2005 ലെ ദേശീയ കരിക്കുലം ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള ശ്രമം നടന്നത് 2007 ലാണ്. എൻ.സി.ഇ.ആർ.ടിയുടെ ധന സഹായവും പിന്തുണയും ഉപയോഗിച്ച് വിവിധ ഡയറ്റുകളുടെ നേതൃത്വത്തിലാണ്‌് പാഠ്യപദ്ധതി അവലോകനം നടന്നത്. ഈ അവലോകനറിപ്പോർട്ടുകൾ ക്രോഡീകരിച്ച് അവതരിപ്പിച്ച വർക്ക്‌ഷോപ്പുകളിൽ നിന്നാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട് - 2007 യഥാർഥത്തിൽ രൂപംകൊണ്ടത്. 2005 ൽ രൂപീകരിക്കപ്പെട്ട ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ( NCF - 2005) ചുവടുപിടിച്ച് 2007 -ൽ തയ്യാറാക്കിയ കേരള പാഠ്യപദ്ധതിയാണ് ( KCF - 2007) കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007 എന്നറിയപ്പെടുന്നത്. 1996 - 97 കാലഘടത്തിൽ തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ സ്വാഭാവികമായ ഒരു തുടർച്ചയായി ഇതിനെ കാണാം. അന്നുമുതൽ നടപ്പിലായ പല കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശയാവതരണരീതി , ഉദ്ഗ്രഥിത സമീപനം , ബഹുമുഖമായ ബുദ്ധിയുടെ വികാസം , അറിവിന്റെ നിർമ്മാണം തുടങ്ങിയ സമീപനങ്ങൾ ഇതിന്റെ ഭാഗമായി വന്നതാണ്
എൻ.സി.ഇ.ആർ.ടിയുടെ ദേശീയ കരിക്കുലത്തിൽ നിർദേശിക്കപ്പെട്ട വിദ്യാർഥികേന്ദ്രിതവും പ്രക്രിയാബന്ധിതവുമായ ചട്ടക്കൂടാണ് കേരള പാഠ്യപദ്ധതിയും ആധാരമാക്കിയത്. പാഠ്യപദ്ധതിയെ സമൂഹബന്ധിതമാക്കാനും സമൂഹത്തിലെ അധഃസ്ഥിതരായ സ്‌ത്രീകൾ, ആദിവാസികൾ, ദളിതർ തുടങ്ങിയവരുടെ പ്രശ്‌നങ്ങളും വീക്ഷണങ്ങളും കൂടി ഉൾപ്പെടുന്ന പാഠ്യപദ്ധതി നിർമിക്കാനുമുള്ള നിർദേശങ്ങൾ ദേശീയ പാഠ്യപദ്ധതിയിൽ തന്നെ അടങ്ങിയിരുന്നു. പ്രാദേശിക വൈവിധ്യങ്ങൾ എങ്ങനെ ഉൾപ്പെടുത്തണമെന്നും ദേശീയകരിക്കുലം നിർദേശിച്ചിരുന്നു. ദേശീയ പാഠ്യപദ്ധതി രൂപരേഖയിലുള്ള വിമർശനാത്മക ബോധനശാസ്‌ത്രവും ജ്ഞാനനിർ മിതിവാദവും തന്നെയാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും ഉപയോഗിച്ചതെന്നു കാണാം.
ദേശീയ കരിക്കുലം പ്രമേയാധിഷ്‌ഠിതമായ (thematic) സങ്കേതങ്ങളാണ് പാഠ്യപദ്ധതി നിർമാണത്തിന് നിർദേശിച്ചത്. വിദ്യാർഥി, സാമൂഹ്യമായ വളർച്ചയുടെ ഭാഗമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നാണ് പ്രമേയങ്ങൾ രൂപപ്പെടുത്തേണ്ടതെന്ന സാമൂഹ്യ നിർമിതിവാദപരമായ നിലപാടാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂടിന് ഉപയോഗിച്ചത്. ദേശീയകരിക്കുലം നിർദേശിച്ച വിമർശനാത്മക ബോധനശാസ്‌ത്രത്തെ കൂടുതൽ ക്രിയാത്മകമായി രൂപപ്പെടുത്താൻ ഇതു സഹായിച്ചു. ഓരോ പ്രമേയത്തിന്റെയും ഉള്ളടക്കത്തോടൊപ്പം അതിനെ സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക പാഠങ്ങൾ (Local text) ഉൾപ്പെടുത്താനും ഇത് ഉപകരിച്ചു.
പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായി സുപ്രധാനമായ പല നിർദേശങ്ങളുമുണ്ടായി. എട്ടാം സ്റ്റാൻഡേർഡിനെ പ്രൈമറിതല പാഠ്യ പദ്ധതിയിൽ നിന്നുള്ള പരിവർത്തനഘട്ടമായി ഉപയോഗപ്പെടുത്തണമെന്ന് നിർദേശിക്കപ്പെട്ടു. വിദ്യാർഥികൾ പ്രദർശിപ്പിക്കുന്ന അഭിരുചികളുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ അവർക്ക് ചില വിഷയങ്ങളിൽ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് പോകാൻ അവസരം നൽകണമെന്നും നിർദേശിക്കപ്പെട്ടു. സെക്കണ്ടറിയും ഹയർസെക്കണ്ടറിയും ഒറ്റ ഘടനയുടെ ഭാഗമാക്കണമെന്നുള്ള നിർദേശവും ഉണ്ടായി.
പ്രോജക്ടുകൾ, അസൈൻമെന്റുകൾ തുടങ്ങിയവയിലൂടെയുള്ള പഠനരീതി പഠനത്തെ നിരന്തരമായ പ്രക്രിയയാക്കി. അത് വിദ്യാർഥികളുടെ മൊത്തം പ്രകടനത്തെ വൻതോതിലുയർത്തി.
കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് – 2007-സമീപനങ്ങൾ
കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക- രാഷ്ട്രീയ പ്രശ്‌നങ്ങളെ വിലയിരുത്തി, (കെ.സി.എഫ് - 2007). ഈ പ്രശ്‌നങ്ങളെ വിശകലനം ചെയ്ത് എട്ട് പ്രശ്‌നമേഖലകളിലായി ക്രോഡീകരിക്കുന്നു
1. വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.
2. അധ്വാനശേഷി വികാസത്തിന്റെ അഭാവം.
3. സാംസ്‌കാരികത്തനിമയെ കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെ കുറിച്ചുമുള്ള
ധാരണക്കുറവ്.
4. കൃഷി ഒരു സംസ്‌കാരമായി കാണാത്ത അവസ്ഥ.
5. ശാസ്ത്രീയമായ ആരോഗ്യ- പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം.
6. പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ലായ്മ.
7. ശാസ്ത്രീയമായ സ്ഥല- ജലമാനേജ്‌മെന്റിന്റെ അഭാവം.
8. പരിസ്ഥിതി സൗഹൃദപരമായ വ്യവസായവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും അഭാവം.
അവലംബം https://wiki.kssp.inകേരള ശാസ്ത്രസാഹിത്യ പരിഷത്ത്
No comments:
Post a Comment