്ടിരിക്കുന്നവർക്കും വീട്ടിലിരുന്നും
ഇഷ്ടമുള്ള സമയത്ത് പഠിക്കാനാവുന്നു എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.
ചില എജുക്കേഷനൽ പോർട്ടലുകൾ പരിചയപ്പെടാം
·
ഖാൻ അക്കാദമി
ഒരു ഓൺലൈൻ കോച്ചിങ് വെബ്സൈറ്റാണ്
ഖാൻ അക്കാദമി. കൂടുതൽ പണം നൽകിയുള്ള കോച്ചിങ്ങിന് സാമ്പത്തികസ്ഥിതിയില്ലാത്തവർക്ക്
ഉപയോഗപ്പെടുത്താവുന്ന ഏറ്റവും മികച്ച പോർട്ടലുകളിലൊന്നാണ് ഖാൻ അക്കാദമി.
സ്കൂളുകളിലെ പാരമ്പര്യ വിഷയങ്ങളായ കണക്ക്, സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവയും ഖാൻ അക്കാദമിയിൽ പഠിപ്പിക്കുന്നുണ്ട്. ഗൂഗ്ൾ
പ്ലേസ്റ്റോറിൽ ഇതിെൻറ ആപ്ലിക്കേഷൻ ലഭ്യമാണ്. പ്രൈമറി സ്കൂളുകളിലെ
വിഷയങ്ങളടക്കം അടങ്ങിയ സിലബസാണ് ഖാൻ അക്കാദമിയുടേത്.
·
ഇ.ഡി.എക്സ് (EDX)
വിദ്യാർഥികൾ പൊതുവെ ഏറ്റവും കൂടുതൽ
ഉപയോഗിക്കുന്ന പോർട്ടലാണ് ഇ.ഡി.എക്സ്. ലോകപ്രശസ്തമായ ഹാർവഡ്
യൂനിവേഴ്സിറ്റിയാണ് ഇതിന് പിന്നിൽ. ഏറ്റവും വലിയ യൂനിവേഴ്സിറ്റികളിലെ ഏറ്റവും
മികച്ച കോഴ്സുകളാണ് ഇ.ഡി.എക്സ് ഒാൺലൈനായി നൽകുന്നത്.
·
അക്കാദമിക് എർത്ത്
അക്കൗണ്ടിങ്, ഇക്കണോമിക്സ്,
എൻജിനീയറിങ് പോലുള്ള കോഴ്സുകളും ബി ഹേവിയറൽ സൈക്കോളജി
പോലുള്ള പ്രത്യേക വിഷയങ്ങളും പഠിക്കാനാഗ്രഹിക്കുന്നവർക്കുള്ളതാണ് അക്കാദമിക്
എർത്ത്. യൂനിവേഴ്സിറ്റി ഒാഫ് ഓക്സ്ഫഡ്, മസാചൂസറ്റ്സ്
ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, സ്റ്റാൻഫോർഡ്
യൂനിവേഴ്സിറ്റി തുടങ്ങിയ ലോകപ്രശസ്ത കോളജുകളുമായി ചേർന്നാണ് അക്കാദമിക്
എർത്ത് പ്രവർത്തിക്കുന്നത്.
മറ്റ് പ്രധാന എജുക്കേഷനൽപോർട്ടലുകൾ
ഹൗകാസ്റ്റ്, ഫ്യൂച്ചേഴ്സ്
ചാനൽ, കോസ്മോ ലേണിങ്, ബ്രൈറ്റ്
സ്റ്റോം, കോഴ്സ് എറ, ബിഗ്
തിങ്ക്, ഇൻറർനെറ്റ് ആർക്കൈവ്.
മലയാളം പോർട്ടലുകളുടെ അഭാവം
നിരവധി എജുക്കേഷനൽ പോർട്ടലുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ, കേരളത്തിലെ
വിദ്യാർഥികൾക്ക് സന്തോഷിക്കാനായിട്ടില്ല. കാരണം, മലയാളത്തിലുള്ള
മികച്ച എജുക്കേഷനൽ പോർട്ടലുകളുടെ അഭാവംതന്നെ. ചുരുക്കം ചില പോർട്ടലുകൾ
ഉണ്ടെങ്കിലും മറ്റ് ദേശീയ-അന്തർദേശീയ തലത്തിലുള്ള പോർട്ടലുമായി കിടപിടിക്കുന്ന
തരത്തിലുള്ളവ ഇല്ല എന്ന് ഉറപ്പിച്ചുപറയേണ്ടിവരും. ഉള്ളവ കാര്യമായോ
പ്രായോഗികമായോ ഉപയോഗപ്രദമാകുന്നില്ല എന്നുള്ളതും വാസ്തവമാണ്.
ഇതുപോലെത്തന്നെയാണ് ആപ്ലിക്കേഷനുകളുടെ കാര്യവും. സ്കൂൾതലത്തിലും സർക്കാർ
തലത്തിലും ഇത്തരം സംരംഭങ്ങൾക്കുള്ള തുടക്കത്തിന് പരിശ്രമങ്ങളുണ്ടാവണം.
അധ്യാപകനും വേണം
മാറുന്ന കാലം, നവമാധ്യമങ്ങളിൽ
കുട്ടികൾ നീന്തിത്തുടിക്കുന്ന കാലം. അതെ, അധ്യാപകന് ഇനി
കാര്യങ്ങൾ പഴയതുപോലെ എളുപ്പമാകില്ല. സ്മാർട്ഫോണിൽ ഒരു സെൽഫിയെടുത്ത് അത്
ഫേസ്ബുക്കിലിടാൻ എങ്കിലും അറിയാത്ത അധ്യാപകരുണ്ടെങ്കിൽ ഇന്നത്തെ കാലത്ത്
കുറച്ച് കഷ്ടപ്പെടും. ഇപ്പോഴത്തെ കുട്ടികളെ നവമാധ്യമങ്ങളെക്കൂടി ഉൾപ്പെടുത്തി
പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ആദ്യം അധ്യാപകന് ഇത്തരം മാധ്യമങ്ങളെ കുറിച്ചുള്ള മികച്ച
ധാരണയുണ്ടാകേണ്ടതുണ്ട്. അധ്യാപക ന്റെ റോളിന് പകരക്കാർ
എത്തിത്തുടങ്ങുേമ്പാൾ അതിന് മുകളിലേക്ക് അധ്യാപകൻ വളർന്നില്ലെങ്കിൽ കാര്യങ്ങൾ
അവതാളത്തിലാകും. പെന്നിന് പകരം അധ്യാപകന് പെൻഡ്രൈവ് കൊണ്ടു നടക്കേണ്ടിവരുന്ന
കാലം വിദൂരമല്ലെന്ന് ഓർമവേണം.