ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Friday, 3 July 2020

പൗലോ ഫ്രെയർ :വിമർശനാത്മക ബോധനശാസ്ത്രവും പ്രശ്നാധിഷ്ഠിത പഠനവും


       പ്രസിദ്ധ ബ്രസീലിയൻ ചിന്തകനും വിദ്യാഭ്യാസപ്രവർത്തകനും ആണ് പൗലോ ഫ്രെയർ(സെപ്റ്റംബർ 19, 1921 മെയ്‌ 2, 1997) . നിയമബിരുദം നേടിയശേഷം, റെസിഫെ സർവകലാശാലയിലെ കൾച്ചറൽ എക്സ്റ്റൻഷൻ സർവീസിന്റെ ആദ്യ ഡയറക്ടറായി. ഹാർവാർഡ് സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് ജനീവയിലെ വേൾഡ് കൗൺസിൽ ഒഫ് ചർച്ചസിൽ ചേർന്നു. 1973-ൽ മർദിതരുടെ  ബോധനശാസ്ത്രം  (Pedagogy of the Oppressed) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 15 വർഷത്തിനുശേഷം ബ്രസീലിൽ തിരിച്ചെത്തി 1989- 91-ൽ സാവോപൗളോയിലെ വിദ്യാഭ്യാസമന്ത്രിയായി. അക്കാലത്തെ അനുഭവങ്ങളാണ് 1993-ൽ എഴുതിയ നഗരത്തിന്റെ ബോധനശാസ്ത്രം (Pedagogy of the city)എന്ന കൃതിയിലെ പ്രതിപാദ്യം.   

                        മനുഷ്യൻറെ വിമോചനം ഏതു വിധത്തിലാണ് സാധ്യമാക്കുന്നത് എന്നതാണ് ഇന്ന് നമ്മുടെ മുമ്പിലുള്ള മുഖ്യപ്രശ്നം. ശരിയായ വിദ്യാഭ്യാസമാണ് അതിനുള്ള നേരായ മാർഗ്ഗം. സംവാദമാണ് അതിനുതകുന്ന ബോധനരീതി. സ്ഥിരമായ ഒരു സംവാദാത്മകബന്ധം സ്ഥാപിക്കാൻ കഴിയുമെങ്കിൽ വിമോചനം എത്രയും വേഗം സാക്ഷാത്കരിക്കപ്പെടും.അധ്യാപകരും വിദ്യാർത്ഥികളും യാഥാർത്ഥ്യത്തെ അനാവരണം ചെയ്യുന്നന്നതിലും  വിമർശനബുദ്ധ്യാ നേടിയെടുത്ത അറിവിനെ പുനഃസൃഷ്ടിക്കുന്നതിലും വിജയിക്കും. കൂടാതെ നിലവിലുള്ള ബോധനരീതികളുടെ അപര്യാപ്തതകൾ  എന്തൊക്കെയാണ് എന്ന ഒരു അന്വേഷണത്തിലേക്കും  അത് വഴിതെളിക്കും”.

    വിമോചനപരം അല്ലാത്ത ഏതു വിദ്യാഭ്യാസവും കേവലം ഒരു നിക്ഷേപ പ്രക്രിയ മാത്രമാണ്. വിദ്യാർത്ഥികൾ കലവറകളും അധ്യാപകർ നിക്ഷേപകനും എന്ന വൈരുദ്ധ്യം അത് കാത്തുസൂക്ഷിക്കുന്നു . ആശയവിനിമയത്തിന് പകരം ചില പ്രസ്താവനകൾ പുറപ്പെടുവിക്കുക ,ചില നിക്ഷേപങ്ങൾ നടത്തുക മുതലായ കടമകൾ മാത്രമേ അധ്യാപകൻ നിർവഹിക്കാനുള്ളൂ . വിദ്യാർഥികൾക്ക് ആവട്ടെ അവയെല്ലാം ക്ഷമയോടെ സ്വീകരിച്ചു  ഓർമവെച്ചു  ആവർത്തിക്കുക എന്ന കർത്തവ്യവും . ഇതിനാണ് വിദ്യാഭ്യാസത്തിൻറെ ബാങ്കിംഗ് സങ്കല്പം (banking model) എന്ന് വിളിക്കുന്നത് .ബാങ്കിംഗ് വിദ്യാഭ്യാസത്തിന് നേർവിപരീതമാണ് വിമോചനവിദ്യാഭ്യാസം. വിമോചനവിദ്യാഭ്യാസം കുടികൊള്ളുന്നത് ജ്ഞാനസമ്പാദന മാർഗ്ഗങ്ങളിൽ ആണ്.  അറിവ്  കൈമാറുന്നതിൽ അല്ല .

 

         എല്ലാത്തരം അധീശത്വങ്ങളെയും   ചോദ്യംചെയ്യാൻ പഠിതാക്കളേ സഹായിക്കുന്ന ഒരു അധ്യാപന സമ്പ്രദായമാണ് വിമർശനാത്മകബോധനം. അതായത് കുട്ടികളിൽ വിമർശനബുദ്ധി  വികസിപ്പിക്കാനുള്ള സിദ്ധാന്തവും പ്രയോഗവുമാണ്. പാവങ്ങളുടെ വിമോചനത്തെ തടഞ്ഞുനിർത്തുന്നത് അവർക്കുമേൽ പതിച്ചിട്ടുള്ള പലതരം അധീശത്വങ്ങൾ ആണ് .സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവും ആദർശപരവുമായ അധിനിവേശങ്ങൾ. ഇവയെല്ലാം വിമർശനാത്മകമായി പരിശോധിക്കുന്ന ബോധനശാസ്ത്രം കുട്ടികൾക്ക് പരിചയപ്പെടുത്തണം. എങ്കിൽ മാത്രമേ അവർക്ക് ജീവിതത്തിലെ നാനാമേഖലകൾ പരിശോധിച്ച് ശരിയായ കാഴ്ചപ്പാടുക രൂപീകരിക്കാൻ ആവുക ഉള്ളൂ  എന്ന് അദ്ദേഹം സ്ഥാപിച്ചു

 

·       എല്ലാ വിദ്യാഭ്യാസവും സ്വയം ശാക്തീകരിക്കാൻ ഉള്ളതാണ് . അതിനാൽ എല്ലാ ബോധനശാസ്ത്രവും ഈ ലക്ഷ്യത്തെ കുറിച്ച് ബോധം ഉള്ളതാകണം

·       എല്ലാ വിദ്യാഭ്യാസരീതികൾക്കും   അടിസ്ഥാനമായി നീതിയുടെയും    സമത്വത്തിന്റേതുമായ ഒരു സാമൂഹിക കാഴ്ചപ്പാട് ഉണ്ടായിരിക്കണം .

·       വർഗം, വംശം, സ്ത്രീപുരുഷഭേദം ,ലൈംഗികത ,മതം ,ശാരീരികശേഷി എന്നിവയൊക്കെ അടിച്ചമർത്തലിനും അധിനിവേശത്തിനും  സാധ്യതയുള്ള മേഖലകൾ ആണ് .അതുകൊണ്ടുതന്നെ അത്തരം സങ്കല്പങ്ങൾ തന്നെ വിമർശന വിധേയമാക്കണം

·        ഒരു വിദ്യാലയവും കുട്ടികളെ ഒരുതരത്തിലും മുറിവേൽപ്പിക്കു രുത്. നല്ല വിദ്യാലയങ്ങൾ തോൽവികളുടെ പേരിൽ, കുട്ടികളുടെ മേൽ പഴിചാരരുത്.

·        ക്ലാസ് മുറിയിലേക്ക് കുട്ടികൾ  കൊണ്ടുവന്ന ഭാഷയേയും അറിവിനെയും പ്രശ്നമായി ചിത്രീകരിക്കരുത് .

·       എല്ലാ അറിവുകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

·       വിമോചനപരമായ മാറ്റത്തെയും ബുദ്ധിപരമായ വളർച്ചയെയും വിദ്യാഭ്യാസം പോഷിപ്പിക്കണം

·       പാഠപുസ്തകത്തിലെ കവിതകളും ഉൾക്കൊള്ളുന്ന സങ്കൽപ്പങ്ങൾ എന്തൊക്കെയാണ്? എന്ത് തരം  ചിന്താഗതിയാണ്  ഇവ കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കുന്നത്, എന്നിങ്ങനെ വിമർശനാത്മകമായി ചിന്തിക്കാൻ അധ്യാപനും സാധിക്കണം.

ഉത്തരാധുനികത,വർഗ്ഗവിവേചനവിരുദ്ധത,കോളനിവാഴ്ചാനന്തരത,സ്ത്രീവാദം, തുടങ്ങിയ സിദ്ധാന്തങ്ങൾ പൗലോ ഫ്രയർന്റെ ആശയങ്ങൾ വിശദീകരിക്കാൻ സഹായിക്കുന്നു.

 

പ്രശ്നാധിഷ്ഠിത പഠനം

             യാഥാർഥ്യത്തെ  വിമർശനാത്മകമായി അനാവരണം ചെയ്യാനും അംഗീകരിക്കാനും പഠിതാവിനെ ക്ഷണിക്കുന്ന വിദ്യാഭ്യാസമാണ് വിമോചനാത്മക വിദ്യാഭ്യാസം.അത് സംവാദാത്മകമാണ്.പ്രശ്നാധിഷ്ഠിത വിദ്യാഭ്യാസമാണ് ഫ്രയർ അതിനായി നിർദ്ദേശിക്കുന്നത് .വിഷയത്തിനെ ഉള്ളടക്കം ഒരു പ്രശ്നമായി കുട്ടികൾക്ക് മുന്നിൽ അദ്ധ്യാപകൻ അവതരിപ്പിക്കുന്നു .പ്രശ്നമേഖലകളുടെ വിവിധതലങ്ങള്‍  സമൂഹം ,ജീവിതം   എന്നിവയെ  അഭിസംബോധന ചെയ്യുന്നതായിരിക്കും സാമൂഹിക പ്രശ്നങ്ങളുമായി ഉദ് ഗ്രഥിച്ച് വിഷയപഠനം നടത്തുക എന്നത് വിദ്യാഭ്യാസവും സാമൂഹികജീവിതവും പ്രശ്നപരിഹരണവും തമ്മിലുളള ബന്ധം തിരിച്ചറിയുന്നതിന്  കുട്ടികളെ പ്രാപ്തരാക്കുന്നു

 

കേരളത്തിലെ പാഠ്യപദ്ധതി വികസിപ്പിച്ചത് മൂന്നു പ്രധാന ആശയങ്ങളിലാണ്

·       സാമൂഹികജഞാന നിര്‍മിതി വാദം

·       വിമര്‍ശനാത്മക ബോധനശാസ്ത്രം

·       പ്രശ്നാധിഷ്ഠിത പഠനം

       സാമൂഹിക പ്രശ്നങ്ങളുമായി ഉദ്ഗ്രഥിച്ച് വിഷയപഠനം നടത്തുക എന്നത് വിദ്യാഭ്യാസവും സാമൂഹികജീവിതവും പ്രശ്നപരിഹരണവും തമ്മിലുളള ബന്ധം തിരിച്ചറിയുന്നതു കൊണ്ടാണ്.

 

കുട്ടികള്‍ പഠിക്കേണ്ട എല്ലാ വിഷയങ്ങളും എട്ട് പ്രശ്‌നമേഖലകളില്‍ ഒതുക്കിയിരിക്കുകയാണ് 2007-ലെ കരിക്കുലം.

1)    ശാസ്ത്രീയമായ സ്ഥലജലപരിപാലനത്തിന്റെ അഭാവം

2)   കൃഷിയെ ഒരു ജീവിതസംസ്‌കാരമായി കാണാത്ത അവസ്ഥ

3)    വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ

4)   അധ്വാനശേഷി വികാസത്തിന്റെ അഭാവം

5)    സാംസ്‌കാരികത്തനിമയെയും അതിന്റെ സ്വതന്ത്രവികാസത്തെയും കുറിച്ച് ധാരണയില്ലായ്മ

6)   പാര്‍ശ്വവത്കരിക്കപ്പെടുന്നരോടുള്ള പരിഗണനയില്ലായ്മ

7)    പരിസരസൗഹാര്‍ദപരമായ വ്യവസായവത്കരണം, നഗരവത്കരണം എന്നിവയെക്കുറിച്ചുള്ള ധാരണക്കുറവ്

8)   ശാസ്ത്രീയമായ ആരോഗ്യ-പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം

                                     എന്നിവയാണ് പ്രശ്‌നമേഖലകള്‍.

               

പ്രശ്നാധിഷ്ഠിതപഠനം , വിദ്യാർത്ഥികേന്ദ്രിതമായ ഒരു അധ്യാപനസങ്കേതമാണ്. കുട്ടികൾ സഹവർത്തിത്വത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും സ്വാഅനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ഒരു പഠനരീതി. വിഷയജ്ഞാനത്തിനു പുറമേ മികച്ച ആശയവിനിമയശേഷി, പ്രശ്നപരിഹാരശേഷി, സ്വയംപഠനശേഷി, എന്നിവയും കുട്ടികൾ ഇതിലൂടെ നേടുന്നു.

 

 പ്രശ്നാധിഷ്ഠിത സമ്പ്രദായത്തിന്റെ സവിശേഷരീതികൾ

·       പ്രശ്നത്തിന്റെ ആദ്യഅപഗ്രഥനം

·       ഗ്രൂപ്പ് ചർച്ചയിലൂടെ മുന്നറിവ് ഉണർത്തൽ

·       മുന്നറിവ് വികസിപ്പിച്ച് പുതിയ വിവരങ്ങൾ ശേഖരിക്കുക

·       അപഗ്രഥനം -അതിലൂടെ ലഭിച്ച അറിവ് അവതരിപ്പിക്കൽ

·       പഠനസന്ദർഭത്തിൽ പ്രയോഗിക്കുക

·       പ്രശ്നത്തിന്റെ  പരിഹാരം

·       അവതരണം

                  - ഇവയാണ് ഈ സമ്പ്രദായത്തിന്റെ പഠനക്രമം

 


No comments:

Post a Comment