ഭാഷ
ആശയവിനിമയത്തിനുള്ള ശബ്ദ അധിഷ്ഠിതമായ മാധ്യമമാണ് ഭാഷ. ഇത് മനുഷ്യൻറെ ഏറ്റവും വലിയ സിദ്ധിയാണ്. നമ്മുടെ ആശയങ്ങളും വികാരങ്ങളും സമർത്ഥമായി അന്യരെ അറിയിക്കാനും അവരുടെ അന്തർഗതം നമുക്ക് ഉൾക്കൊള്ളാനും ഭാഷ കൂടിയേ തീരൂ.അന്തർഗതം മറ്റുള്ളവരെ ധരിപ്പിക്കുന്നതിന് വേണ്ടി പ്രകടിപ്പിക്കാനും അവരുടെ അന്തർഗതം ഏതെങ്കിലും ഒരു ജനസമൂഹത്തിന്റെ സങ്കേതം അനുസരിച്ച് സ്വയം ഗ്രഹിക്കാനും സഹായകമായ വര്‍ണ്ണ ആത്മകമായ ശബ്ദസഞ്ചയമാണ് ഭാഷ. നമ്മുടെ അനുഭവങ്ങളെ സമാഹരിക്കുവാനും പരിശോധിക്കുവാനും അനുസരിക്കുവാനും ക്രമപ്പെടുത്തി വർഗീകരിക്കാനും പ്രകടിപ്പിക്കുവാനും ഉപകരിക്കുന്ന ശബ്ദരൂപമായ സാങ്കേതികസംഹിതയാണ് ഭാഷ.
ആശയസംവേദനത്തിന് പ്രയോജനപ്പെടുന്ന അർഥപൂർണമായ ശബ്ദസംഹിതയാണ് ഭാഷ.
ബോധനത്തിൽ മാതൃഭാഷയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് വിദ്യാഭ്യാസ ചിന്തകർ എല്ലാം എടുത്തുപറഞ്ഞിട്ടുണ്ട്. ഇതിൻറെ പ്രാധാന്യവും മാഹാത്മ്യവും മഹാകവി വള്ളത്തോൾ സാഹിത്യമഞ്ജരി യിൽ വ്യക്തമാക്കിയിട്ടുണ്ട് എത്ര വിദേശഭാഷാഭിജ്ഞന്‍ ആയാലും ഹൃദയവികാരങ്ങൾ വെളിപ്പെടുത്താൻ മാതൃഭാഷ മാത്രമേ അര്‍ത്ഥപൂര്‍ണ്ണം ആയുള്ളൂ എന്നും ‘മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യന്നു പെറ്റമ്മ തൻ ഭാഷ താൻ’ എന്നും അദ്ദേഹം വിളംബരം ചെയ്യുന്നു.
ഒരാളുടെ മാതൃഭാഷ അയാളുടെ ജീവിതപരിസരവും ആയി ബന്ധപ്പെട്ടതാണ്. അയാളുടെ മനസ്സിൽ നിന്നും രൂപപ്പെട്ടുവരുന്ന വികാരവിചാരങ്ങളും ആശയങ്ങളും ഭാഷയിലൂടെയാണ് പുറത്തേക്ക് വരുന്നത്. ഇവയെല്ലാം പൂർണമായ അർത്ഥത്തിൽ പ്രകടിപ്പിക്കാൻ കഴിയുന്നത് മാതൃഭാഷയിലൂടെ മാത്രമാണ്. ആശയവിനിമയത്തിൽ സ്വന്തമായി ചിന്തിച്ച് കാര്യങ്ങൾ വിലയിരുത്തുന്നതിനും ഭാഷ വേണം. ആംഗ്യങ്ങളിലൂടെയുള്ള ആശയവിനിമയം ഒരു പരിധിവരെ സാധ്യമാണെങ്കിലും അവയുടെ അർത്ഥത്തിലും പ്രയോഗത്തിലും പരിമിതിയുണ്ട്.
ഭാഷയും ചിന്തയും
മനുഷ്യനു ചിന്തിക്കുവാൻ ഭാഷാസഹായം അനിവാര്യമായി കരുതിപ്പോരുന്നു. എന്നാൽ ഭാഷയിൽ കൂടിയല്ലാതെ ചിന്തയില്ല എന്ന സിദ്ധാന്തം പൂർണമായി ശരിയല്ല. ഭാഷ വശമുള്ള വ്യക്തിയുടെ ചിന്തയില്‍ പൂർണമായ രൂപത്തിൽ അല്ലെങ്കിലും ഭാഷയുടെ സജീവ വ്യാപാരം ഉണ്ട് എന്നത് നിസ്തർക്കമാണ്. അനുഭവങ്ങൾ, വൈകാരിക അനുഭൂതി ചോർന്നുപോകാതെ പ്രകടിപ്പിക്കാൻ വാ ചികം ആയാലും ലിഖിതം ആയാലും, പരിശീലിച്ചു വരുന്ന ഭാഷയാണ് മനുഷ്യർക്ക് പ്രയോജനപ്പെടുന്നത്. വിദേശഭാഷയില്‍ ആയാല്‍ ഹൃദയസംവേദനം സാധ്യമാവില്ല. ഹൃദയത്തിൻറെ ഭാഷ എന്നും ഹൃദ്യമായ ഭാഷ എന്നും വിവക്ഷിക്കുന്നത് മാതൃഭാഷയെ തന്നെ ആണ്. വസ്തുക്കളുടെയും വസ്തുതകളുടെയും പ്രത്യക്ഷ അനുഭവം നടക്കുന്നത് മാതൃഭാഷയില്‍ ആണ്.ഭാവനാശക്തി വളരാനും കലാസൃഷ്ടികൾ ആസ്വദിക്കുവാനും സർഗാത്മ വിശേഷങ്ങൾ വളരാനും ഏറ്റവുമധികം സഹായകമായത് മാതൃഭാഷയാണ്.
കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വികാസം പ്രാപിക്കുന്നത് മാതൃഭാഷയിലൂടെയാണ്. സുന്ദരവും വികാരപൂർണ്ണവുമായ അനുഭൂതികളുടെ ആവിഷ്കാരമാണ് സാഹിത്യത്തിലൂടെ നിർവഹിക്കപ്പെടുന്നത്.അനുഭവങ്ങൾ ആകർഷകമായും ചൈതന്യവത്തായ പ്രകടിപ്പിക്കുബോള്‍ മാത്രമേ മറ്റുള്ളവരുമായി സംവദിക്കുവാനും അവരിൽ അതുവഴി സ്വാധീനം ചെലുത്തുവാനും കഴിയുകയുള്ളൂ. സ്വന്തം ഹൃദയഅനുഭൂതികൾ തെളിമയോടെ അവതരിപ്പിക്കുന്നതിന് ശക്തമായ ഭാഷാസ്വാധീനം കൂടിയേ കഴിയൂ. കുട്ടികളുടെ നൈസർഗ്ഗികമായ കഴിവുകൾ കണ്ടെത്തി പോഷിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരങ്ങൾ നൽകേണ്ടത് വിദ്യാഭ്യാസത്തിൻറെ, ഭാഷാപഠനത്തിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു
No comments:
Post a Comment