സംസ്കാരത്തെ നിർവചിക്കുക അത്രയെളുപ്പമല്ല. ഒരു വ്യക്തിയുടെ പെരുമാറ്റത്തെ വിലയിരുത്തിയാണ് നാം പൊതുവേ സംസ്കാരസമ്പന്നൻ, സംസ്കാരം ഇല്ലാത്തവൻ എന്ന് പറയുന്നത്. ഒരു രാഷ്ട്രത്തിൻറെ, സംസ്ഥാനത്തിന്റെ ,സംസ്കാരത്തെ വിലയിരുത്താൻ ആ രാജ്യത്തെ ഓരോ വ്യക്തിയുടെയും പെരുമാറ്റം വിശകലനവിധേയമാക്കുക അസാധ്യമാണ്. ജനകീയ പ്രസ്ഥാനങ്ങൾ, സിനിമ, നാടകം, പ്രാദേശിക കലകൾ ഇവയ്ക്കെല്ലാം ആധാരമായ സാഹിത്യസൃഷ്ടികൾ, സംഗീതം, ചിത്രം, ശില്പം തുടങ്ങിയ ഇതര കലകൾ, മതേതരത്വം, മതസഹിഷ്ണുത, ജനാധിപത്യബോധം, സമൂഹത്തിൽ സ്ത്രീകൾക്കുള്ള പദവിയും അവരുടെ അവസ്ഥയും, പത്രമാധ്യമങ്ങൾ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ മുതലായ കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഒരു ജനതയുടെ ഒരു പ്രാദേശിക സമൂഹത്തിന്റെ അല്ലെങ്കില്‍ ഒരു രാഷ്ട്രത്തിന്റെ സംസ്കാരത്തെ നാം വിലയിരുത്തുന്നത്.
സംസ്കാരം എന്നത് ഒറ്റവാക്കിൽ നിർവചിക്കുക സാധ്യമല്ല. ഒരാൾ സംസ്കാരസമ്പന്നൻ ആണ് എന്ന് നാം പറയുമ്പോൾ അർത്ഥമാക്കുന്നത് അദ്ദേഹത്തിൻറെ പെരുമാറ്റവും സല്‍സ്വഭാവവുമാണ്. എന്നാല്‍ ഇത് സംസ്കാരത്തിന്റെ ഒരു അംശം മാത്രമേ ആകുന്നുള്ളൂ. അദ്ദേഹത്തിൻറെ ഹൃദയവിശുദ്ധി,സൗന്ദര്യബോധം,സാമൂഹികബോധം,മറ്റുള്ളവരുമായി ഇടപെടുമ്പോൾ ഉള്ള വ്യവഹാരരീതികള്‍, ജീവിതശൈലി ഇവ എല്ലാം സംസ്കാരത്തിന്റെ ഘടകങ്ങളാണ്. സമൂഹത്തിലെ ഒരു അംഗമെന്ന നിലയിൽ അറിവുകൾ, വിശ്വാസം, കല, ആചാരഅനുഷ്ഠാനങ്ങള്‍,
സദാചാരനിയമങ്ങൾ എന്നിവയെല്ലാം സംസ്കാരത്തില്‍ ഉൾപ്പെടുന്നു. വ്യക്തിപരവും സാമൂഹികവുമായ മുഴുവൻ സവിശേഷതകളും സംസ്കാരത്തിൻറെ ഭാഗമാണ്. സംസ്ക്കാരത്തെ സംരക്ഷിച്ചു നിർത്തുക, അടുത്ത തലമുറയിലേക്ക് അതിൻറെ നല്ല അംശങ്ങളെ കൈമാറ്റം ചെയ്യുക ഇവ വിദ്യാഭ്യാസത്തിൻറെ ധർമ്മമാണ്. സമ്പന്നവും വൈവിധ്യം പുലർത്തുന്നതുമായ സാംസ്കാരിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നു എന്ന് പറയുന്നതിന്റെ പൊരുള്‍ ഇതാണ്. മനുഷ്യൻറെ സാംസ്കാരിക ജീവിതം അവൻറെ സൗന്ദര്യാവബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. സുന്ദരകലകൾ സംസ്കാരത്തിൽ നിന്ന് ജനിക്കുന്നതും സംസ്കാരത്തെ ജനിപ്പിക്കുന്നതും ആണ്. മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരവും ഹൃദ്യവും ആനന്ദദായകരവും ആയത് അവന്‍ നിര്‍മ്മിച്ചിട്ട് ഉള്ള സൗന്ദര്യസൃഷ്ടികള്‍ ആണ്.ആ സൃഷ്ടിക്ക് അവനെ ഏറ്റവുമധികം സഹായിച്ചിട്ടുള്ളത് ഭാഷതന്നെ. അതുകൊണ്ടാണ് ഒരു ജനതയുടെ സംസ്കാരം സാഹിത്യം ഉൾപ്പെട്ട കലാരൂപങ്ങളിൽ പ്രതിഫലിക്കുന്നതായി പറയുന്നത്. സൗന്ദര്യാത്മകമായ ഭാഷതന്നെയാണ് സാഹിത്യത്തിന് ആധാരം.സംസ്കാരസമ്പന്നമായ ഒരു ഹൃദയത്തിൽ മാത്രമേ ഉത്തമ സാഹിത്യം ജനിക്കുകയുള്ളൂ .ഉൽകൃഷ്ടമായ സാഹിത്യം ജനങ്ങളെ പ്രചോദിപ്പിക്കുകയും ഉത്തമ ജീവിതത്തിന് പ്രേരണ നൽകുകയും ചെയ്യുന്നു. കാലാതിവർത്തിയായ വിശ്വസാഹിത്യ കൃതികൾ ഒരു സംസ്കാരത്തെ പ്രസാരണം ചെയ്യുന്നു. ഈ കൃതികളിലൂടെ ഒരു ജനസമൂഹം ഒരു തലമുറയുടെ സംസ്കാരം അടുത്ത തലമുറയിലേക്ക് വിനിമയം ചെയ്യുകയാണ്. അതിനു ഉപകരിക്കുന്ന മുഖ്യമായ മാധ്യമം ഭാഷയാണ്..
No comments:
Post a Comment