മതം, ജാതി, സാമൂഹ്യപദവി തുടങ്ങിയവയാൽ നിർണയിക്കപ്പെട്ട വിദ്യാഭ്യാസമാണ് നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്. മിഷനറിമാരും വൈദേശിക ഭരണാധികാരികളും കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസം ഈ അടിത്തറക്ക് മാറ്റം വരുത്തി. ഭാഷ, പ്രകൃതിശാസ്ത്രം, ഗണിതം തുടങ്ങിയവ മുഖ്യവിഷയങ്ങളായി. പാഠപുസ്‌തകത്തിൽ അധിഷ്‌ഠിതവും അധ്യാപകനെ കേന്ദ്രീകരിച്ചുള്ളതും പരീക്ഷയ്‌ക്ക് പ്രാധാന്യമുള്ളതുമായ ആധുനിക സ്‌കൂൾ വിദ്യാഭ്യാസരീതി പശ്ചാത്യരുടെ സംഭാവനയായിരുന്നു.
സമാന്തരമായി, പൂർവകാലത്തു തന്നെ എല്ലാവരെയും സ്‌കൂളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും കേരളത്തിൽ ശക്തമായിരുന്നു. സ്‌കൂളുകൾ നാട്ടിലെങ്ങും സ്ഥാപിക്കാൻ ഭരണാധികാരികളും സാമുദായിക സംഘടനകളും വ്യക്തികളും ശ്രമിച്ചതും ഗ്രാന്റ് ഇൻ എയിഡ് സമ്പ്രദായം നേരത്തെ നിലവിൽ വന്നതും ഇതിനു സഹായകമായി. ജാതിവിവേചനത്തിന്റെയും ആഢ്യത്തത്തിന്റെയും മതിലുകൾ തകർത്ത് ജാതിമതലിംഗഭേദമന്യേ എല്ലാവർക്കും സ്‌കൂളിന്റെ വാതിലുകൾ തുറന്നുകിട്ടാൻ നിരവധി സമരങ്ങൾ ഇവിടെ നടന്നു. നവോത്ഥാന ചിന്തകളിലൂടെയും ദേശീയ പ്രസ്ഥാനത്തിലൂടെയും രൂപപ്പെട്ട പുതിയ കേരളം ജനകീയ സർക്കാരുകളുടെയും അതത് പ്രദേശത്തെ ജന ങ്ങളുടെയും കൂട്ടായ്‌മയിൽ വിദ്യാഭ്യാസത്തെ സാർവത്രികമാക്കുന്നതിൽ വിജയം നേടി.
വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും രീതിശാസ്‌ത്രവും നവീകരിക്കാനായിരുന്നു സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷനും എൻ.സി.ഇ.ആർ.ടിയും സ്ഥാപിതമായത്. 1958, 1964, 1971, 1984 വർഷങ്ങളിൽ പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ബാഹ്യമായ ചില മിനുക്കലുകൾ മാത്രമായി ചുരുങ്ങി.
1994-95ൽ ആരംഭിച്ച MLL (മിനിമം ലെവൽ ഓഫ് ലേർണിങ്ങ്) പദ്ധതി വലിയ തോതിലുള്ള പ്രതീക്ഷകൾ തുടക്കത്തിൽ നൽകിയിരുന്നു. എന്നാൽ യാന്ത്രികമായ പഠനം, രേഖീയരീതിയിലുള്ള ശേഷീ വികസനം, വലിപ്പം കൂടിയ പാഠപുസ്തകങ്ങൾ, ശ്രമകരമായ പരീക്ഷ എന്നിവ അതിന്റെ പോരായ്‌മകളായിരുന്നു.
ഗുണകരമായ ഒരു മാറ്റത്തിനുള്ള ആഗ്രഹം വിദ്യാഭ്യാസപ്രവർത്തകർക്കിടയിൽ ശക്തിപ്പെട്ടുവന്ന ഈയൊരു പശ്ചാത്തലത്തിലാണ് ഡി.പി.ഇ.പിയിലെ ഗുണമേന്മ ഉയർത്തുന്നതിനുള്ള ധനവിഹിതം ഉപയോഗിച്ചുകൊണ്ട് കേരളത്തിന് ഇണങ്ങുന്ന ഒരു പാഠ്യപദ്ധതി യുണ്ടാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
1976-ൽ ഒരു ഭരണഘടനാ ഭേദഗതി വഴിയാണ് സംസ്ഥാന ലിസ്റ്റിൽ പെട്ട വിദ്യാഭ്യാസം സംയുക്ത ലിസ്റ്റിൽ (Concurrent list) ഉൾപ്പെടുത്തുന്നത്
1986-ൽ ഇന്ത്യൻ പാർലിമെന്റ് പാസാക്കിയതും 1992-ൽ ഭേദഗതി വരുത്തിയതുമായ ദേശീയ വിദ്യാഭ്യാസ നയമാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത്.
എലിമെന്ററി (1-8 വരെ ക്ലാസുകൾ) വിദ്യാഭ്യാസത്തെ ശിശുകേന്ദ്രിതവും പ്രവർത്തനാധിഷ്‌ഠിതവുമാക്കണo `ജയ-പരാജയങ്ങൾ' പ്രൈമറി ഘട്ടത്തിൽ പാടില്ലെന്നും മൂല്യനിർണയം നിരന്തരമായി നടക്കണമെന്നും ആ രേഖ പറഞ്ഞുവച്ചിരുന്നു..
1993-ൽ പുറത്തുവന്ന `ഭാരരഹിത പഠനം' (Learning without Burden) എന്ന പ്രൊഫ.യശ്‌പാലിന്റെ റിപ്പോർട്ടാകട്ടെ, അധ്യാപകർക്ക് കൂടുതൽ പ്രചോദനവും ആത്മവിശ്വാസവും നൽകി.
1997-ൽ കേരളം ഏറ്റെടുത്ത പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ. കുട്ടികൾ ഒഴിഞ്ഞ പാത്രങ്ങളല്ലെന്നും, ഒട്ടേറെ അനുഭവങ്ങളുമായാണ് അവർ സ്കൂളിലെത്തുന്നതെന്നും, പുതിയ അനുഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി അറിവ് സൃഷ്‌ടിക്കാൻ കുട്ടിയെ സഹായിക്കുകയാണ് അധ്യാപകർ ചെയ്യേണ്ടതെന്നും അന്ന് തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തകം, അധ്യാപകസഹായി, അധ്യാപകപരിശീലനം, അധ്യാപകർക്കുള്ള തൽസ്ഥല സഹായം, ക്ലാസ്മുറിയിലെ സൗകര്യങ്ങൾ, വിദ്യാഭ്യാസ മാനേജ്മെന്റ്, മൂല്യ നിർണയം എന്നിവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടു. ഇതിനനുസൃതമായി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും ചെയ്‌തു.
1997-98ലെ പാഠ്യപദ്ധതിമാറ്റം
1 മുതൽ 4 വരെയുള്ള ക്ലാസ്സിൽ 1997-98ൽ വരുത്തിയ ഈ പാഠ്യ പദ്ധതിമാറ്റം അതുവരെയുള്ള പരിഷ്‌കരണരീതികളിൽ നിന്നും പലതു കൊണ്ടും ഭിന്നമായിരുന്നു.നിലവിലുള്ള പാഠ്യപദ്ധതിയുടെ പോരായ്‌മ കണ്ടെത്തൽ, ലക്ഷ്യവും സമീപനവും പുതുക്കി നിശ്ചയിക്കൽ, TB (ടെക്‌സ്റ്റ്‌ബുക്ക്), HB (ഹാന്റ്‌ബുക്ക്) എന്നിവയുടെ നിർമാണം, ട്രൈഔട്ട്, കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം, അധ്യാപക പരിശീലനം, ആസൂത്രിതമായ നിർവഹണം എന്നിങ്ങനെയുള്ള ശാസ്‌ത്രീയഘട്ടങ്ങളിലൂടെ അതു കടന്നുപോയി.വിശദമായ അധ്യാപകസഹായി നൽകിയും അധ്യാപകരെ സമഗ്രമായി പരിശീലിപ്പിച്ചും തൽസ്ഥല പിന്തുണ ലഭ്യമാക്കിയും പാഠ്യപദ്ധതി നിർവഹണം ഫലപ്രദമാക്കാൻ അന്ന് നടപടികളെടുത്തു.
· ജ്ഞാനനിർമിതി രീതിയിലേക്കുള്ള പരിവർത്തനമാണ് വിഭാവനം ചെയ്യപ്പെട്ടത്. ബഹുമുഖബുദ്ധി സിദ്ധാന്തം, ഉദ്ഗ്രഥിതസമീപനം എന്നിങ്ങനെയുള്ള നവീനമായ സമീപനങ്ങൾ ഇതോടെ പാഠ്യ പദ്ധതി സമീപനത്തിന്റെ ഭാഗമായി.
· ടീച്ചിങ്ങ് മാനുവൽ പരിഷ്കരണം, പരീക്ഷയെ തുടർച്ചയായതും സമഗ്രവുമാക്കി മാറ്റൽ തുടങ്ങിയവയും മുന്നോട്ടുവച്ചു.
· പാഠ്യപദ്ധതി പ്രവർത്തനം ശക്തിപ്പെടുത്താനായി സ്‌കൂൾ ഗ്രാന്റും ടീച്ചർ ഗ്രാന്റും ലഭ്യമാക്കി.
· കോർ എസ്.ആർ.ജി, എസ്.ആർ.ജി, ഡി.ആർ.ജി എന്നിങ്ങനെ അധ്യാപകപരിശീലനത്തിനുള്ള പുതിയ ഒരു ശൃംഖല തന്നെ വികസിപ്പിച്ചു.
സൈദ്ധാന്തികമായി നോക്കിയാൽ, വ്യവഹാരവാദത്തിൽ നിന്നും ജ്ഞാതൃവാദത്തിലേക്കുള്ള ഈ മാറ്റം ആഴത്തിലുള്ള ഒരു പരിവർത്തനമാണ് സാധ്യമാക്കിയത്. എന്നാൽ പിയാഷിയൻ ജ്ഞാതൃവാദത്തിന്റെ അമിതസ്വാധീനം നിമിത്തം കുട്ടിയുടെ പഠനത്തെ ഉദാത്തവൽക്കരിക്കാനും അധ്യാപകരുടെ ഇടപെടലിനെ ലഘൂകരിക്കാനുമുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ പാഠ്യപദ്ധതി മാറ്റത്തിന് നേതൃത്വം കൊടുത്തവരുടെ ഭാഗത്തുനിന്നും ഉണ്ടായി.അതേസമയം, പാഠ്യപദ്ധതി പരിഷ്‌കരണത്തെ വിലപ്പെട്ട ഒരു അവസരമായിക്കണ്ട് പഠിക്കാനും പ്രയോഗിക്കാനും തയ്യാറായി മുന്നോട്ടുവന്ന ഒരുസംഘം അധ്യാപകരുടെ ക്ലാസ്‌മുറികളിൽ ഇത് വമ്പിച്ച മുന്നേറ്റമുണ്ടാക്കി. സർഗാത്മകമായ അധ്യാപനത്തിന്റെ അനവധി മാതൃകകൾ അത്തരം ക്ലാസ്‌മുറികളിൽ ഉയർന്നുവന്നു.
· വർധിച്ച അളവിലുള്ള രചനാപ്രവർത്തനങ്ങൾ നടന്നു.
· പതിപ്പുകൾ, ആൽബങ്ങൾ, മാതൃകകൾ, ഗ്രാഫുകൾ, കൈയെഴുത്തു മാസികകൾ, പ്രോജക്ട് റിപ്പോർട്ടുകൾ എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങൾ ഉണ്ടായി.
· വായനമൂല, ദിനാചരണങ്ങൾ, സഹവാസക്യാമ്പുകൾ, പ്രകൃതി പഠനയാത്രകൾ എന്നിവ സജീവമായി.
· നിരീക്ഷണം, പരീക്ഷണം, പ്രോജക്ട്, അഭിമുഖം എന്നിങ്ങനെ വിവിധ പഠനതന്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടു.
· ഇതേത്തുടർന്ന് പല സ്‌കൂളുകളിലും ഒട്ടേറെ മികവുകൾ എടുത്തു കാട്ടാനുണ്ടായി. രക്ഷാകർത്തൃയോഗങ്ങളുടെയും അതിൽ പങ്കെടുക്കുന്നവരുടെയും എണ്ണം കൂടി. പല പഞ്ചായത്തുകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുവന്നു.
അവലംബം https://wiki.kssp.inകേരള ശാസ്ത്രസാഹിത്യ പരിഷത്ത്
No comments:
Post a Comment