ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Tuesday, 14 July 2020

അധ്യാപക സഹായി (Teacher’s hand Book /Teacher Text)

             

       പാഠ്യപദ്ധതിയുടെ ഫലപ്രദമായ വിനിമയം ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ ഓരോ അധ്യാപകനും ലഭിക്കുന്നതിന് സഹായിക്കുന്ന വിഭവമാണ് അധ്യാപക സഹായി.

·       ഓരോ യൂണിറ്റിലെയും ബോധന ഉദ്ദേശങ്ങൾ

·       പ്രതീക്ഷിക്കുന്ന  പഠന നേട്ടങ്ങൾ

·       ഉള്ളടക്കപരമായ അധികവിവരങ്ങൾ

·       നിർദ്ദേശങ്ങൾ  , പ്രവർത്തനങ്ങൾ

·       വിനിമയത്തിന് അനുയോജ്യമായ ബോധന രീതികളും തന്ത്രങ്ങളും

·       യൂണിത്തിന്റെ നിഗീർണ്ണ  പാഠ്യപദ്ധതി

·       കുട്ടികൾക്ക് വായന സാമഗ്രികൾ ആയി നൽകാവുന്ന പാഠഭാഗങ്ങൾ

·       മൂല്യനിർണയ തന്ത്രങ്ങൾ

· പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള അനുരൂപീകരണ പ്രവർത്തനങ്ങൾ

     നിരീക്ഷണ പരീക്ഷണ മാതൃകകൾ

·       അധിക  വിഭവ വിവരസ്രോതസ്സുകളുടെ ഉറവിടങ്ങൾ

·       വിനിമയത്തിനു ഉപയോഗിക്കാവുന്ന ICT

·       പ്രയോജനപ്പെടുത്താവുന്ന പഠനസാമഗ്രികൾ ,വികസിപ്പിക്കേണ്ട രീതി

·       ഓരോ പാഠവുമായി ബന്ധപ്പെട്ട് ആന്തരിക പാഠങ്ങൾ (Inner Text)

·  കുട്ടികളിൽ നിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ, സംശയങ്ങൾ, അഭിപ്രായങ്ങൾ നിരീക്ഷണങ്ങൾ തുടങ്ങിയവ എന്നിവ അടങ്ങിയ പുസ്തകം ആണ് അധ്യാപകസഹായി . 

 

അധ്യാപനരീതി ,ഭാഷ എന്നിവയുടെ സവിശേഷത കൊണ്ടും ഉപയോഗം കൊണ്ടും അധ്യാപകരുമായി ഹൃദയബന്ധം സ്ഥാപിക്കാൻ കഴിയണമെന്ന് വിഭാവനം ചെയ്യുന്ന ഈ പുസ്തകത്തെ അധ്യാപകനുള്ള പുസ്തകം എന്ന് വിളിക്കാം . ഒരു അധ്യാപക സഹായി ടീച്ചറുടെ വഴികാട്ടിയാണ് .പാഠപുസ്തകത്തിന് അനുബന്ധമാണ്. പാഠങ്ങളുടെ വ്യാഖ്യാന രൂപമാണ് .ഇത് പലവിധത്തിൽ  അധ്യാപകരെ സഹായിക്കുന്നുണ്ട് .ലക്ഷ്യം മനസ്സിലാക്കാൻ കുട്ടികൾക്ക് തൃപ്തികരമായ മറുപടി നൽകാൻ ,പ്രവർത്തനങ്ങൾ ശരിയായി സംഘടിപ്പിക്കാൻ, ഉചിതമായ രീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ , ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ, പാഠപുസ്തകം  ശരിയായി ഉപയോഗപ്പെടുത്താൻ, അധിക വിവരങ്ങൾ ശേഖരിക്കാൻ ,സ്വന്തം അധ്യാപനരീതികൾ മെച്ചപ്പെടുത്താൻ ,ശരിയായ രീതിയിൽ മൂല്യനിർണയം നടത്തുവാൻ എന്നിങ്ങനെ..

    കുട്ടികൾക്കായുള്ള പുസ്തകം പോലെ തന്നെ അധ്യാപകർക്ക് പാഠാസൂത്രണം ഫലപ്രദമായി നടത്താൻ  വഴികാട്ടിയായി മാറുന്നു അധ്യാപക സഹായികൾ .ക്ലാസ്സ്  മുറികളിലെ പ്രവർത്തനത്തിന് വേണ്ടി അധ്യാപകർ നടത്തുന്ന ദൈനംദിന ആസൂത്രണത്തെ  സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപക സഹായി തയ്യാറാക്കിയിരിക്കുന്നത് .പ്രതീക്ഷിത പഠനനേട്ടങ്ങൾ കൈവരിക്കുന്നതിനു വേണ്ടി, പാഠഭാഗങ്ങൾക്ക് അനുസൃതമായി പഠനപ്രക്രിയ രൂപപ്പെടുത്തുന്നതിന്, ആവശ്യമായ ചില നിർദ്ദേശങ്ങളും മാതൃകകളും ആണ് അതിൽ ഉള്ളത്. അധ്യാപക സഹായിയിൽ സൂചിപ്പിച്ച പഠനപ്രവർത്തനങ്ങളിൽ ,സ്വന്തം ക്ലാസ്സ് മുറിയുടെ സാഹചര്യത്തിൽ അനുയോജ്യമായ ആവശ്യമായ പ്രക്രിയകൾ കൂട്ടിച്ചേർത്ത് പരിഷ്കരിച്ച ബോധന രീതികളാണ്   അധ്യാപകർ ഉപയോഗിക്കേണ്ടത്. ക്ലാസിലെ വിഭിന്ന  നിലവാരത്തിലുള്ള കുട്ടികൾക്ക് അനുഗുണമായി  പഠനപ്രക്രിയ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കണം. യൂണിറ്റിൽ ഉൾപ്പെടുത്തിയ പാഠഭാഗങ്ങളുടെ ആശയപരവും ഭാഷാപരവുമായ സവിശേഷതകളെക്കുറിച്ചുള്ള വിശദീകരണമാണ് യൂണിറ്റിന് പാഠഭാഗത്തിലെ ആമുഖമായി നൽകിയിരിക്കുന്നത്. പ്രവേശക പ്രവർത്തനത്തെ  സംബന്ധിച്ച കുറിപ്പ് പരിശോധിച്ച് യുക്തമായ രീതിയിൽ  പഠനപ്രവർത്തനങ്ങൾ അധ്യാപകന് ആസൂത്രണം ചെയ്യാവുന്നതാണ് . പാഠഭാഗം എങ്ങനെ അവതരിപ്പിക്കണമെന്ന് അധ്യാപകസഹായിലെ  സൂചനകൾ പ്രയോജനപ്പെടുത്താ൦ .പാഠപുസ്തകത്തിലെ പഠനപ്രവർത്തനങ്ങളുടെ ഉദ്ദേശം, പ്രക്രിയകളെ സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയവ അധ്യാപകസഹായിൽ  ഉണ്ട് .ഇത് അടിസ്ഥാനമാക്കിയാണ് പാഠാസൂത്രണം നടത്തേണ്ടത് .ഓരോ പാഠത്തിന്റെയും ചെറിയ പതിപ്പ് അധ്യാപക സഹായിയിൽ നൽകിയിരിക്കുന്നു. പാഠപുസ്തകത്തിലെ പുതിയ പ്രവർത്തനങ്ങളുടെ വിശദാംശവും അധ്യാപക സഹായി വിശദമാക്കുന്നു. വിദ്യാർഥികൾക്ക് അധിക വായനയ്ക്കുള്ള വായന സാമഗ്രികളുടെ വിവരങ്ങളും  അധ്യാപകർക്കുള്ള റഫറൻസ് ഗ്രന്ഥങ്ങളുടെ വിവരങ്ങളും അധ്യാപക സഹായിയിൽ  നൽകിയിട്ടുണ്ട് . പാഠ്യപദ്ധതിയിലെ   ആശയങ്ങൾ പരമാവധി  സാക്ഷാത്കരിക്കുന്നതിന് ഉള്ള ശ്രമമാണ് അധ്യാപകസഹായി.


അധ്യാപക തൊഴിൽശാക്തീകരണം (Professional Development Of Teachers)


         

    ഏതൊരു തൊഴിലിനും   പ്രത്യേക പഠനം ,പരിശീലനം ,കഴിവ് , തൊഴിൽ  സംബന്ധമായ പ്രത്യേക അറിവ്  വിപുലമായ പ്രായോഗിക പരിശീലനം  എന്നിവ ആവശ്യമാണ്.തൊഴിൽ ഒരു സാമൂഹിക സേവനം കൂടിയാണ് . ഓരോ തൊഴിലിന്റേയും  താൽപ്പര്യങ്ങൾ സുരക്ഷിതമായി സംരക്ഷിക്കുന്നതിനായി പ്രത്യേക തൊഴിൽ  ധാർമ്മികസംഹിതകൾ നിർവ്വചിക്കപ്പെട്ടിട്ടുണ്ട്

 

അധ്യാപനം  

·       അടിസ്ഥാനപരമായി ഒരു ബൗദ്ധിക പ്രവർത്തനം ആണ് .

·       ശാസ്ത്രീയ സൈദ്ധാന്തിക അടിത്തറയും ഉണ്ട് .

·       ആശയവിനിമയം ആണ് അടിസ്ഥാന വിനിമയ സങ്കേതം .

·       തൊഴിൽ എന്നതിൽ ഉപരി ഒരു സാമൂഹിക സേവനംആണ്.

 

അധ്യാപക ശാക്തീകരണം

       

                    കുട്ടികൾക്ക് പഠനനേട്ടങ്ങൾ സ്വായത്തമാക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ട ശേഷികളും നൈപുണികളും ധാരണകളും ഉള്ള ഒരു നിരന്തര പഠിതാവും ഗവേഷകനുമായിരിക്കണം  അധ്യാപകൻ. ഗുണമേന്മ ലക്ഷ്യം വെച്ചുകൊണ്ട് ,കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതിയുടെ വിനിമയം കാര്യക്ഷമമായി നടത്തുന്നതിന് നിരന്തരമായ അധ്യാപക ശാക്തീകരണം ആവശ്യമാണ്. ബോധനശാസ്ത്രപരമായ തത്വങ്ങൾക്കും സങ്കേതങ്ങൾക്കും  ഊന്നൽ  നൽകുന്നതോടൊപ്പം അധ്യാപകന്റെ സർഗ്ഗാത്മകത ,തനിമ എന്നിവ പരിഗണിച്ച് കൊണ്ടായിരിക്കണം  അധ്യാപക ശാക്തീകരണം  നടപ്പിലാക്കേണ്ടത് .അധ്യാപകനെ പ്രൊഫഷണലു കൾ ആക്കി മാറ്റുന്നതിന് ആവശ്യമായ പരിശീലനം  ആണ് കാലഘട്ടം ആവശ്യപ്പെടുന്നത് .വിഷയങ്ങളുടെ ഉള്ളടക്കം, അറിവ് ,ബോധനശാസ്ത്രപരിജ്ഞാനം, പ്രതിബദ്ധത കുട്ടികളെ മനസ്സിലാക്കുന്നതിനും  സഹായിക്കുന്നതിനുള്ള മനോഭാവം ,എന്നിവ വളർത്തുന്നത്തിനുള്ള സേവനകാല അനുഭവങ്ങൾ  ഒരുക്കുന്നതിലൂടെ ആണ് അധ്യാപക ശാക്തീകരണം നടത്തേണ്ടത്.

 

1. സേവനകാല പരിശീലനങ്ങൾ

            അധ്യാപകരുടെ ബോധന പരമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ,അനുയോജ്യമായ പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്യേണ്ടത്  . പരിശീലന പരിപാടികൾക്കു  മോണിറ്ററിംഗ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുകയും  ആവശ്യമായ പിന്തുണ സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം .ഉള്ളടക്ക സംബന്ധിയായ അറിവ്, ബോധനരീതികളുടെ പ്രയോഗം, നൈപുണി വികാസം ,പഠനസാമഗ്രികളുടെ വികസനം, പ്രയോഗം എന്നിവയ്ക്ക് വേണ്ടിയുള്ള സേവനകാല പരിശീലന പരിപാടികൾക്ക് സെമിനാർ, വർക്ക് ഷോപ്പുകൾ, സന്ദർശനങ്ങൾ,വീഡിയോ കോൺഫറൻസ് ,മാറ്റു ഓൺലൈൻ സംവിധാനങ്ങൾ  എന്നിവ സ്വീകരിക്കാവുന്നതാണ് .അതുപോലെ അധ്യാപകന്റെ  മനോഭാവത്തിലും കാഴ്ചപ്പാടിലും കാലാനുസൃതമായ പരിവർത്തനം സാധ്യമാകുന്ന വിധം നൈപുണീപരവും  വ്യക്തിത്വവികസനത്തിന്  ഉതകുന്നതുമായ ഘടകങ്ങൾ പരിശീലനത്തിൽ    ഉൾപ്പെടുത്താം .അധ്യാപരെ മെന്റർ അഥവാ സഹരക്ഷകർത്താവ്  എന്ന റോളിലേക്ക് ഉയർത്തുന്നതിന്  പരിശീലനങ്ങൾ സഹായിക്കുന്നുഒരു സ്കൂളിലെ എല്ലാ അധ്യാപകരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശീലനങ്ങൾ വർഷത്തിൽ ഒരു തവണയെങ്കിലും ഒരുക്കുന്നത് വിദ്യാലയ പ്രവർത്തനങ്ങളുടെ  ആസൂത്രണത്തിലും നിർവഹണത്തിലും ഫലപ്രദമാക്കുന്നു . അധ്യാപക പരിശീലന പരിപാടികളെ പൊതുവെ പ്രീ-സർവീസ്,ഇൻ-സർവീസ് അധ്യാപക പരിശീലനപരിപാടി എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നു

 

2. ഹ്രസ്വകാല കോഴ്സുകൾ (Short Term Courses)

             അധ്യാപകരുടെ നൈപുണി വികസിപ്പിക്കുന്നതിനും ബോധനശാസ്ത്രപരമായ നൂതന അറിവുകൾ വർദ്ധിപ്പിക്കുന്നതിനും ഹ്രസ്വകാലകോഴ്സുകൾ ആവിഷ്കരിച്ചു  നടപ്പിലാക്കണം . എസ്. സി ആർ. ടി ,ഡയറ്റ് ,സീമാറ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇത്തരം കോഴ്സുകൾ നടപ്പിലാക്കാവുന്നതാണ് .

 

3. അക്കാദമിക് സ്കൂളുകൾ

                 വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെയും പുത്തൻ പ്രവണതകളെയും പ്രശ്നങ്ങളെയും അധ്യാപകൻ പരിചയപ്പെടുത്തി കൊടുക്കുന്നതിനും പരിശീലനം നൽകുന്നതിനുള്ള സ്ഥിരം സംവിധാനം എന്ന നിലയിൽ അധ്യാപകർക്കായി അക്കാദമിക്  സ്കൂളുകൾ ഉണ്ടാകുന്നത് ഉചിതമാണ്.

 

 4. ഗവേഷണം

            ബോധനരീതികൾ, സ്കൂൾ മാനേജ്മെൻറ് ,വിലയിരുത്തൽ , വിവിധ വിഷയങ്ങൾ തുടങ്ങിയവയിൽ ഗവേഷണം, പഠനം എന്നിവ നടത്തുന്നതിനും ഗവേഷണ പ്രബന്ധങ്ങൾ  പ്രസിദ്ധീകരിക്കുന്നതിനും  അധ്യാപകർക്ക് അവസരമൊരുക്കണം. ഇത്അധ്യാപകശാക്തീകരണത്തെ സഹായിക്കുന്നു .

 

5.പഠനയാത്രകൾ

                ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് പഠനയാത്രകൾ  നടത്തുന്നതിനു  അധ്യാപകർക്ക് അവസരമൊരുക്കുന്നത് ഉചിതമായിരിക്കും.

 

6. മാധ്യമങ്ങളുടെ ഉപയോഗം

        അധ്യാപകർക്ക് തങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു ആവശ്യമായ വിഭവങ്ങൾ സമാഹരിക്കുന്നതിനും    മാധ്യമങ്ങൾ,മാഗസിനുകൾ   എന്നിവയുടെ സഹായം ഉറപ്പാക്കേണ്ടതുണ്ട്.

 

7.ഐ സി ടി പരിശീലനം (ICT)

        അധ്യാപകർക്ക് ഐസിടി സങ്കേതങ്ങൾ സാമാന്യമായി ഉപയോഗിക്കാനുള്ള പരിശീലനം നിർബന്ധമായും നൽകണം. ഇതോടൊപ്പംതന്നെ ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നതിന് ആവശ്യമായ പ്രത്യേക പരിശീലനങ്ങളും കാലാകാലങ്ങളിൽ നൽകുന്നത് ഉചിതമായിരിക്കും.  ഇവയോടൊപ്പം തന്നെ പരമ്പരാഗത മാർഗങ്ങൾ, ചാർട്ടുകൾ, ബോർഡുകൾ തുടങ്ങിയ  സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം. പഠന സോഫ്ട്‍വെയറുകൾ  ലഭ്യമാക്കുകയും അവ  ഉപയോഗിക്കുന്നതിന് പരിശീലനം നൽകുകയും വേണം.

 

 

    "അധ്യാപകരുടെ തൊഴിൽശാക്തീകരണവികസനം തുടർച്ചയായ പ്രക്രിയ", ആണ് . അധ്യാപകരുടെ പ്രൊഫഷണൽ വികസനത്തിന്റെ ആവശ്യകത:

 

വിഷയങ്ങളുടെ വിശകലനം , നവീന കാഴ്ചപ്പാടുകൾ വികസിപ്പിക്കൽ

അധ്യാപന ശാസ്ത്രത്തിലെ മാറ്റങ്ങൾ, പുതു സിദ്ധാന്തങ്ങൾ  എന്നിവ   

   അറിയുക

ദൃശ്യ- ശ്രവ്യ മാധ്യമങ്ങളുടെ ഉപയോഗസാധ്യതകൾ അറിയുന്നതിന്

ഐസിടി യുടെ ഉപയോഗം

വിദ്യാഭ്യാസ നയങ്ങളും പദ്ധതികളും മനസ്സിലാക്കുക

സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വിദ്യാർഥികളുടെയും മാറി  വരുന്ന ആവശ്യങ്ങൾ നിറവേറ്റൽ

 

·       Secondary Education Commission (1952-53) under the chairmanship of Dr. A. Lakshman Swami Mudaliar.

·       The Education Commission (1964-66)

·       National Commission of Teachers-I (1983-85)

·       The National Policy of Education (NPE 1986/92)

·       Acharya Ramamurthy Review Committee (1990)

·       National Knowledge Commission (NKC) (2006-09)

 

എന്നീ വിദ്യാഭ്യാസകമ്മീഷനുകൾ അധ്യാപക ശാക്തീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്


Friday, 10 July 2020

പാഠപുസ്തകങ്ങൾ


              ഭാഷാപഠനത്തിൽ വളരെയധികം പാഠപുസ്തകങ്ങൾക്ക് പ്രാധാന്യമുണ്ട്. ഭാഷാബോധനം വിജയം ആകണമെങ്കിൽ പാഠപുസ്തകങ്ങൾ കൂടിയേതീരൂ. വിഷയംസ്വഭാവംവ്യാപ്തി ഇവയെ കുറിച്ചുള്ള ധാരണ പാഠപുസ്തകത്തിൽ നിന്ന് ലഭിക്കുന്നു. മാർഗദീപവുമാണ്.അധ്യാപകർക്കും കുട്ടികൾക്കും വഴികാട്ടിയായി പാഠപുസ്തകം പ്രവർത്തിക്കുന്നു. ഒരു പാഠപുസ്തകം പൂർണ്ണമായ അറിവ് നല്കുന്നില്ല അതുകൊണ്ടുതന്നെ പാഠപുസ്തകത്തിൽ ഒതുങ്ങി നിന്നു കൊണ്ടുള്ള അധ്യാപനം നല്ല അധ്യാപനം അല്ല. പാഠപുസ്തകത്തിലെ ഗുണങ്ങൾ പാഠപുസ്തകത്തിന് ആന്തരീകമായും ബാഹ്യമായും ചില ഗുണങ്ങളുണ്ട്. ഭാഷാപഠനത്തിന്‍റെ ശരിയായ ഉദ്ദേശ്യലക്ഷ്യങ്ങളില്‍എത്തിച്ചേരാൻ ഈ ഗുണങ്ങളുള്ള പാഠപുസ്തകം ഉണ്ടെങ്കിൽ കഴിയും.

പാഠപുസ്തകം

ബാഹ്യഗുണം :ആവശ്യമുള്ള ചിത്രങ്ങൾ ഉണ്ടായിരിക്കണം. ഭംഗിയും വ്യക്തതയും ഉണ്ടായിരിക്കണം. ചിത്രങ്ങളും പാഠഭാഗങ്ങളുംകൂടിക്കലരാതെ അനുയോജ്യമായ വിധത്തിൽ സംവിധാനം ചെയ്യണം. കടലാസിൽ ഭംഗിയും വ്യക്തതയുള്ള അച്ചടിയും ആയിരിക്കണം .പുസ്തകത്തിൻറെ ആകൃതി വലുപ്പം എന്നിവ . താങ്ങാവുന്ന വിലയും ഭാരവും ആയിരിക്കണം.

ആന്തരിക ഗുണങ്ങൾ: കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കണം എന്നതാണ് മുഖ്യമായ ലക്ഷ്യം. ജീവിതംമൂല്യങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതാണ്. പാഠഭാഗംശബ്ദാവലി പാഠത്തിൻറെ സ്വരൂപം എന്നിവയാണ് പ്രധാനമായിട്ടുള്ള ആന്തരിക ഗുണങ്ങളായി പറയുന്നത്. കുട്ടികളുടെ കുട്ടികളുടെ മാനസിക വളർച്ചയ്ക്കും വിജ്ഞാന താല്പര്യത്തിനും അടിസ്ഥാനപ്പെടുത്തികുട്ടികൾക്ക് ആവശ്യമുള്ള രീതിയിൽഗ്രഹണശേഷി ഭാഷാപരമായ അറിവ് എന്നിവ വർദ്ധിപ്പിക്കാൻ കഴിയുന്ന രീതി കൃത്യമായി പാലിച്ചിരിക്കണം. കുട്ടികളുടെ ശബ്ദാവലി പോഷണത്തിന് സഹായിക്കണം. പാഠപുസ്തകത്തിൽ സാഹിത്യ വിഭാഗങ്ങൾ പരിചയപ്പെടുത്തുന്ന തരത്തിലുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്.

 

 ഉപപാഠപുസ്തകം

·       പ്രധാന ലക്ഷ്യങ്ങൾ: അധിക വായനക്കു സഹായകമാകുന്നു. സ്വതന്ത്രവും വ്യാപകവുമായ ഗ്രന്ഥപാരായണത്തിനു കുട്ടികളെ സഹായിക്കുക എന്നതാണു് പ്രധാന ലക്ഷ്യം. സ്വഭാവസംസ്കരണംസ്വയംപഠനം. മൗനവായന,വായനാപരിശീലനം എന്നിവ ഉപപാഠപുസ്തകത്തിലെ ലക്ഷ്യങ്ങളായി കണക്കാക്കാവുന്നതാണ്.

·       പ്രധാന ലക്ഷ്യങ്ങൾ 1 ഭാഷാപരം, 2 ബുദ്ധിപരം, 3 സാഹിത്യപരം

·       1.ഭാഷാപരമായ ലക്ഷ്യം: ഭാഷാപരമായ അറിവുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷികള്‍ നേടുക , പദാവലി പോഷണത്തിന് സഹായകമാകണം.

·       2.ബുദ്ധിപരം : ബുദ്ധിവികസിപ്പിക്കുന്നതിനും മൗനപഠനത്തിനും സ്വയം ചിന്തിച്ച് യുക്തിപരമായി ഭാഷ ഉപയോഗിക്കുന്നതിനും സഹായിക്കണം. 3.സാഹിത്യപരം : വിശാലമായസാഹിത്യലോകത്തെക്കുള്ള വഴികട്ടിയാകണം. സാഹിത്യാഭിരുചി വര്ധ്ധിപ്പിക്കണം

·       രചനകള്‍ തിരഞ്ഞെടുക്കുമ്പോൾശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വസ്തുതകൾ

·       സുന്ദരമായ ഭാഷ ഉണ്ടായിരിക്കണം. മാതൃകാപരമാകണം. കുട്ടികളുടെ താല്പര്യം നിലനിർത്താൻ പുസ്തകത്തിൽ ചിത്രങ്ങൾ വർണ്ണനകൾ അച്ചടി എന്നിവ ആകർഷകമാകണം. കഥകൾനോവലുകൾസഞ്ചാരസാഹിത്യംജീവചരിത്രങ്ങൾആത്മകഥകൾ ഇവയെല്ലാം ഉപപാഠപുസ്തകത്തിനു അനുയോജ്യമായതാണ്

ഉപപാഠപുസ്തകം ബോധനരീതി പ്രധാനമായും മൂന്നു വിധത്തിലാണ് ഉള്ളത്

·       1. ക്ലാസ് അധ്യാപനം : അധ്യാപകന്‍ വായിച്ച് പാഠഭാഗം പഠിപ്പിച്ചുകൊടുക്കുന്ന രീതിയാണ്.

·       2.സുശിക്ഷിതഅഭ്യാസം :കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ മൗനമായി വായന നടത്തുകയും കുട്ടികൾ തന്നെ ആശയം കണ്ടെത്തുകയും അധ്യാപകരുടെ സഹായത്തോടെ പൂർണമായ ആശയഗ്രഹണം സാധ്യമാവുകയും ചെയ്യുന്നു

·        3.നിയുക്താഭ്യാസ രീതി :കുട്ടികൾ സ്വയംവായിച്ചു പഠിക്കുന്ന രീതിയാണിത് കുട്ടികൾ വായിച്ച പാഠഭാഗത്തെ ആസ്പദമാക്കി അധ്യാപകർ ചോദ്യം ചോദിക്കുന്നു അധ്യാപകന് അവരുടെ ഉത്തരങ്ങള്‍ ചിട്ടപ്പെടുത്തി ആശയസംഗ്രഹം നടത്തുന്നു .

 

Friday, 3 July 2020

പൗലോ ഫ്രെയർ :വിമർശനാത്മക ബോധനശാസ്ത്രവും പ്രശ്നാധിഷ്ഠിത പഠനവും


       പ്രസിദ്ധ ബ്രസീലിയൻ ചിന്തകനും വിദ്യാഭ്യാസപ്രവർത്തകനും ആണ് പൗലോ ഫ്രെയർ(സെപ്റ്റംബർ 19, 1921 മെയ്‌ 2, 1997) . നിയമബിരുദം നേടിയശേഷം, റെസിഫെ സർവകലാശാലയിലെ കൾച്ചറൽ എക്സ്റ്റൻഷൻ സർവീസിന്റെ ആദ്യ ഡയറക്ടറായി. ഹാർവാർഡ് സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് ജനീവയിലെ വേൾഡ് കൗൺസിൽ ഒഫ് ചർച്ചസിൽ ചേർന്നു. 1973-ൽ മർദിതരുടെ  ബോധനശാസ്ത്രം  (Pedagogy of the Oppressed) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 15 വർഷത്തിനുശേഷം ബ്രസീലിൽ തിരിച്ചെത്തി 1989- 91-ൽ സാവോപൗളോയിലെ വിദ്യാഭ്യാസമന്ത്രിയായി. അക്കാലത്തെ അനുഭവങ്ങളാണ് 1993-ൽ എഴുതിയ നഗരത്തിന്റെ ബോധനശാസ്ത്രം (Pedagogy of the city)എന്ന കൃതിയിലെ പ്രതിപാദ്യം.   

                        മനുഷ്യൻറെ വിമോചനം ഏതു വിധത്തിലാണ് സാധ്യമാക്കുന്നത് എന്നതാണ് ഇന്ന് നമ്മുടെ മുമ്പിലുള്ള മുഖ്യപ്രശ്നം. ശരിയായ വിദ്യാഭ്യാസമാണ് അതിനുള്ള നേരായ മാർഗ്ഗം. സംവാദമാണ് അതിനുതകുന്ന ബോധനരീതി. സ്ഥിരമായ ഒരു സംവാദാത്മകബന്ധം സ്ഥാപിക്കാൻ കഴിയുമെങ്കിൽ വിമോചനം എത്രയും വേഗം സാക്ഷാത്കരിക്കപ്പെടും.അധ്യാപകരും വിദ്യാർത്ഥികളും യാഥാർത്ഥ്യത്തെ അനാവരണം ചെയ്യുന്നന്നതിലും  വിമർശനബുദ്ധ്യാ നേടിയെടുത്ത അറിവിനെ പുനഃസൃഷ്ടിക്കുന്നതിലും വിജയിക്കും. കൂടാതെ നിലവിലുള്ള ബോധനരീതികളുടെ അപര്യാപ്തതകൾ  എന്തൊക്കെയാണ് എന്ന ഒരു അന്വേഷണത്തിലേക്കും  അത് വഴിതെളിക്കും”.

    വിമോചനപരം അല്ലാത്ത ഏതു വിദ്യാഭ്യാസവും കേവലം ഒരു നിക്ഷേപ പ്രക്രിയ മാത്രമാണ്. വിദ്യാർത്ഥികൾ കലവറകളും അധ്യാപകർ നിക്ഷേപകനും എന്ന വൈരുദ്ധ്യം അത് കാത്തുസൂക്ഷിക്കുന്നു . ആശയവിനിമയത്തിന് പകരം ചില പ്രസ്താവനകൾ പുറപ്പെടുവിക്കുക ,ചില നിക്ഷേപങ്ങൾ നടത്തുക മുതലായ കടമകൾ മാത്രമേ അധ്യാപകൻ നിർവഹിക്കാനുള്ളൂ . വിദ്യാർഥികൾക്ക് ആവട്ടെ അവയെല്ലാം ക്ഷമയോടെ സ്വീകരിച്ചു  ഓർമവെച്ചു  ആവർത്തിക്കുക എന്ന കർത്തവ്യവും . ഇതിനാണ് വിദ്യാഭ്യാസത്തിൻറെ ബാങ്കിംഗ് സങ്കല്പം (banking model) എന്ന് വിളിക്കുന്നത് .ബാങ്കിംഗ് വിദ്യാഭ്യാസത്തിന് നേർവിപരീതമാണ് വിമോചനവിദ്യാഭ്യാസം. വിമോചനവിദ്യാഭ്യാസം കുടികൊള്ളുന്നത് ജ്ഞാനസമ്പാദന മാർഗ്ഗങ്ങളിൽ ആണ്.  അറിവ്  കൈമാറുന്നതിൽ അല്ല .

 

         എല്ലാത്തരം അധീശത്വങ്ങളെയും   ചോദ്യംചെയ്യാൻ പഠിതാക്കളേ സഹായിക്കുന്ന ഒരു അധ്യാപന സമ്പ്രദായമാണ് വിമർശനാത്മകബോധനം. അതായത് കുട്ടികളിൽ വിമർശനബുദ്ധി  വികസിപ്പിക്കാനുള്ള സിദ്ധാന്തവും പ്രയോഗവുമാണ്. പാവങ്ങളുടെ വിമോചനത്തെ തടഞ്ഞുനിർത്തുന്നത് അവർക്കുമേൽ പതിച്ചിട്ടുള്ള പലതരം അധീശത്വങ്ങൾ ആണ് .സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവും ആദർശപരവുമായ അധിനിവേശങ്ങൾ. ഇവയെല്ലാം വിമർശനാത്മകമായി പരിശോധിക്കുന്ന ബോധനശാസ്ത്രം കുട്ടികൾക്ക് പരിചയപ്പെടുത്തണം. എങ്കിൽ മാത്രമേ അവർക്ക് ജീവിതത്തിലെ നാനാമേഖലകൾ പരിശോധിച്ച് ശരിയായ കാഴ്ചപ്പാടുക രൂപീകരിക്കാൻ ആവുക ഉള്ളൂ  എന്ന് അദ്ദേഹം സ്ഥാപിച്ചു

 

·       എല്ലാ വിദ്യാഭ്യാസവും സ്വയം ശാക്തീകരിക്കാൻ ഉള്ളതാണ് . അതിനാൽ എല്ലാ ബോധനശാസ്ത്രവും ഈ ലക്ഷ്യത്തെ കുറിച്ച് ബോധം ഉള്ളതാകണം

·       എല്ലാ വിദ്യാഭ്യാസരീതികൾക്കും   അടിസ്ഥാനമായി നീതിയുടെയും    സമത്വത്തിന്റേതുമായ ഒരു സാമൂഹിക കാഴ്ചപ്പാട് ഉണ്ടായിരിക്കണം .

·       വർഗം, വംശം, സ്ത്രീപുരുഷഭേദം ,ലൈംഗികത ,മതം ,ശാരീരികശേഷി എന്നിവയൊക്കെ അടിച്ചമർത്തലിനും അധിനിവേശത്തിനും  സാധ്യതയുള്ള മേഖലകൾ ആണ് .അതുകൊണ്ടുതന്നെ അത്തരം സങ്കല്പങ്ങൾ തന്നെ വിമർശന വിധേയമാക്കണം

·        ഒരു വിദ്യാലയവും കുട്ടികളെ ഒരുതരത്തിലും മുറിവേൽപ്പിക്കു രുത്. നല്ല വിദ്യാലയങ്ങൾ തോൽവികളുടെ പേരിൽ, കുട്ടികളുടെ മേൽ പഴിചാരരുത്.

·        ക്ലാസ് മുറിയിലേക്ക് കുട്ടികൾ  കൊണ്ടുവന്ന ഭാഷയേയും അറിവിനെയും പ്രശ്നമായി ചിത്രീകരിക്കരുത് .

·       എല്ലാ അറിവുകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

·       വിമോചനപരമായ മാറ്റത്തെയും ബുദ്ധിപരമായ വളർച്ചയെയും വിദ്യാഭ്യാസം പോഷിപ്പിക്കണം

·       പാഠപുസ്തകത്തിലെ കവിതകളും ഉൾക്കൊള്ളുന്ന സങ്കൽപ്പങ്ങൾ എന്തൊക്കെയാണ്? എന്ത് തരം  ചിന്താഗതിയാണ്  ഇവ കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കുന്നത്, എന്നിങ്ങനെ വിമർശനാത്മകമായി ചിന്തിക്കാൻ അധ്യാപനും സാധിക്കണം.

ഉത്തരാധുനികത,വർഗ്ഗവിവേചനവിരുദ്ധത,കോളനിവാഴ്ചാനന്തരത,സ്ത്രീവാദം, തുടങ്ങിയ സിദ്ധാന്തങ്ങൾ പൗലോ ഫ്രയർന്റെ ആശയങ്ങൾ വിശദീകരിക്കാൻ സഹായിക്കുന്നു.

 

പ്രശ്നാധിഷ്ഠിത പഠനം

             യാഥാർഥ്യത്തെ  വിമർശനാത്മകമായി അനാവരണം ചെയ്യാനും അംഗീകരിക്കാനും പഠിതാവിനെ ക്ഷണിക്കുന്ന വിദ്യാഭ്യാസമാണ് വിമോചനാത്മക വിദ്യാഭ്യാസം.അത് സംവാദാത്മകമാണ്.പ്രശ്നാധിഷ്ഠിത വിദ്യാഭ്യാസമാണ് ഫ്രയർ അതിനായി നിർദ്ദേശിക്കുന്നത് .വിഷയത്തിനെ ഉള്ളടക്കം ഒരു പ്രശ്നമായി കുട്ടികൾക്ക് മുന്നിൽ അദ്ധ്യാപകൻ അവതരിപ്പിക്കുന്നു .പ്രശ്നമേഖലകളുടെ വിവിധതലങ്ങള്‍  സമൂഹം ,ജീവിതം   എന്നിവയെ  അഭിസംബോധന ചെയ്യുന്നതായിരിക്കും സാമൂഹിക പ്രശ്നങ്ങളുമായി ഉദ് ഗ്രഥിച്ച് വിഷയപഠനം നടത്തുക എന്നത് വിദ്യാഭ്യാസവും സാമൂഹികജീവിതവും പ്രശ്നപരിഹരണവും തമ്മിലുളള ബന്ധം തിരിച്ചറിയുന്നതിന്  കുട്ടികളെ പ്രാപ്തരാക്കുന്നു

 

കേരളത്തിലെ പാഠ്യപദ്ധതി വികസിപ്പിച്ചത് മൂന്നു പ്രധാന ആശയങ്ങളിലാണ്

·       സാമൂഹികജഞാന നിര്‍മിതി വാദം

·       വിമര്‍ശനാത്മക ബോധനശാസ്ത്രം

·       പ്രശ്നാധിഷ്ഠിത പഠനം

       സാമൂഹിക പ്രശ്നങ്ങളുമായി ഉദ്ഗ്രഥിച്ച് വിഷയപഠനം നടത്തുക എന്നത് വിദ്യാഭ്യാസവും സാമൂഹികജീവിതവും പ്രശ്നപരിഹരണവും തമ്മിലുളള ബന്ധം തിരിച്ചറിയുന്നതു കൊണ്ടാണ്.

 

കുട്ടികള്‍ പഠിക്കേണ്ട എല്ലാ വിഷയങ്ങളും എട്ട് പ്രശ്‌നമേഖലകളില്‍ ഒതുക്കിയിരിക്കുകയാണ് 2007-ലെ കരിക്കുലം.

1)    ശാസ്ത്രീയമായ സ്ഥലജലപരിപാലനത്തിന്റെ അഭാവം

2)   കൃഷിയെ ഒരു ജീവിതസംസ്‌കാരമായി കാണാത്ത അവസ്ഥ

3)    വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ

4)   അധ്വാനശേഷി വികാസത്തിന്റെ അഭാവം

5)    സാംസ്‌കാരികത്തനിമയെയും അതിന്റെ സ്വതന്ത്രവികാസത്തെയും കുറിച്ച് ധാരണയില്ലായ്മ

6)   പാര്‍ശ്വവത്കരിക്കപ്പെടുന്നരോടുള്ള പരിഗണനയില്ലായ്മ

7)    പരിസരസൗഹാര്‍ദപരമായ വ്യവസായവത്കരണം, നഗരവത്കരണം എന്നിവയെക്കുറിച്ചുള്ള ധാരണക്കുറവ്

8)   ശാസ്ത്രീയമായ ആരോഗ്യ-പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം

                                     എന്നിവയാണ് പ്രശ്‌നമേഖലകള്‍.

               

പ്രശ്നാധിഷ്ഠിതപഠനം , വിദ്യാർത്ഥികേന്ദ്രിതമായ ഒരു അധ്യാപനസങ്കേതമാണ്. കുട്ടികൾ സഹവർത്തിത്വത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും സ്വാഅനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ഒരു പഠനരീതി. വിഷയജ്ഞാനത്തിനു പുറമേ മികച്ച ആശയവിനിമയശേഷി, പ്രശ്നപരിഹാരശേഷി, സ്വയംപഠനശേഷി, എന്നിവയും കുട്ടികൾ ഇതിലൂടെ നേടുന്നു.

 

 പ്രശ്നാധിഷ്ഠിത സമ്പ്രദായത്തിന്റെ സവിശേഷരീതികൾ

·       പ്രശ്നത്തിന്റെ ആദ്യഅപഗ്രഥനം

·       ഗ്രൂപ്പ് ചർച്ചയിലൂടെ മുന്നറിവ് ഉണർത്തൽ

·       മുന്നറിവ് വികസിപ്പിച്ച് പുതിയ വിവരങ്ങൾ ശേഖരിക്കുക

·       അപഗ്രഥനം -അതിലൂടെ ലഭിച്ച അറിവ് അവതരിപ്പിക്കൽ

·       പഠനസന്ദർഭത്തിൽ പ്രയോഗിക്കുക

·       പ്രശ്നത്തിന്റെ  പരിഹാരം

·       അവതരണം

                  - ഇവയാണ് ഈ സമ്പ്രദായത്തിന്റെ പഠനക്രമം

 


Tuesday, 30 June 2020

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2005


                   എൻസിഇആർടി (NCERT) പുറത്തിറക്കിയ വിദ്യാഭ്യാസ മാനദണ്ഡങ്ങളടങ്ങിയ രേഖയാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ട് അഥവാ എൻസിഎഫ്. 1988,2000,2005 എന്നീ വർഷങ്ങളിലാണ് ഇത് പ്രസിദ്ധീകരിച്ചത്.വിദ്യാർഥികളുടെ അറിവും കഴിവും വികസിപ്പിക്കാൻ വേണ്ടി അധ്യാപകർ ചെയ്യേണ്ട കാര്യങ്ങളാണ് പാഠ്യപദ്ധതിയിൽ പരാമർശിക്കുന്നത് .  ഇന്ത്യയിലെ വിദ്യാഭ്യാസ സബ്രദായത്തിൽ പഠന പദ്ധതിപാഠപുസ്തകംഅധ്യാപന രീതികൾ തുടങ്ങിയവ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച വ്യക്തമായ മാർഗനിർദ്ദേശം ഇതിലൂടെ നൽകുന്നു. ഭാരമില്ലാത്ത പഠനം എന്ന നയത്തെയാണ് 2005 ലെ എൻസിഎഫിലെ നിർദ്ദേശങ്ങൾ ഊന്നൽ നൽകുന്നത്.അതെസമയം 1986-1992 ലെ ദേശീയ വിദ്യാഭ്യാസ നയം ഗ്രൂപ്പ് ചർച്ചകളുടെ പ്രാധാന്യത്തെ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുകേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന്‌ 2004 ജൂലൈ 19 നാണ്‌ എൻ.സി.ഇ.ആർ.ടി നിലവിലുണ്ടായിരുന്ന ദേശീയ പാഠ്യപദ്ധതി രൂപരേഖ പരിഷ്‌കരിക്കാൻ തീരുമാന മെടുത്തത്‌. പ്രൊഫ.യശ്‌പാൽ ചെയർമാനും പ്രൊഫ.എം.എ.ഖാദർ മെമ്പർ സെക്രട്ടറിയുമായ പ്രസ്‌തുത സ്റ്റിയറിങ്ങ്‌ കമ്മിറ്റിയും വിദഗ്‌ധർ അംഗങ്ങളായ ഫോക്കസ്‌ ഗ്രൂപ്പുകളും ചേർന്നാണ്‌ 2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. സിബിഎസ്ഇ സ്കൂളുകളിലേക്കും സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ള സ്കൂളുകളിലേക്കും പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും തയ്യാറാക്കുന്നത് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചാണ്

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (NCF - 2005) അഞ്ച്‌ അടിസ്ഥാന തത്വങ്ങളെയാണ്‌ പാഠ്യപദ്ധതി രൂപീകരണത്തിൽ അടിസ്ഥാനമാക്കിയത്‌

 

·       അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം

·       പഠനത്തെ മനപ്പാഠരീതിയിൽ നിന്നും മോചിപ്പിക്കണം

·       പാഠ്യപദ്ധതിയെ പാഠപുസ്‌തകകേന്ദ്രീകൃതമല്ലാത്തതും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന്‌ ഊന്നൽ നൽകുന്നതു മാക്കണം

·       പരീക്ഷകളെ കൂടുതൽ വഴക്കമുള്ളതും ക്ലാസ്‌റൂം അനുഭവങ്ങ ളുമായി ബന്ധപ്പട്ടതുമാക്കി മാറ്റണം

·       ജനാധിപത്യസംവിധാനത്തിന്‌ അനുസൃതമായ ദൃഢമായ വ്യക്തിത്വം കുട്ടികളിൽ വളർത്തണം

·       അറിവിനെ കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ വിമർശനാത്മകബോധനത്തെ ദേശീയ പാഠ്യ പദ്ധതിയുടെ ജീവശ്വാസമാക്കാനുള്ള തീരുമാനത്തിൽ പാഠ്യപദ്ധതി നിർമാതാക്കൾ എത്തിയത്‌. വർഗംവർണംലിംഗം എന്നിങ്ങനെ കുട്ടികളുടെ ലോകത്തെ വ്യത്യസ്‌തമാക്കുന്ന നിരവധി ഘടകങ്ങൾ ചരിത്രത്തിൽ ആദ്യമായി പല പാഠങ്ങളുടെയും ഉള്ളടക്കത്തെ നിർണയിച്ചു.

·       അവസരതുല്യതനീതിസ്വാതന്ത്ര്യംമറ്റുള്ളവരുടെ നൻമ പരി ഗണിക്കൽമതനിരപേക്ഷതമനുഷ്യമഹത്വത്തെയും അവകാശങ്ങളെയും മാനിക്കൽ തുടങ്ങിയവയോട്‌ പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കണം

·       മൂല്യാധിഷ്‌ഠിതമായ തീരുമാനങ്ങൾ വ്യക്തിഗതമായും കൂട്ടായും എടുക്കുന്നതിനുള്ള കഴിവ്‌ വികസിക്കാനുതകുന്ന സ്വതന്ത്രചിന്തയും പ്രവർത്തനസന്ദർങ്ങളും ഒരുക്കണം

·       പഠിക്കാൻ പഠിക്കാനുംപഠിച്ചത്‌ തെറ്റെങ്കിൽ മാറ്റിപ്പഠിക്കാനുമുള്ള കഴിവുകൾ കുട്ടികളിൽ വളർത്തണം

·       തൊഴിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലെടുക്കാനും സാമ്പത്തികപ്രക്രിയകളിൽഏർപ്പെടാനും സാമൂഹ്യമാറ്റങ്ങളിൽ പങ്കെടുക്കാനും കുട്ടികളെ പ്രാപ്‌തരാക്കണം

·       കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കാനും സൗന്ദര്യാസ്വാദനശേഷി വളർത്താനും ശ്രമിക്കണം

·       ഇത്തരം ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഉൽപന്നം മാത്രം ലക്ഷ്യ മാക്കുന്ന പഴയ വിദ്യാഭ്യാസരീതി ഉപേക്ഷിക്കണമെന്നും അതിന്റെ സ്ഥാനത്ത്‌ ജ്ഞാനനിർമിതിയിൽ ഊന്നിയ പുതിയ സമീപനം സ്വീകരിക്കണമെന്നും രേഖ അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കുന്നു.

·       തുടർച്ചയായതും സമഗ്രവുമായ മൂല്യനിർണയത്തെ ഒരു സമീപന മായി മുന്നോട്ടുവെക്കാനും ഗ്രേഡിങ്ങ്‌ നടപ്പിലാക്കാനും ഈ രേഖ നിർദേശിക്കുകയുണ്ടായി

·       ഭാഷ - മൂന്ന് ഭാഷ സമവാക്യം.( Three Language Formula)

ആദ്യ ഭാഷ മാതൃഭാഷ അല്ലെങ്കിൽ പ്രാദേശിക ഭാഷ ആയിരിക്കണം.

രണ്ടാം ഭാഷ - ഹിന്ദി

മൂന്നാം ഭാഷ - ഇംഗ്ലീഷ് അല്ലെങ്കിൽ ഒരു ആധുനിക ഇന്ത്യൻ ഭാഷ



അവലംബം https://wiki.kssp.inകേരള ശാസ്ത്രസാഹിത്യ പരിഷത്ത്