ഡിജിറ്റൽ രൂപത്തിൽ വിവരങ്ങൾ സൂക്ഷിക്കുന്ന ഗ്രന്ഥശാലകളെയാണ് ഡിജിറ്റൽ ലൈബ്രറി എന്നു വിളിക്കുന്നത്. പരമ്പരാഗത ഗ്രന്ഥശാലകളെ അപേക്ഷിച്ച് ഡിജിറ്റൽ ലൈബ്രറികളിലെ വിവരങ്ങൾ കാലദേശഭേദമന്യേ ഒന്നിലധികം ആളുകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും. നമുക്കാവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നു, വിവരങ്ങൾ സൂക്ഷിക്കാൻ വളരെക്കുറച്ച് സ്ഥലം മതിയാകും, കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയും, കൂടുതൽ വ്യക്തതയോടെ പ്രമാണങ്ങളും ചിത്രങ്ങളും സൂക്ഷിക്കാൻ കഴിയും എന്നിവ ഡിജിറ്റൽ ലൈബ്രറികളുടെ പ്രധാന മേന്മകളാണ്. ഡിജിറ്റൽലൈബ്രറികൾ കടലാസുകളുടെ ഉപയോഗം വലിയതോതിൽ കുറക്കുന്നതിനാൽ അവയെ പ്രകൃതിസൗഹൃദമായി കണക്കാക്കാം. ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ലൈബ്രറി. കംപ്യൂട്ടറുകളിൽ സംഭരിക്കപ്പെടുന്ന വിവരം നെറ്റ് വർക്കുകൾവഴി ഉപഭോക്താവിനു ലഭിക്കുന്ന സംവിധാനമാണിത്. വിവരസാങ്കേതികവിദ്യാരംഗത്തെ അഭൂതപൂർവമായ നേട്ടങ്ങളുടെ ഫലമായാണ് ഡിജിറ്റൽ ലൈബ്രറി എന്ന സങ്കല്പം യാഥാർഥ്യമായിത്തീർന്നത്. വരും തലമുറയ്ക്കുവേണ്ടി വിവരങ്ങൾ അച്ചടിച്ചു സൂക്ഷിക്കുന്ന പഴയ സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി വിവിധ രീതിയിലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിൽ ശേഖരിച്ചു സൂക്ഷിക്കേണ്ട വിവരങ്ങൾ സഞ്ചയിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഇതിനായി സ്റ്റോറേജ് ഏരിയ നെറ്റ് വർക്ക് (SAN ), നെറ്റ് വർക്ക് സ്റ്റോറേജ് യൂണിറ്റുകൾ (NSU) തുടങ്ങിയ ഡേറ്റാ സംഭരണ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു. ഒട്ടേറെ വിവരങ്ങൾ ഇലക്ട്രോണിക് ശേഖര മാധ്യമങ്ങളിൽ സൂക്ഷിച്ച് സംഭരിക്കാനും ആവശ്യമുള്ളപ്പോൾ യഥോചിതം വളരെ വേഗം വിതരണം ചെയ്യാനും ഈ സംവിധാനം അത്യന്തം പ്രയോജനപ്രദമാണ്.ഏറ്റവും പുതിയ വിവരങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കാനുള്ള സൗകര്യം, അന്ധന്മാർക്ക് ആവശ്യമായ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഡോക്കുമെന്റുകൾ കംപ്യൂട്ടറൈസ്ഡ് സ്പീച്ച് സിന്തസൈസറുകളിലൂടെ സ്വചാലിത രീതിയിൽ വായിച്ചു കേൾപ്പിക്കാനുള്ള സംവിധാനം എന്നിവ ഡിജിറ്റൽ ലൈബ്രറികളുടെ ഗുണമേന്മകളായിപ്പറയാം. ഇന്റർനെറ്റ്, ഇൻട്രാനെറ്റ് സൗകര്യത്തിലൂടെ ആഗോള ലൈബ്രറി എന്ന സങ്കല്പത്തിന് രൂപംനൽകാനും ഡിജിറ്റൽ ലൈബ്രറികൾക്കു കഴിയും. പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും ഡിജിറ്റൽ ലൈബ്രറികൾ ഇടയാക്കിയിട്ടുണ്ട്. വെബ് പേജുകളിലെ പരസ്യങ്ങൾ ഇതിനുദാഹരണമായി പറയാം.ഡിജിറ്റൽ ലൈബ്രറികൾ നിയമപരവും സാമുദായികവും സാമ്പത്തികവുമായ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് പകർപ്പവകാശവുമായി ബന്ധപ്പെട്ടവയാണ്. ഒരു ഡിജിറ്റൽ ഡോക്കുമെന്റിന്റെ എത്ര പകർപ്പുകൾ വേണമെങ്കിലും വളരെ വേഗം തയ്യാറാക്കാമെന്നതിനാൽ ഒരേ ഡോക്കുമെന്റിനെ പലർക്കും ഒരേ സമയം തന്നെ വീക്ഷിക്കാൻ സാധിക്കുന്നു. സാധാരണ പുസ്തകങ്ങളുടെ രചയിതാവിന് നൽകുന്നതുപോലെ ഡിജിറ്റൽ ഡോക്കുമെന്റിന്റെ ഉടമയ്ക്കുള്ള റോയൽറ്റി നൽകാൻ ഉപകരിക്കുന്ന നിയമവ്യവസ്ഥകളൊന്നും തന്നെ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടില്ല. അതുപോലെ ഡിജിറ്റൽ ഡോക്കുമെന്റുകളെ വളരെ വേഗം എഡിറ്റു ചെയ്ത് മാറ്റാനാവുമെന്നതുകൊണ്ട് ഒരു ഡിജിറ്റൽ ഡോക്കുമെന്റിന്റെ സത്യാവസ്ഥവിലയിരുത്താനും പ്രയാസമാണ്.ലൈബ്രറിയിലെ ഡേറ്റാബേസിൽ ഡിജിറ്റൽ രീതിയിൽ വിവരം ശേഖരിക്കാനുള്ള വിഭവശേഷി ലഭ്യമാക്കുന്നതാണ് മറ്റൊരു പ്രശ്നം. മിക്ക ലൈബ്രറികൾക്കും ഇതിനാവശ്യമായ പണം കണ്ടെത്താനാവില്ല. ഭാഗികമായി ഡിജിറ്റൈസേഷൻ നടപ്പാക്കുന്നുവെങ്കിൽ ഡിജിറ്റൈസ് ചെയ്യപ്പെടാത്ത വിവരങ്ങൾ ഉപയോക്താകൾക്ക് ലഭിക്കാതെ വരുന്നു. ഇതിനൊരു പരിഹാരമായി പല പ്രമുഖ ആനുകാലിക പ്രസാധകരും സിഡി റോം/വെബ്സൈറ്റ് മാധ്യമങ്ങളിലൂടെയും തങ്ങളുടെ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കാൻ തുടങ്ങിയിട്ടുണ്ട്..
പുസ്തകരൂപത്തിലല്ലാത്ത ഡോക്കുമെന്റുകൾ, വിഡിയൊ, സംഭാഷണം, ഗ്രാഫിക്സ് മുതലായവ മൾട്ടിമീഡിയ അടിസ്ഥാനമാക്കി അനുയോജ്യമായി ക്രമീകരിച്ച്, ഡേറ്റാബേസ് രൂപീകരിക്കുന്നതിനുള്ള നവീന രീതികൾ പരീക്ഷിച്ചു വരുന്നുണ്ട്. സ്പീച്ച് റെക്കഗ്നിഷൻ പ്രക്രിയ വളരെ മെച്ചപ്പെട്ടതായാൽ മാത്രമേ സംഭാഷണ ഡേറ്റ വേഗം വീണ്ടെടുക്കാൻ കഴിയുകയുള്ളൂ. വിഡിയൊയിൽ ഒരു പ്രതിബിംബത്തെ മറ്റൊന്നുമായി താരതമ്യപ്പെടുത്തിയാണ് ക്രമീകരിക്കാറുള്ളത്. തന്മൂലം ഒരു നിശ്ചിത പ്രതിബിംബത്തെ ഇമേജ് സേർച്ചിങ്ങിലൂടെ കണ്ടെത്താൻ സങ്കീർണമായ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവരുന്നു.
Web based E library skills
No comments:
Post a Comment