ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Tuesday, 30 June 2020

വ്യത്യസ്ത ഇനം പാഠ്യപദ്ധതികൾ

     TYPES OF CURRICULUM
പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി( ACTIVITY ORIENTED CURRICULUM)

     പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി ജോണ് ഡ്യൂയിയുടെ വിദ്യാഭ്യാസ സിദ്ധാന്തങ്ങളുടെ സ്വാധീനത്തിൽ രൂപംകൊണ്ടതാണ് പ്രവർത്തനാധിഷ്ഠിതം അല്ലെങ്കിൽ അനുഭവപഠനം എന്ന് വിശേഷിപ്പിക്കുന്ന പാഠ്യപദ്ധതി.

പ്രധാനപ്പെട്ട പ്രമാണങ്ങൾ താഴെപ്പറയുന്നു

·       നേരിട്ടുള്ള അനുഭവമാണ് പഠനത്തിന് അടിസ്ഥാനം
·        അനുഭവങ്ങളില്‍ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ മാത്രമേ മാറ്റങ്ങൾക്ക് കാരണം ആകുന്നുള്ളൂ
·    യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ ആണ് അർഥപൂർണമായ പഠനം സാധ്യമാകുന്നത്
·        പ്രശ്നപരിഹാരത്തിന് പ്രാമുഖ്യം
·        കുട്ടികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പഠനപ്രവർത്തനങ്ങളുടെ പശ്ചാത്തലം ആയിരിക്കണം
·       വ്യക്തിപരമായ ലക്ഷ്യങ്ങളും ആവശ്യങ്ങളും പിന്തുടരാൻ അവസരം നൽകുമ്പോൾ മാത്രമേ പഠനം സജീവമാകുന്നു
·       തടസ്സങ്ങൾ മറികടക്കുകയും അതിനാവശ്യമായ പ്രശ്നപരിഹാരത്തില്‍ ഏർപ്പെടുകയും ചെയ്യുമ്പോഴാണ് മൂല്യവത്തായ പഠനം നടക്കുന്നത്
·        വിവിധ പ്രവർത്തനങ്ങളിലൂടെ വിജ്ഞാനവും ശേഷികളും ആർജ്ജിക്കാൻ കഴിയും
·        പ്രവർത്തനങ്ങളുടെ സ്വഭാവം അനുസരിച്ച് വ്യത്യസ്ത വിഷയങ്ങളിൽ വ്യതസ്ത ഉള്ളടക്കം ഉപയോഗിക്കാം
·       പഠനത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടായിക്കണം
·       ചുരുക്കം ചില വിദ്യാലയങ്ങളിൽ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കപ്പെട്ടത്. ഈ മാതൃകയിൽ ആശയങ്ങൾ മാത്രം വിഷയാധിഷ്ഠിത മാതൃകയുമായി സംയോജിപ്പിച്ചാണ് പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കിയിട്ടുള്ളത് മേൽപ്പറഞ്ഞ അടിസ്ഥാനപ്രമാണങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്ന പാഠ്യ പദ്ധതി പ്രയോഗത്തിൽ കൊണ്ടുവരിക എന്നത് അപ്രാപ്യമായ ഒരു കാര്യമാണ്.

 വിഷയാധിഷ്ഠിത പാഠ്യപദ്ധതി (Subject Centred Curriculum)

                                       സംഘാടനത്തിൽ ഏറ്റവും പ്രചാരമുള്ളത്. ഏറ്റവും പഴക്കമുള്ള മാതൃകയാണ് വിഷയാധിഷ്ഠിത പാഠ്യപദ്ധതി. പദ്ധതിയുടെ ലക്ഷ്യങ്ങൾ, ഉള്ളടക്കം, പഠനാനുഭവങ്ങൾ, വിനിമയ രീതികൾ,മൂല്യനിർണയ രീതികൾ എന്നിവ തിരഞ്ഞെടുക്കപ്പെട്ട ചില വിഷയങ്ങൾ അടിസ്ഥാനത്തിൽ സംവിധാനം ചെയ്യുക എന്നതാണ് ഇതിന് അടിസ്ഥാന സമീപനം പാഠ്യപദ്ധതി മാത്രമല്ല വിദ്യാഭ്യാസം എന്നത് തന്നെ ചില വിഷയങ്ങളിൽ പ്രാവീണ്യം നേടുകയാണ് എന്ന വീക്ഷണമാണ് വിഷയാധിഷ്ഠിത പാഠ്യപദ്ധതിക്ക് ഉള്ളത്.

പ്രധാന തത്ത്വങ്ങൾ

·       വിദ്യാഭ്യാസത്തിന്‍റെ പ്രധാനലക്ഷ്യങ്ങൾ, നേട്ടങ്ങൾ സഹായകരമായ പഠനാനുഭവങ്ങൾ എന്നിവ വിവിധ വിഷയങ്ങളിലുള്ള പ്രവീണ്യത്തിലൂടെയാണ് ലഭിക്കുന്നത്. പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്താനുള്ള അടിസ്ഥാന വിഷയങ്ങൾ, ചില പ്രത്യേക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നു.
·        നവവിജ്ഞാനം ആർജ്ജിക്കുവാനും സംഘാടനം ചെയ്യാനും ഏറ്റവും ഫലപ്രദവും യുക്തിസഹവുമായ രീതി വിഷയാധിഷ്ഠിതമായ സമീപനമാണ്
·        വിവിധ വിഷയങ്ങളിലൂടെ ലഭിക്കുന്ന വൈജ്ഞാനിക അടിത്തറ ആണ് വ്യക്തിയുടെ വിജയകരമായ ഭാവി ജീവിതത്തിന് ആവശ്യമായ ശേഷി കെട്ടിപ്പടുക്കാൻ ഏറ്റവും ആവശ്യമായത്.
·       ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ അടിത്തറ ഈ വിഷയങ്ങളിലൂടെ ലഭിക്കുന്നു.
·        തൊഴിൽപരമായ ശേഷികൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അടിസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
·         ഉന്നത വിദ്യാഭ്യാസത്തില്‍ ഏതുമേഖലയിലേക്കും തിരിയാൻ  പാകത്തില്‍ എലാ വിഷയത്തിലും ഉള്ള അടിസ്ഥാന വിവരം വിഷയാധിഷ്ഠിത പഠനത്തില്‍ നിന്നും ലഭിക്കുന്നു
·        അധ്യാപകർക്ക് വിഷയാധിഷ്ഠിതമായ പരിശീലനമാണ് ലഭിക്കുന്നത്എന്നതിനാല്‍  പാഠ്യപദ്ധതിയും അനുസൃതമായിരിക്കണം
·       വിഷയങ്ങളുടെ തിരഞ്ഞെടുപ്പാണ് ഇവിടെ ഏറ്റവും പ്രധാനം ഏതൊക്കെ വിഷയങ്ങൾ ഏതൊക്കെ തരത്തിൽ ഉൾപ്പെടുത്താം, എന്താണ് മാനദണ്ഡം, തുടങ്ങിയ കാര്യങ്ങൾ വിഷയാധിഷ്ഠിത പാഠ്യപദ്ധതിയിൽ പ്രാധാന്യമർഹിക്കുന്നു. ഭാഷാപഠനം ഭൗതികശാസ്ത്രം ജീവശാസ്ത്രം ചരിത്രം ഭൂമിശാസ്ത്രം പൗരധർമം ധനതത്വശാസ്ത്രം എന്നിവയാണ് വിഷയാധിഷ്ഠിത പാഠ്യപദ്ധതിയുടെ അടിത്തറ.കലാ- കായിക വിദ്യാഭ്യാസം എന്നിവ സഹ-വൈജ്ഞാനിക മേഖലകളായി ചില പാഠ്യപദ്ധതികള്‍ പരിഗണിക്കുന്നുണ്ട്.

  ഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതി:(Objective Based Curriculum )

          പാഠ്യ പദ്ധതി എന്ന സങ്കൽപ്പത്തിന് മൂർത്തവും പ്രായോഗികവുമായ രൂപം കൈവന്നത് ഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതികളുടെ ആവിർഭാവത്തോടുകൂടി ആണ്. ഒരു കോഴ്സിൽ പഠിക്കാനുള്ള വിഷയങ്ങളും അവയുടെ ഉള്ളടക്കവും പ്രസ്താവിക്കുക എന്നതിലുപരിയായി വ്യക്തമായ ലക്ഷ്യങ്ങളും അവ നേടാനുള്ള പഠന അനുഭവങ്ങളും പ്രയോഗ പദ്ധതികളുമായി ചിട്ടപ്പെടുത്തിയ ഒരു ചട്ടക്കൂട് എന്ന നിലയിൽ പാഠ്യപദ്ധതികൾ സംവിധാനം ചെയ്യപ്പെട്ട തുടങ്ങിയത് ഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതികളിൽ കൂടെയാണ്. വ്യക്തമായ ഒരു പ്രയോഗ പദ്ധതി യോടുകൂടി രൂപം കൊണ്ടത് കൊണ്ട് ഈ മാതൃക പാഠ്യപദ്ധതിയുടെ തന്നെ പര്യായമായി മാറി. വിദ്യാഭ്യാസത്തിൻറെ ലക്ഷ്യങ്ങൾ- ഉദ്ദേശങ്ങൾ, സമഗ്രവും സൂക്ഷ്മവുമായും പ്രസ്താവിക്കുകയും അവയ്ക്ക് അനുയോജ്യമായ പഠനാനുഭവങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതിയുടെ പ്രയോഗരീതി. വിഷയങ്ങളും മേഖലകളും മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നില്ല. അംഗീകൃതമായ ലക്ഷ്യവുമായി ബന്ധപ്പെടാത്ത ഉള്ളടക്കം ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു. ലക്ഷ്യത്തിലേക്ക് നയിക്കുന്ന പഠനാനുഭവങ്ങൾ വിഷയാധിഷ്ഠിതമായി ആസൂത്രണം ചെയ്യാൻ കഴിയും എന്നതാണ്  ഏറ്റവും പ്രധാന സവിശേഷത . വസ്തുനിഷ്ഠമായി സംവിധാനം ചെയ്യപ്പെട്ട ,കൃത്യമായി നിർവചിക്കപ്പെട്ട ,രേഖപ്പെടുത്തപ്പെട്ട ഉദ്ദേശങ്ങള്‍ അടിസ്ഥാനമാക്കി ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്ന പ്രക്രിയയായി വിദ്യാഭ്യാസത്തെ മാറ്റിയെടുത്തു എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സംഭാവന

കാതൽ പാഠ്യപദ്ധതി :(Core Curriculum)

                 ആധുനിക സമൂഹത്തിൽ ജീവിക്കാൻ ആവശ്യമായ കഴിവുകൾ നൽകുക എന്നതാണ് പദ്ധതിയുടെ കേന്ദ്രആശയം. പാഠ്യപദ്ധതിയുടെ ഏകീകൃതമായ ഒരു കാമ്പ് അവതരിപ്പിക്കുകയും എല്ലാ വിഷയങ്ങളെയും അതുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന് അടിസ്ഥാനമായ ആശയം. പാഠ്യപദ്ധതി വ്യക്തിപരവും ജനാധിപത്യപരവുമായ മൂല്യങ്ങളുടെ വികസനത്തിന് ഉതകുന്നത് ആകണം എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ വ്യക്തിപരവും സാമൂഹികവുമായ ആവശ്യങ്ങൾ കേന്ദ്രമാക്കി പാഠ്യപദ്ധതി എന്ന ആശയം അവതരിക്കപ്പെട്ടു. ഒരു വ്യക്തിയെ സാമൂഹികജീവി ആക്കുവാന്‍ ഉതകുന്ന നൈപുണികള്‍ നേടി കൊടുക്കുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്നു. അതോടൊപ്പം തന്നെ ഐച്ഛീക പഠനത്തിനും ഉള്ള  നിരവധി അവസരങ്ങൾ കൂടി ഇത് അവതരിപ്പിക്കുന്നു. ഒരു പ്രത്യേക വിഷയത്തിനു ഉപരിയായി അതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന രീതിയാണിത്‌. മലയാള ഭാഷാ പഠനത്തോടൊപ്പം തന്നെ താരതമ്യ സാഹിത്യംഭാഷാശാസ്ത്രം നാടോടിവിജ്ഞാനീയം വ്യാകരണശാസ്ത്രം മറ്റ് പ്രാചീന മധ്യകാല ആധുനിക സാഹിത്യ പ്രസ്ഥാനങ്ങൾ എന്നിവ സംബന്ധിച്ച പഠനങ്ങൾ ഭാഷാപരമായ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് നിർദ്ദേശിക്കുന്നു. അതായത് ഒരു വിഷയം അതിനോടനുബന്ധമായ subject ആയിട്ടുള്ള വിഷയവും പഠിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഇവിടെ  രണ്ടോ അതിലധികമോ വിഷയങ്ങളുടെ പരസ്പരബന്ധം വിശദീകരിക്കുന്ന സാധ്യമാകുന്നു. മലയാളവും ഇംഗ്ലീഷും തമ്മിലുള്ള വ്യാകരണകാര്യങ്ങൾ ബന്ധിപ്പിച്ചുള്ള പഠനം ഉദാഹരണമാണ്. വിവിധ വിഷയങ്ങളുടെ സംയോജനം തന്നെയാണ് ഇവിടെ നടക്കുന്നത്. ഭാഷയിലെ വ്യവഹാരരൂപങ്ങൾ സംയോജിപ്പിച്ച്ള്ള ഭാഷാപഠനം ഉദാഹരണമാണ്.

സാമൂഹ്യ പ്രക്രിയാധിഷ്ടിത പാഠ്യപദ്ധതി: (Community Based Curriculum )

                       മനുഷ്യ ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ആയിരിക്കണം പാഠ്യപദ്ധതിയുടെഅടിസ്ഥാനം എന്ന വീക്ഷണത്തില്‍ നിന്നും ആവിര്‍ഭവിച്ച മാതൃകആണ്.
9  അടിസ്ഥാന മേഖലകളെ മുന്‍നിര്‍ത്തി ആണ് പാഠ്യപദ്ധതി രൂപം കൊണ്ടിട്ടുള്ളത്‌.

·       ജീവനും ആരോഗ്യവും സംരക്ഷിക്കുക
·       ജീവിത ഉപാധി നേടുക
·       ഗൃഹജീവിതംകെട്ടിപ്പെടുക്കുക
·       മതപരമായ ചോദനകള്‍പ്രകടിപ്പിക്കുക
·       സൌന്ദര്യപരമായ ചോദനകള്‍പ്രകടിപ്പിക്കുക
·       വിദ്യാഭ്യാസം നേടുക
·       സാമൂഹികവും പൌരധര്‍മ്മപരവുംആയ പ്രവര്‍ത്തനങ്ങളില്‍  സഹകരിക്കുക
·       വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുക
·       ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക
ഇപ്രകാരംവ്യക്തി,സമൂഹം,പരിസ്ഥിതി എന്നീ മൂന്ന്\ മേഖലകളിലെ മനുഷ്യപ്രവര്ത്തനങ്ങളുടെ വളര്‍ച്ചക്ക്സഹായകമായ സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്  പാഠ്യപദ്ധതി.

നിഗീർണ്ണ പാഠ്യപദ്ധതി : (Hidden Curriculum)

            സാധാരണയായി പാഠ്യപദ്ധതിയിൽ പ്രത്യക്ഷമായ ധാരാളം ലക്ഷ്യങ്ങൾ കാണും. അതിനപ്പുറത്തേക്ക് പാഠ്യപദ്ധതിയിൽ അപ്രത്യക്ഷമായി കിടക്കുന്ന ചില ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും. ഉദാഹരണമായി ഒരു കവിത പഠിപ്പിക്കുമ്പോൾ അതിൻറെ ഭാഷാപരമായ ഉള്ളടക്കപരിചയം ആസ്വാദനം തുടങ്ങിയവയ്ക്ക് ഉപരിയായി ആ കവിത വിനിമയം ചെയ്യുന്ന സന്ദേശം,  മാനുഷിക മൂല്യം തുടങ്ങിയ കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കേണ്ടതുണ്ട് .ഉദ്ദേശങ്ങൾ ഓരോ പാഠ്യ പദ്ധതിയിലും ഉണ്ടായിരിക്കും ഇങ്ങനെയുള്ള പാഠ്യപദ്ധതിയാണ്  നിഗീർണ്ണ പാഠ്യപദ്ധതി എന്ന് പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട ചില വൈജ്ഞാനികകാര്യങ്ങള്‍ എന്നതിലുപരിയായി ഒരു സാമൂഹികജീവി എന്ന നിലയിൽ ഒരു വ്യക്തിയെയും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.ഇത്തരം മൂല്യങ്ങള്‍ പാഠഭാഗങ്ങളില്‍ ഒളിഞ്ഞു കിടപ്പുണ്ടാവും. ഇത്തരത്തിലുള്ള ലക്ഷ്യങ്ങള്‍ പൊതുവെ ഉൾക്കൊള്ളിച്ചുള്ള പാഠ്യപദ്ധതിയാണ് നാം പൊതുവേ എന്ന്   നിഗീർണ്ണ പാഠ്യപദ്ധതി എന്ന്പറയുക















No comments:

Post a Comment