ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Thursday, 18 February 2021

സൂക്ഷ്മ ബോധനം (Micro Teaching)

 

സൂക്ഷ്മനിലവാര ബോധനം (Micro Teaching)

                        സൂക്ഷ്മനിലവാര ബോധനം എന്ന പരിശീലനം ആദ്യം നടപ്പിലാക്കിയത് 1961 യു.എസ്.എ യിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ആണ് . ഡ്വൈറ്റ്.ഡബ്ല്യൂ.അലനും അദ്ദേഹത്തിന്റെ അനുയായികളും ആയിരുന്നു ഇതിൻറെ ഉപജ്ഞാതാക്കൾ .അധ്യാപക വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടിയാണ് ഇത്.സങ്കീർണ സ്വഭാവമുള്ള നിരവധി നൈപുണികൾ ഉൾപ്പെട്ട അധ്യാപനം എന്ന പ്രവർത്തനത്തിന്റെ പഠനത്തിന് സഹായിക്കുന്നു.നൈപുണികളുടെ വികാസത്തിനും ഭാഷാഅധ്യാപനത്തിനും ഈ സമീപനം സ്വീകരിക്കാം .അധ്യാപനപ്രക്രിയയുടെ സങ്കീർണസ്വഭാവം ലളിതമാക്കുക എന്നതാണ് ഇതിൻറെ ഉദ്ദേശം. ഒരധ്യാപകൻ അഞ്ചോ പത്തോ കുട്ടികൾ മാത്രമുള്ള ഒരു സംഘത്തെ, അഞ്ചോ പത്തോ മിനിറ്റ് മാത്രം നീണ്ട കാലയളവിൽ ചെറിയ ഒരു പാഠഭാഗം പഠിപ്പിക്കുന്ന രീതിയിലുള്ള ബോധനമാതൃകയാണ് സൂക്ഷ്മനിലവാര ബോധനം. ഇതുവഴി അധ്യാപകന് പുതിയ നൈപുണികൾ ആർജ്ജിക്കുവ്വാനും പഴയവ സംസ്കരിക്കാനും സഹായകരമായ സാഹചര്യം ലഭിക്കുന്നു. അധ്യാപകവിദ്യാർത്ഥികൾക്ക് ഒരു പാഠം എടുത്തു കഴിഞ്ഞാൽ ഉടൻതന്നെ പരിശീലനത്തെ സംബന്ധിക്കുന്ന  ഫീഡ്ബാക് ലഭിക്കുന്നതിനുള്ള  അവസരമുണ്ട് .

                          ക്ലാസിന്റെ  വലിപ്പവും ക്ലാസിന്റെ സമയവും വെട്ടിച്ചുരുക്കിയ ഒരു അധ്യാപന സംരംഭം എന്നാണ് സൂക്ഷ്മ നിലവാര ബോധനത്തെ അലൻ നിർവചിക്കുന്നത് .അധ്യാപക പരിശീലനത്തെ  ഒരു സമയത്ത് ഒരു പ്രത്യേക നൈപുണിയിൽ ഒതുക്കിയും അധ്യാപനസമയവും ക്ലാസ്സിന്റെ വലിപ്പവും  ചുരുക്കിയും അധ്യാപനസന്ദർഭത്തെ ലളിതവും കൂടുതൽ നിയന്ത്രിതവും ആക്കുന്ന അധ്യാപനപരിശീലന പ്രക്രിയ എന്നും ഇതിനെ  നിർവചിച്ചിട്ടുണ്ട്.

സൂക്ഷ്മനിലവാര ബോധനം -ഉദ്ദേശങ്ങൾ

·        നിയന്ത്രിത സാഹചര്യങ്ങളിൽ പുതിയ അധ്യാപനനൈപുണികൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുക

·        ഒരു ചെറിയ സംഘം കുട്ടികളെ കൈകാര്യം ചെയ്ത് അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപനത്തിൽ ആത്മവിശ്വാസം വളർത്തുക.

·        നിരവധി അധ്യാപകനൈപുണികൾ സൂക്ഷ്മമായി പരിശീലിക്കുന്നതിനുള്ള  സൗകര്യം നൽകുക.

സൂക്ഷ്മനിലവാര ബോധനം -സവിശേഷതകൾ

·        അത് വ്യാപ്തി വെട്ടിച്ചുരുക്കിയ ബോധനപരിപാടിയാണ് .

·        സാധാരണ അധ്യാപനത്തെ അപേക്ഷിച്ച് സങ്കീർണത കുറവാണ്.

·    സൂക്ഷ്മനിലവാര ബോധനത്തിൽ ഉൾപ്പെടുന്ന കുട്ടികളുടെ എണ്ണം കുറവാണ്

  ഏകദേശം 5 നും 10 നും ഇടയ്ക്ക് വിദ്യാർത്ഥികൾ മാത്രമേ ഉള്ളൂ.

· യഥാർത്ഥ പഠിതാക്കളെ കിട്ടിയില്ലെങ്കിൽ പഠിതാക്കളുടെ റോൾ  അഭിനയിക്കുന്ന സഹപാഠികളുടെ സഹായം  ഉപയോഗിക്കാം

·        സമയദൈർഘ്യം കുറവാണ്

·         

സൂക്ഷ്മ നിലവാര ബോധനം -ഘട്ടങ്ങൾ

·        പരിശീലനം നേടേണ്ട അധ്യാപകനൈപുണികളെ സ്പഷ്ടമായി നിർവചിക്കുന്നു.

·        ഒരു മാതൃകാപാഠത്തിലൂടെ അധ്യാപകപരിശീലകൻ, മാതൃക കാണിച്ചു കൊടുക്കുന്നു

·        ഒരു പാഠഭാഗത്തെ ആസ്പദമാക്കി അധ്യാപക-വിദ്യാർഥി പാഠം അവതരിപ്പിക്കുന്നു

·        പരിശീലനം,  നിരീക്ഷകർ പരിശോധിച്ച് വിലയിരുത്തുന്നു.

·        പുനരാസൂത്രണത്തിനും  പുനർ-ബോധനത്തിനും  പുനർ-ഫീഡ്ബാക്ക് നും ആവശ്യമായിട്ടുള്ള സെഷനുകൾ ഒരുക്കുന്നു.

·        അവ നൈപുണി ആർജ്ജിക്കുന്നത് വരെ സംവിധാനം ചെയ്യുന്നു. 

·        പഠിപ്പിക്കുക ,ഫീഡ്ബാക്ക് നേടുക ,പുനരാസൂത്രണം  ചെയ്യുക , വീണ്ടും പഠിപ്പിക്കുക, വീണ്ടും ഫീഡ്ബാക്ക് നേടുക എന്ന പ്രവർത്തന ചക്രം ആവർത്തിക്കുന്നു.

സൂക്ഷ്മ നിലവാര ബോധനം -ഘട്ടങ്ങൾ

Ø  ഘട്ടം 1- ആസൂത്രണം

Ø  ഘട്ടം 2 -അധ്യാപനം

Ø  ഘട്ടം 3- ഫീഡ്ബാക്ക് അഥവാ പ്രതിപുഷ്പി

Ø  ഘട്ടം 4- പുനർ ആസൂത്രണം

Ø  ഘട്ടം 5 -പുനരധ്യാപനം

Ø  ഘട്ടം 6- പുനർ ഫീഡ്ബാക്ക്

 

സൂക്ഷ്മനിലവാര ബോധനപ്രക്രിയയിൽ അന്തർഭവിച്ചിട്ടുള്ള ഘട്ടങ്ങൾ

Ø  വിജ്ഞാന സമ്പാദന ഘട്ടം :നൈപുണിയുടെ മാതൃകകൾ നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും അതിനെ സംബന്ധിച്ച് ചർച്ചകൾ നടത്തുകയും ചെയ്യുക.

Ø  നൈപുണ്യ വികസന ഘട്ടം :നൈപുണി ഉൾപ്പെട്ട സൂക്ഷ്മനിലവാര പാഠം പരിശീലിക്കുക

Ø  സംക്രമണ ഘട്ടം: പ്രകടനം വിലയിരുത്തുക ,സംവിധാനം ചെയ്യുക , വീണ്ടും പഠിപ്പിക്കുക ,യഥാർത്ഥ ക്ലാസുകളിലേക്ക് നൈപുണി സംക്രമിപ്പിക്കുക

 

നൈപുണികൾ

ഏതുതരം പ്രവർത്തിയും തികഞ്ഞ പാടവത്തോടുകൂടി പൂർത്തിയാക്കുവാൻ ഉള്ള പ്രത്യേക കഴിവിനെയാണ് നൈപുണി എന്ന് വിളിക്കുന്നത്. അധ്യാപനം എന്ന പ്രക്രിയയെ കലാപരമായി സമീപിക്കുവാൻ ധാരാളം നൈപുണികൾ നേടേണ്ടതുണ്ട് .സുതാര്യവുമായ വർത്തനവ്യതിയാനങ്ങൾ വളർത്തി എടുക്കുന്നതിനുള്ള ഒരുകൂട്ടം നടപടികളും പെരുമാറ്റരീതികളും ആണ് ഇതിൻറെ പരിധിയിൽ വരിക.

                   ഒരു ക്ലാസ്സ് സമർഥമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നൈപുണികൾ പ്രധാനമായും 8 വിഭാഗമായി തരം തിരിച്ചിരിക്കുന്നു.

1.      പാഠം പരിചയപ്പെടുത്തൽ

·        മുന്നറിവ് ഉപയോഗിക്കൽ

·        അനുയോജ്യമായ തന്ത്രങ്ങളുടെ ഉപയോഗം

·        തുടർച്ച

·        പ്രസക്തി

·        അഭിപ്രേരണ

·        താല്പര്യം വളർത്തൽ

·        വിദ്യാർഥികളുടെ പങ്കാളിത്തം

2.      വിശദീകരിക്കൽ

·        അനുയോജ്യമായ തുടക്കവും ഒടുക്കവും

·        വാചകങ്ങളെ ബന്ധപ്പെടുത്തൽ

·        അവശ്യ വിവരങ്ങൾ ഉൾപ്പെടുത്തുക

·        കുട്ടികളുടെ ധാരണ പരിശോധിക്കൽ

·        ഒഴുക്ക്

·        ലളിതമായ ഭാഷ

3.      ഉദാഹരണസഹിതം വ്യക്തമാക്കൽ

·        പ്രസക്തമായ ഉദാഹരണങ്ങൾ

·        ലളിതമായ ഉദാഹരണങ്ങൾ

·        താല്പര്യജനകമായ ഉദാഹരണങ്ങൾ

·        അനുയോജ്യമായ ഉദാഹരണങ്ങൾ

·        ആഗമന-നിഗമന രീതികളുടെ ഉപയോഗം

4.      ചോദ്യം ചോദിക്കൽ

·        ചോദ്യഘടന

·        പ്രസക്തി

·        ചോദ്യം ചോദിക്കലും ചോദ്യ വിതരണവും

·        ശബ്ദം

·        ചിന്തോദ്ദീപകചോദ്യങ്ങൾ

·        വികസന പ്രകൃതം

5.      അന്വേഷണാത്മക ചോദ്യങ്ങൾ

·        പ്രചോദനം നൽകൽ

·        പുതിയ വിവരങ്ങൾ തേടൽ

·        പുന:കേന്ദ്രീകരണം

·        പുനർ നിർദ്ദേശം

·        വിമർശന ചിന്ത വളർത്തൽ

6.      ബ്ലാക്ക് ബോർഡ് ഉപയോഗം

 

·        സ്പഷ്ടത

·        വൃത്തി

·        തുടർച്ച

·        ഔചിത്യം

·        വേഗത

·        ഹ്രസ്വം

·        അധ്യാപകൻറെ സ്ഥാനം

7.      പ്രബലനം  
               ധനാത്മക വാചിക പ്രബലനം (positive verbal reinforcement)

·        ധനാത്മക ആംഗിക  പ്രബലനം (positive non-verbal reinforcement)

·        ഋണാത്മക ആംഗിക  പ്രബലനം (negative non- verbal reinforcement)

·        ഋണാത്മക വാചിക പ്രബലനം (negative verbal reinforcement)

·        വാചികേതര പ്രബലനം            (Extra verbal reinforcement)

 

8.      ചോദക വ്യതിയാനം

 

·        ചലനങ്ങൾ

·        oഗ്യം

·        കേന്ദ്രീകരണം

·        ഇടപെടൽ രീതിയിലെ മാറ്റം

·        നിർത്തൽ

·        ദൃശ്യശ്രാവ്യ വ്യതിയാനങ്ങൾ

·        വിദ്യാർഥികളുടെ പങ്കാളിത്തം

     

സൂക്ഷ്മബോധനത്തിൽ പ്രതിപുഷ്ടിക്കുള്ള സ്ഥാനം

                           വ്യക്തികൾക്കു നൽകുന്ന വിമർശനാത്മക വിലയിരുത്തലുകളാണ് പ്രതിപുഷ്ടി എന്നതുകൊണ്ട്  അർത്ഥമാക്കുന്നത്. സൂക്ഷ്മനിലവാരബോധനത്തിന്റെ വിജയം യഥാർത്ഥത്തിൽ  പ്രതിപുഷ്ടിയെആശ്രയിച്ചാണിരിക്കുന്നത്. പഠനപ്രക്രിയയിൽ ഉടനീളം അതുപോലെ പാഠത്തിൻറെ അവസാനവും പ്രതിപുഷ്ടി ഉപയോഗപ്പെടുത്താം. നിരീക്ഷണപട്ടിക ഉപയോഗിച്ചു കൊണ്ട് മറ്റുള്ളവർക്ക് ,കൃത്യമായി പ്രവർത്തനങ്ങൾ നിരീക്ഷണ വിധേയമാക്കാം. മേൽനോട്ടം നടത്തുന്ന ഏതൊരു വ്യക്തിക്കും മറ്റു വിദ്യാർഥികൾക്കും വിലയിരുത്തൽ നടത്താവുന്നതാണ്. വിമർശനവിധേയമാക്കിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ പുനരധ്യാപനം നടത്തി ശേഷികൾ കൈവരിക്കാൻ വ്യക്തികൾക്ക് കഴിയുന്നു.ഇത്തരം വിലയിരുത്തലിനായി വീഡിയോ ടേപ്പുകൾ, ഫിലിമുകൾ എന്നീ സ്രോതസ്സുകൾ ഉപയോഗിക്കാവുന്നതാണ്.

സൂക്ഷ്മനിലവാര ബോധനം- ഗുണങ്ങൾ

·   പരിശീലനം നേടിയ അധ്യാപക-വിദ്യാർഥികൾ പാരമ്പര്യരീതിയിൽ പരിശീലിച്ച് അവരെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു

· നൈപുണീവികസനത്തിന് ശരിയായ അധ്യാപനത്തെ തന്നെ ഉപയോഗിക്കുന്നു

·        ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു

·        കുട്ടികളുടെ എണ്ണം,സമയം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നത് കൊണ്ട് അധ്യാപകപരിശീലനം കൂടുതൽ ചിട്ടയായി നടത്താൻ കഴിയുന്നു

· ഫീഡ്ബാക്ക്, പുനഃസംവിധാനം, പുന:പ്രവർത്തങ്ങൾ എന്നിവയിലൂടെ  ആഴത്തിലുള്ള അറിവ്, പ്രവർത്തനശേഷി എന്നിവ നേടാൻ കഴിയുന്നു

·        അധ്യാപകവ്യവഹാരം കൂടുതൽ കാര്യക്ഷമമായി പ്രവർത്തന വിധേയമാക്കാം

·        ചോദ്യം ചോദിക്കുക,പഠിതാവിന്റെ പങ്കാളിത്തത്തെ പ്രബലനം ചെയ്യുക ,തുടങ്ങിയ നൈപുണികൾ വികസിപ്പിക്കുന്നതിനു സഹായിക്കുന്നു.

· അധ്യാപകശേഷികൾ ക്ലാസ്മുറിയിലേക്ക് സംക്രമണം ചെയ്യുന്നതിനുള്ള കാര്യക്ഷമമായ സമ്പ്രദായമാണിത് .

· സംഭ്രമം കൂടാതെ അധ്യാപകവിദ്യാർത്ഥികൾക്ക് അഭിലഷണീയമായ വ്യവഹാരമാതൃകകൾ വികസിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു.

സൂക്ഷ്മനിലവാര ബോധനം പരിമിതികൾ

·        നൈപുണിപരിശീലനത്തിന് പ്രാധാന്യം നൽകുന്നു . ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്നില്ല.

·        സൂക്ഷ്മനൈപുണികൾക്ക് പ്രാധാന്യം നൽകുന്നു. സംയോജിത നൈപുണികൾ അവഗണിക്കപ്പെടാൻ ഉള്ള സാധ്യതയുണ്ട്.

·        ഒരു പ്രത്യേക സമയത്ത് ഏതാനും സൂക്ഷ്മനൈപുണികൾ മാത്രമേ പരിഗണിക്കുന്നുള്ളൂ .

·        സൂക്ഷ്മനിലവാരബോധനപരിശീലനസമയത്ത് ക്ലാസ്മുറികളിലെ ഭൗതികസാഹചര്യങ്ങളിൽപരിമിതികൾ നേരിടാം.


ലിങ്ക് പ്രാക്ടീസ് (Link practice )

                        ബോധനനൈപുണികളുടെ  ഒരു ശ്രേണിയുമായി അധ്യാപക-വിദ്യാർഥിയെ  ബന്ധപ്പെടുത്തുന്ന പ്രവർത്തനമാണ് നൈപുണികളുടെ ഉദ്ഗ്രഥനം.(LINK PRACTICE).വ്യത്യസ്ത ഉപനൈപുണികൾ പ്രത്യേകം പ്രത്യേകം  പരിശീച്ചു കഴിഞ്ഞാൽ   രണ്ടോ മൂന്നോ ഉപനൈപുണികൾ സംയോജിപ്പിച്ച്  10 മുതൽ 20    മിനിറ്റ് വരെ വരെ നീണ്ടുനിൽക്കുന്ന  രീതിയിൽ ഉപനൈപുണികൾ ഒരു പാഠത്തിൽ സംയോജിപ്പിച്ചുകൊണ്ട് പരിശീലിക്കേണ്ടതുണ്ട്.ഇതിനു നൈപുണികളുടെ ഉദ്ഗ്രഥനം, സംയോജിത പരിശീലനം,  ബന്ധപ്പിക്കൽ പരിശീലനം എന്നും പറയാറുണ്ട്

No comments:

Post a Comment